ഇക്കഴിഞ്ഞ ഏപ്രിലിൽ ബംഗളുരു നഗരത്തിൽ തക്കാളിയുടെ വില കിലോക്ക് 5 രൂപ മുതലായിരുന്നു. മുന്തിയ ഇനം തക്കാളിയുടെ വില കിലോക്ക് 15 രൂപയും. കർണാടകത്തിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ തക്കാളി ചൂട് കൂടിയ കാലാവസ്ഥ കാരണം നശിച്ചു തുടങ്ങുന്ന അവസ്ഥയായിരുന്നു. ഡിമാൻഡ് തീരെ കുറഞ്ഞ അന്ന് കിട്ടുന്ന വിലക്ക് കർഷകർ തങ്ങളുടെ തക്കാളി വിൽക്കുകയായിരുന്നു.
എന്നാൽ ഇന്നോ കർഷകർ കർണാടകയിൽ തക്കാളിപ്പടങ്ങൾക്കു കാവൽ നിൽക്കുന്ന അവസ്ഥയിലാണ് . ഹിമാചൽ പ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം രാജ്യത്തെങ്ങും തക്കാളി വില കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയരുകയാണ്. ബെംഗളൂരുവിൽ തക്കാളി കിലോയ്ക്ക് 101 രൂപ മുതൽ 121 രൂപ വരെയാണ് വില.ചെന്നൈയിലെ തക്കാളി വില കിലോക്ക് 100 രൂപ മുതൽ. ഉത്തരേന്ത്യയിൽ തക്കാളി വില 250 രൂപ കടന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളത്തിലാകട്ടെ 100- 150 റേഞ്ചിലാണ് തക്കാളിക്ക് കിലോയ്ക്ക് വില. ബംഗളൂരുവിലും ചെന്നൈയിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില ഉയർന്നത് മൂലം വിള നശിച്ചതാണ് ബംഗളുരു ചെന്നൈ വിപണിയിൽ തക്കാളി വില കുതിച്ചുയരാൻ കാരണമായത്. ഇവിടൊക്കെ വില ഉയർന്നത് കാരണം കേരളത്തിലും മാർക്കറ്റിൽ വില കയറി.
ഇതോടെ വിലക്കയറ്റം പിടിച്ചു നിർത്താൻ നാഫെഡും എൻസിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. വിലക്കയറ്റം ഉണ്ടായിടത്തെല്ലാം ന്യായ വിലക്ക് തക്കാളി വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ഹിമാചലിലെ മഴയും വെള്ളപ്പൊക്കവും വില കയറ്റി
നിലവിൽ തക്കാളിക്ക് വിപണിയിൽ വില കുതിച്ച് നിൽക്കെ രാജ്യത്തുടനീളമുള്ള തക്കാളി വിതരണത്തിൻറെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്ന ഹിമാചലിൽ മഴ കനക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. ഹിമാചൽ പ്രദേശിൽ കൃഷി ചെയ്യുന്ന തക്കാളി സോളൻ വഴിയാണ് ദക്ഷിണേന്ത്യയിലേക്കു വരെ എത്തുന്നത്. ഹിമാചൽ പ്രദേശിൽ മഴയും വെള്ളപ്പൊക്കവും കനക്കുന്ന സാഹചര്യത്തിൽ തക്കാളി, മാർക്കറ്റുകളിൽ എത്തിക്കാൻ സാധിക്കാത്തത് വില ഇനിയും ഉയരാൻ കാരണമായേക്കാം. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ സംഭവിച്ച കൃഷിനാശവും ഏറെയാണ്.
ഹിമാചൽ പ്രദേശിൽ മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. തക്കാളിക്ക് വില ഉയർന്നത് കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഗുണം ചെയ്തെങ്കിലും മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വിള നശിക്കുന്നത് അവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
മഴയ്ക്ക് പുറമെ കൽക്കട്ട- ഷിംല എൻഎച്ച് 5 ൽ ഗതാഗതം നിലച്ചത് കാരണം ചെന്നൈ, പഞ്ചാബ്, രാജസ്ഥാൻ, ബെംഗളൂരു, ഹരിയാന എന്നിവിടങ്ങളിലെ പച്ചക്കറി മാർക്കറ്റിൽ നിന്നും വ്യാപാരികൾക്ക് സോളനിൽ എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഹിമാചലിൽ പോലും നിലവിൽ നല്ല വില ലഭിക്കുന്ന തക്കാളി മൊത്തക്കച്ചവട വിപണികളിലെത്തിക്കാൻ കർഷകർക്ക് കഴിയാത്തതാണ് ഏറെ പ്രയാസത്തിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവ് ലഭിച്ചതായി ഹിമാചലിലെ കർഷകർ അവകാശപ്പെടുന്നുണ്ടെങ്കിലും നിർത്താതെ തുടരുന്ന മഴയിൽ വിള നശിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വിലപിടിച്ച നിർത്താൻ കേന്ദ്രം
റെക്കോർഡുകൾ തീർത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. നാഫെഡും എൻസിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളിൽ നിന്ന് തക്കാളി സംഭവിച്ച് പ്രധാന വിപണന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിർത്താമെന്നാണ് കണക്കുകൂട്ടൽ.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (NCCF) എന്നിവയെയാണ് തക്കാളി സംഭരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയിൽ വലിയ തോതിൽ വിലക്കയറ്റമുണ്ടായ മേഖലകൾ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും ഇങ്ങനെ സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുക.
