ഒരു അൻപത് വർഷം കൊണ്ട് ഇന്ത്യയിലെ റയിൽവേയ്ക്കും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും ഏതൊക്കെ വികാസങ്ങളും, മാറ്റങ്ങളുമുണ്ടാകുമോ അതൊക്കെ ഇതാ നടപ്പിലാക്കാൻ പോകുകയാണ് ഗോരഖ്‌പൂരിൽ. രാമജന്മഭൂമിയായ അയോധ്യയിൽ ഉയരുന്ന രാമ ക്ഷേത്രം യാഥാർഥ്യമാകുന്നതോടെ നടപ്പാക്കുന്ന ടൂറിസം- തീർത്ഥാടന വികസനം മുന്നിൽ കണ്ടു വമ്പൻ വികസന പദ്ധതികളാവിഷ്കരിക്കുകയാണ് ഗോരഖ്‌പൂർ നഗരം.
ഇന്ത്യയിൽ ലോകോത്തര സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷനായി അണിഞ്ഞൊരുങ്ങാൻ പോകുകയാണ് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ. പുനർവികസന പദ്ധതിക്ക് ഏകദേശം 498 കോടി രൂപയാണ് ചെലവ്. സ്റ്റേഷനെ അടുത്ത 50 വർഷത്തെ വികസനം മുന്നിൽ കണ്ടു ലോകോത്തര സൗകര്യമുള്ള ഇടമാക്കി മാറ്റുകയാണ് പുനർവികസനത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതോടെ സാംസ്‌കാരിക പൈതൃകം പേറുന്ന ഗോരഖ്‌പൂറിന്റെ മുഖം തന്നെ മാറും.
നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനായ ഗൊരഖ്പൂർ-ലക്‌നൗ, ജോധ്പൂർ-അഹമ്മദാബാദ് (സബർമതി) വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ആധുനിക സ്റ്റേഷനിൽ വികസനങ്ങൾ ഏറെ
പ്രതിദിനം ഏകദേശം 93,000 യാത്രക്കാർ സഞ്ചരിക്കുന്ന ഗോരഖ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഭാവിയിൽ 168,000 യാത്രക്കാർ പ്രതിദിനം കടന്നുപോകുമെന്ന് കണക്കാക്കുന്നു. സ്‌റ്റേഷന്റെ വികസന പദ്ധതികൾ അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു,
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റൂഫ്‌ടോപ്പ് പ്ലാസ, ഭക്ഷണശാല, വെയ്റ്റിംഗ് റൂം, എടിഎം, സ്‌റ്റേഷനിൽ കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും പുനർവികസന പദ്ധതിയിൽ ഒരുക്കും. ആധുനിക ഗ്രീൻ ബിൽഡിംഗ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന ആശയം അനുസരിച്ചാണ് ഇത് നിർമ്മിക്കുക. ഖരമാലിന്യ സംസ്‌കരണവും ഇതിൽ ക്രമീകരിക്കും.
ഗോരഖ്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതി ഒരു നഗര കേന്ദ്രമായി സ്റ്റേഷനെ വികസിപ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടൊപ്പം, പ്രാദേശിക പൈതൃക ചിഹ്നങ്ങളുടെ പ്രതിനിധി കൂടിയാകും സ്റ്റേഷൻ. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെയും, ഇവിടെ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ പുസ്‌തക പബ്ലിഷിംഗ് സ്ഥാപനം ഗീതാ പ്രസ്സിന്റെയും ദൃശ്യങ്ങൾ ആലേഖനം ചെയ്യും.
നവീകരിച്ച ഗോരഖ്പൂർ റെയിൽവേ സ്‌റ്റേഷന്റെ ആകർഷണമാകുക പ്ലാറ്റ്‌ഫോമുകൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന റൂഫ് പ്ലാസയാണ്. സന്ദർശകർ മുകളിൽ മാളിൽ ചില്ലറ വിൽപ്പനയും പാചക അനുഭവവും ആസ്വദിക്കുമ്പോൾ തീവണ്ടികൾക്ക് താഴെ സർവീസ് നടത്താൻ കഴിയും.
അസംഖ്യം ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഇവിടുണ്ടാകും. എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ആയാസരഹിതമായ പ്രവേശനം ഉറപ്പാക്കുന്നതിന്, എല്ലാ പ്രായത്തിലും കഴിവിലുമുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആധുനിക എസ്‌കലേറ്ററുകൾ സ്റ്റേഷനിൽ സജ്ജീകരിക്കും.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി, വടക്കൻ ഗേറ്റിൽ നിന്ന് ഒമ്പത്, എട്ട്, ഏഴ് പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ഒരു മേൽപ്പാലം നിർമ്മിക്കും.
വന്ദേ ഭാരത് അയോദ്ധ്യ വഴി
ഗോരഖ്പൂർ-ലക്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് അയോധ്യയിലൂടെ കടന്നുപോകും. ഇത് പുണ്യ നഗരങ്ങൾ തമ്മിലുള്ള റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ഉത്തർപ്രദേശിലെ ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ഉത്തർപ്രദേശിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങൾ – രാമജന്മഭൂമി, ഗോരഖ്നാഥ് എന്നിവയെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഒരു തീർത്ഥാടന പാതയായി മാറുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ സാംസ്കാരിക, വ്യാവസായിക, സാമ്പത്തിക വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ഈ ട്രെയിൻ സർവീസ് സഹായകമാകും.
ഗോരഖ്പൂരിനും ലഖ്‌നൗവിനും ഇടയിൽ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇത് ഏകദേശം രണ്ട് മണിക്കൂർ യാത്രാ സമയം ലാഭിക്കും. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിനിൽ കാറ്ററിംഗ്, സുഖപ്രദമായ 360 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകൾ, ടച്ച് ഫ്രീ ടോയ്‌ലറ്റ് സൗകര്യം, സെൻസർ ഡോറുകൾ, വൈ-ഫൈ, പ്രത്യേക വിശ്രമമുറികൾ, ബ്രെയിൽ ലിപിയിൽ സീറ്റ് നമ്പർ അടയാളപ്പെടുത്തൽ എന്നിവയുണ്ട്.