ലോകത്തെ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയാകാനുള്ള ബുള്ളറ്റ് കുതിപ്പിലാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിയുന്നു. സേവനമേഖലയുടെ വളർച്ച, ജനസംഖ്യാ അനുപാതം എന്നിവ കാരണം ഇന്ത്യ 2075-ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്.
2023 നും 2047 നും ഇടയിൽ 845-880 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യക്ക് ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇതിനായി
അടിസ്ഥാന സൗകര്യ വികസന- സാമ്പത്തിക വളർച്ചാ മേഖലകളിൽ ചൈനീസ് മാതൃക പരീക്ഷിക്കുകയാണ് ഇന്ത്യ.
അതേസമയം ഇതൊന്നും കണ്ടു സന്തോഷിക്കേണ്ട സമയമായിട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണെങ്കിലും ബാഹ്യ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന നിഗമനമാണ് കാരണം.
ഇന്ത്യ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയാകും: Goldman Sachs
ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് Goldman Sachs.
സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം എന്നിവ കാരണം ഇന്ത്യ 2075-ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് Goldman Sachs പറയുന്നു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കൂട്ടിയാൽ അത് വീണ്ടും സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കാരണമാകും എന്നും Goldman Sachs പറയുന്നു .
അടുത്ത രണ്ട് ദശകങ്ങളിൽ, പ്രാദേശിക സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും താഴ്ന്ന ഒന്നായിരിക്കും ഇന്ത്യയുടെ ‘ആശ്രിതത്വ അനുപാതം’.
മൂലധന നിക്ഷേപവും മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന ഘടകമായിരിക്കും. അനുകൂലമായ ജനസംഖ്യാ വളർച്ച, സമ്പാദ്യ നിരക്ക്, കുറയുന്ന ആശ്രിത അനുപാതം, വർദ്ധിച്ചുവരുന്ന വരുമാനം, സാമ്പത്തിക മേഖലയുടെ വികസനം എന്നിവ കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും അനുകൂലമാണ്
ഉൽപ്പാദന ശേഷി കൂട്ടുക, സേവനങ്ങൾ വളർത്തുന്നത് തുടരുക, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തുടരുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഇന്ത്യക്ക് കൂടുതൽ വഴികൾ തുറക്കുമെന്ന് Goldman Sachs റിപ്പോർട്ട് പറയുന്നു.
കേന്ദ്ര റോഡ് മാപ് ലക്ഷ്യം അടിസ്ഥാന സൗകര്യ നിക്ഷേപം
അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച എന്നിവയില്‍ ചൈനീസ് മാതൃക പരീക്ഷിക്കുകയാണ് ഇന്ത്യ. ഇതിനായി ഒരു സമഗ്ര റോഡ് മാപ്പ് വരെ തയാറാക്കിക്കഴിഞ്ഞു. 2023 നും 2047 നും ഇടയിൽ രാജ്യത്തിന് വേണ്ടത് 845-880 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
ചൈനയുടെ നേട്ടം
മൊത്ത ആഭ്യന്തര ഉല്പാദനം, വിമാന യാത്രകള്‍, മെട്രോ റെയില്‍ ലൈനുകള്‍, റെയില്‍ ചരക്ക് എന്നിവയില്‍, 1995 നും 2020 നും ഇടയില്‍ ചൈന വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അടിസ്ഥാന സൗകര്യങ്ങളിലെ വൻ കുതിപ്പ് ചൈനീസ് നഗരങ്ങളെ തമ്മിൽ വ്യാവസായികമായി ബന്ധിപ്പിച്ചു. ഇപ്പോൾ ചൈന തങ്ങളുടെ അടിസ്ഥാന വികസനമെന്ന ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു.
അടുത്ത 24 വര്‍ഷത്തിനുള്ളില്‍ 20,000 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്കുകളും 4,500 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളും സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്രയും തുക വേണ്ടിവരിക.
ഹൈവേ നീളം 1.6 മടങ്ങ് വര്‍ദ്ധിപ്പിക്കുക, തുറമുഖ ശേഷി നാലിരട്ടി വര്‍ദ്ധിപ്പിക്കുക, റെയില്‍ വേ ശൃംഖല ഇരട്ടിപ്പിക്കുക എന്നിവ റോഡ്മാപ്പില്‍ ഉള്‍ക്കൊള്ളുന്നു. 75 നഗരങ്ങളിലായി 5,000 കിലോമീറ്റര്‍ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (എംആര്‍ടിഎസ്) സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നഗര അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് നിക്ഷേപത്തിന്റെ 56% അല്ലെങ്കില്‍ ഏകദേശം 490 ലക്ഷം കോടി രൂപ വേണ്ടിവരും.
വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 4,500 ആക്കി ഉയര്‍ത്താനും എല്ലാ ട്രെയിനുകളിലും തദ്ദേശീയ കൂട്ടിയിടി വിരുദ്ധ സംവിധാനമായ കവച് ഘടിപ്പിക്കാനും പദ്ധതിയുണ്ട്.
നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (യുഎല്‍ബി) ഭരണം, ആസൂത്രണം, ധനകാര്യം എന്നിവയില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ ധനകാര്യ കമ്മീഷന് (എഫ്സി), കേന്ദ്രാവിഷ്കൃത സ്കീമുകള്‍ (സിഎസ്എസ്) എന്നിവ ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. റോഡ്മാപ്പ് അനുസരിച്ച്, എല്ലാ പട്ടണങ്ങളിലും 100% ഇ-ഗവേണന്‍സ് നടപ്പിലാക്കും. പതിവ് വിലയിരുത്തലുകളിലൂടെ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി ടാക്സ് ശേഖരണം നടത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
2030 ഓടെ ലോകമെമ്പാടുമുള്ള മികച്ച 100 വാസയോഗ്യമായ നഗരങ്ങളില്‍ ഒരു ഇന്ത്യന്‍ നഗരവും 2047 ഓടെ അഞ്ച് നഗരങ്ങളും ഉള്‍പ്പെടുത്തും.ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യന്‍ പട്ടണങ്ങളുടെ എണ്ണം 2040 ഓടെ 980 ആയും 2047 ഓടെ 1,500 ആയും ഉയരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്താകമാനം 770 പട്ടണങ്ങളുണ്ട്.
ഇത്രയൊക്കെ ഇന്ത്യ മുന്നേറുമ്പോളും അതിൽ ആഹ്ലാദിക്കാൻ സമയമായിട്ടില്ല എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട്. കാരണം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണെങ്കിലും ബാഹ്യ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു എന്നത് തന്നെ.
ധനമന്ത്രാലയം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞതിങ്ങനെ:
“മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യ തയ്യാറാണ്. എന്നിരുന്നാലും, നേട്ടങ്ങളില്‍ വിശ്രമിക്കാനോ കഠിനാധ്വാനത്തിലൂടെയും ബോധപൂര്‍വ്വവും നേടിയ സാമ്പത്തിക സ്ഥിരത ദുര്‍ബലപ്പെടുത്താനോ തയ്യാറാല്ല. വിതരണ ശൃംഖലയിലെ സര്‍ക്കാര്‍ നിക്ഷേപം അര്‍ത്ഥമാക്കുന്നത് ദീര്‍ഘകാലത്തില്‍ രാജ്യത്തിന് മികച്ച വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ്.
അതേസമയം ഭൗമ രാഷ്ട്രീയ സമ്മര്‍ദ്ദം, ആഗോള ധനകാര്യ സംവിധാനങ്ങളിലെ ചാഞ്ചാട്ടം, ആഗോള ഓഹരി വിപണിയിലെ തിരുത്തല്‍,എല്‍നിനോ,മിതമായ വ്യാപാര പ്രവര്‍ത്തനം തുടങ്ങിയ ബാഹ്യ ഘടകങ്ങള്‍ വളര്‍ച്ചയുടെ വേഗത തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.”
റിപ്പോർട്ടിൽ ആശങ്കയുമുണ്ട്
2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദം വരെ വിദേശ ഡിമാന്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. എന്നാല്‍ അതിനുശേഷം ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം തടയുന്നതിനായി നിരക്കുയര്‍ത്തി. ഇതോടെ ഡിമാന്റ് ഇടിയുകയും അത് കയറ്റുമതിയെ ബാധിക്കുകയും ചെയ്തു.
അതേസമയം ചരക്ക് വിലയിലെ ഇടിവ് ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ സഹായകരമായി. രാജ്യത്തിൻറെ മാക്രോ ഇക്കണോമിക് മാനേജ്മെന്റ് മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വീണ്ടെടുക്കല്‍ പാതയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്കി.
കേന്ദ്രസര്‍ക്കാരിന്റെ അച്ചടക്കമുള്ള നിലപാട് നിര്‍ണായക ഘടകമായപ്പോൾ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ധനക്കമ്മി (ജിഡിപിയുടെ ശതമാനം) കുറഞ്ഞു. ആഭ്യന്തര ഡിമാന്റാണ് വളര്‍ച്ചയുടെ ചാലക ശക്തി എന്ന് കേന്ദ്രം തിരിച്ചറിഞ്ഞു.