തക്കാളി ലക്ഷാധിപതികളാക്കിയ കർഷകർ
വിലകയറുന്നത് സാധാരണക്കാരന് തിരിച്ചടിയാണെങ്കിലും മറ്റൊരു തരത്തിൽ ഒരു വിഭാഗം കർഷകർക്ക് അനുഗ്രഹമാവുകയാണ്. ഹിമാചലിലെ തക്കാളി വരവ് നിന്നതോടെ അപ്രതീക്ഷിതമായി സംഭവിച്ച വിലകയറ്റത്തിൽ കർണാടകയിലെ കോലാറിൽ കർഷകർക്ക് കോളടിച്ചു. 2000 പെട്ടി തക്കാളി വിറ്റ് കോലാർ സ്വദേശികളായ കർഷക കുടുംബം നേടിയത് 38 ലക്ഷം രൂപയാണ്. 15 കിലോയുടെ ഒരു പെട്ടി 1900 രൂപയ്ക്കാണ് ഇവർ വിറ്റത്. 2 വർഷം മുമ്പ് 800 രൂപയ്ക്ക് ഒരു പെട്ടി വിറ്റിരുന്നിടത്താണ് ഈ വില ലഭിച്ചത് . മാസങ്ങൾക്ക് മുമ്പ് വിലയിടിവ് കാരണം തക്കാളി കൃഷി ഉപേക്ഷിക്കേണ്ട വക്കിലെത്തിയ തങ്ങൾക്ക് വിലയുയർന്നത് അപ്രതീക്ഷിത അനുഗ്രഹമായി മാറിയെന്ന് കർഷകർ പറയുന്നു.
കർണാടകയിലെ ചിന്താമണിയിൽ കഴിഞ്ഞ ദിവസം ഒരു പെട്ടി തക്കാളി 2200 രൂപയ്ക്ക് വിറ്റിരുന്നു,. മറ്റു മേഖലകളിൽ 1800നും 2200 നും ഇടയിലാണ് തക്കാളി വില.
വരവ് കുറവായതിനാലും ആവശ്യക്കാർ കൂടുതലായതിനാലും കർണാടകയിലെ ഒരു പെട്ടി തക്കാളിക്ക് 4000 രൂപ വരെ കർഷകർക്ക് ലഭിക്കുമെന്നും വ്യാപാരികൾ പറയുന്നു. ചെന്നൈയിൽ നിലവിൽ ഒരു കിലോ തക്കാളിയ്ക്ക് 100 മുതൽ 130 രൂപ വരെയാണ് വില. എന്നാൽ സാധാരണക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലെ റേഷൻ കടകളിൽ ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 60 രൂപ സബ്സിഡി നിരക്കിൽ തക്കാളി വിതരണം ചെയ്യുന്നുണ്ട്.
കർണാടകയിൽ തക്കാളി മോഷണം രൂക്ഷം
കർണാടകയിലിപ്പോൾ വിളവെടുപ്പിനായി മാത്രം പാടത്തെത്തിയിരുന്ന കർഷകർ തങ്ങളുടെ തക്കാളി കൃഷിക്ക് കാവലിരിക്കുന്ന അവസ്ഥയാണെങ്ങും. ഹാസൻ ജില്ലയിലെ രണ്ടേക്കർ കൃഷിയിടത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോയിരുന്നു. വിളവെടുക്കുന്ന താക്കളിൽ പെറ്റിയത്തിലാക്കി വിതരണകാരന് കൈമാറുന്നത് വരെ ഇപ്പോൾ കർഷകർക്ക് ഉറക്കമില്ലാത്ത അവസ്ഥ.
കഴിഞ്ഞ ദിവസം കർണാടകയിലെ ബെംഗളൂരുവിൽ 250 കിലോ തക്കാളിയുമായി സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് വാൻ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. തക്കാളി കയറ്റിക്കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാൻ ഡ്രൈവറേയും കൂടെയുണ്ടായിരുന്ന കർഷകനേയും ബലം പ്രയോഗിച്ച് തടഞ്ഞുനിർത്തിയ ശേഷം കാറിലെത്തിയ സംഘം വാഹനവുമായി കടന്നുകളയുകയായിരുന്നു.