ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാൻ NTPC ഒരുങ്ങുന്നു. അടുത്ത രണ്ടു മൂന്ന് മാസത്തിനുള്ളിൽ ലഡാക്കിൽ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങും. ഈ പ്രോജക്റ്റ് 99.97% ശുദ്ധമായ ഹൈഡ്രജൻ പ്രതിദിനം 80 കിലോഗ്രാം ഉൽപ്പാദിപ്പിക്കും. അത് കംപ്രസ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.
2022 ജൂണിൽ അമര രാജ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അമര രാജാ പവർ സിസ്റ്റംസിന് പദ്ധതിയുടെ കരാർ NTPC നൽകിയിരുന്നു. കമ്പനി പറയുന്നതനുസരിച്ച്, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണ പ്രക്രിയ ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിച്ച് ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കും. ഈ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ കാർബൺ കാൽപ്പാടുകൾ അവശേഷിപ്പിക്കില്ല.
മേഖലയിൽ അഞ്ച് ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസുകൾ ഓടിക്കാനും എൻടിപിസി പദ്ധതിയിടുന്നു, അവ അശോക് ലെയ്ലാൻഡാണ് നൽകുക. പദ്ധതിയുടെ പൂർത്തീകരണം ലേയിലും പരിസരങ്ങളിലും എമിഷൻ രഹിത ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. 2023 നവംബർ-ഡിസംബർ മാസത്തോടെ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പൂർത്തീകരണം പ്രഖ്യാപിത സമയത്തിന് മുമ്പായി നേടാനാണ് NTPC ലക്ഷ്യമിടുന്നത്. ലഡാക്കിലെ കേന്ദ്രഭരണപ്രദേശമായ ലേയിൽ സമുദ്രനിരപ്പിൽ നിന്ന് 3,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പദ്ധതി നേരത്തെ ഡിസംബറിൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
2070-ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം നേടാനുളള സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി പുരോഗമിക്കുന്നത്. ദേശീയ ഹൈഡ്രജൻ എനർജി മിഷന്റെ ഭാഗമായ ഇത് വൻതോതിലുള്ള ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി, സ്റ്റോറേജ് പ്രോജക്ടുകളുടെ ഒരു മുന്നോടിയാണ്. കൂടാതെ രാജ്യത്തുടനീളമായി ഒന്നിലധികം ഇന്ധന സ്റ്റേഷനുകൾ വിന്യസിക്കുന്നതിനും നിർമിക്കുന്നതിനും ഇത് ഉപയോഗപ്രദമാകും. ഇതോടെ ഗ്രീൻ മൊബിലിറ്റി സ്പെയ്സിൽ മുന്നിട്ട് നിൽക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.