ഇന്ത്യയിൽ വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ഓവർ-ദി-ടോപ്പ് അല്ലെങ്കിൽ OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കൺസൾട്ടേഷൻ പ്രക്രിയക്ക് തുടക്കമിട്ട് ടെലികോം റെഗുലേറ്റർ TRAI. OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുത്ത ആപ്പുകൾ നിരോധിക്കുന്നതിനെക്കുറിച്ചും കൂടിയാലോചനകൾ നടത്തും.
OTT കമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണ ചട്ടക്കൂട്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുനഃപരിശോധിക്കും. ഏതെങ്കിലുമൊരു പ്രശ്നത്തിൽ മുഴുവൻ ഇന്റർനെറ്റും ഷട്ട് ഡൗൺ ചെയ്യുന്നതിന് പകരമായി ഈ സേവനങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള കൂടിയാലോചനകൾ ആരംഭിക്കുകയാണ് TRAI. ഓഗസ്റ്റ് 4 നകം അഭിപ്രായങ്ങൾ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുളളത്.
ടെലികമ്മ്യൂണിക്കേഷനോ ഇന്റർനെറ്റോ അടച്ചുപൂട്ടുന്നത് “ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് ട്രായ് പറഞ്ഞു. സേവനങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ചും ഒടിടി സേവനങ്ങളുടെ സെലക്ടീവ് നിരോധനത്തെ കുറിച്ചും നിർദ്ദേശങ്ങൾ അയയ്ക്കാൻ ട്രായ് ബന്ധപ്പെട്ട പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സേവനങ്ങൾ നിയന്ത്രിക്കുക എന്നത് ടെലികോം ഓപ്പറേറ്റർമാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ടെലികോം ഓപ്പറേറ്റർമാർ വർഷങ്ങളായി ‘ഒരേ സേവനത്തിന് ഒരേ നിയമം’ വേണമെന്ന് വാദിക്കുകയാണ്.
ടെലികോം ഓപ്പറേറ്റർമാരും വാട്ട്സ്ആപ്പ് പോലുള്ള ഒടിടി സേവനങ്ങളും സമാന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് നിലവിൽ ഒരേ നിയമം ബാധകമല്ല.
ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യത്തെ നിർദ്ദിഷ്ട പ്രദേശങ്ങളിലെ നിർദ്ദിഷ്ട OTT സേവനങ്ങളും വെബ്സൈറ്റുകളും തിരഞ്ഞെടുത്ത് നിരോധിക്കുന്നതിൽ പങ്കാളികളുടെ സാങ്കേതിക വെല്ലുവിളികൾ, കൂടാതെ, ഏത് തരത്തിലുളള OTT സേവനങ്ങളാണ് സെലക്ടീവ് നിരോധനത്തിന് കീഴിൽ ഉൾപ്പെടുത്തേണ്ടത്, അത്തരം ഒരു നിയന്ത്രണ ചട്ടക്കൂടിനുള്ള വ്യവസ്ഥകളും സംവിധാനവും ഉണ്ടോയെന്നതടക്കമുളള കാര്യങ്ങൾ ചർച്ചവിധേയമാക്കും. OTT സേവനങ്ങൾ, OTT കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവ നിർവചിക്കാനും രണ്ട് വിഭാഗങ്ങളിലെയും തരംതിരിവ് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ടെലികോം സേവനങ്ങളുടെ താൽക്കാലിക നിരോധന (പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സേഫ്റ്റി) റൂൾസ്, 2017 അല്ലെങ്കിൽ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമം അനുസരിച്ച് OTT സേവനങ്ങൾ തിരഞ്ഞെടുത്ത് നിരോധിക്കുന്നതിനുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും ടെലികോം റെഗുലേറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. OTT കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളും ലൈസൻസുള്ള ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളും തമ്മിൽ ഒരു സഹകരണ ചട്ടക്കൂടിന്റെ ആവശ്യമുണ്ടോയെന്നും റെഗുലേറ്റർ കൺൾട്ടേഷൻ പേപ്പറിൽ ചോദിച്ചിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കും സേവന നവീകരണത്തിനുമായി ഒരു മത്സരാധിഷ്ഠിത ലാൻഡ്സ്കേപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് OTT കമ്മ്യൂണിക്കേഷൻ സേവനങ്ങളെ ഏതെങ്കിലും ലൈസൻസിംഗ് അല്ലെങ്കിൽ റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒടിടി സേവനങ്ങൾ രാജ്യത്ത് വൻ വളർച്ച കൈവരിച്ചതിനാൽ മുൻ ശുപാർശകൾ പുനഃപരിശോധിക്കാൻ ടെലികോം വകുപ്പ് ട്രായിക്ക് കത്തയച്ചിരുന്നു. ഒടിടി നിയന്ത്രിക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണിത്. സമഗ്രമായ ഒരു പുനരവലോകനം ആവശ്യമാണ്. 2020-ന് മുമ്പായി OTT-കൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ട്രായ് ആദ്യം കൺസൾട്ടേഷന് ശ്രമിച്ചിരുന്നു, അന്ന് നിയന്ത്രണത്തിലേക്ക് കടക്കാനുള്ള സമയമായിട്ടില്ലെന്നായിരുന്നു തീരുമാനം.