നിങ്ങളുമാകും എന്നല്ല, നിങ്ങളുമായേക്കാം ഭാഗ്യമുണ്ടെങ്കിൽ ഒരു ഇന്ത്യൻ കോടീശ്വരൻ, വരുന്ന പത്തു വർഷത്തിനുള്ളിൽ. അതെ, ഇന്ത്യയിലെ അതി സമ്പന്നരുടെ എണ്ണം വർധിക്കുകയാണ്, ഒപ്പം സമ്പന്നരുടെയും.
2030-31 ആകുമ്പോഴേക്കും ഇന്ത്യയിലെ അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം അഞ്ചിരട്ടി വർധിച്ച് 9.1 ദശലക്ഷം കുടുംബങ്ങളായി മാറും. അതായത് ഒരു ലക്ഷം ഇന്ത്യൻ കുടുംബങ്ങൾ ഇന്ത്യയിൽ ഈ കാലത്തു സൂപ്പർ റിച്ചാകും. 2046-47 ആകുമ്പോഴേക്കും ഇത് 32.7 ദശലക്ഷം കുടുംബങ്ങളായി ഉയരും. പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കോണമി (PRICE)യുടെ റിപ്പോർട്ട് ഇന്ത്യയിലെ കോടീശ്വര സ്വപ്നക്കാരെ കൊണ്ട് പോകുന്നതിങ്ങനെ.
എന്നിട്ടും ഇന്ത്യ കുലുങ്ങുന്നില്ല
ഇത് കൂടി അറിയണം. ഒരു ആരോപണം മൂലം ഇന്ത്യൻ ശതകോടീശ്വരനേറ്റ വൻതിരിച്ചടി.അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കി.
2023ല്‍ ഇതുവരെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ ഇടിവ് 6,020 കോടി ഡോളറാണ്; ഏകദേശം 4.94 ലക്ഷം കോടി രൂപ! ലോകത്ത് ഇക്കാലയളവില്‍ ഏറ്റവുമധികം ആസ്തി നഷ്ടം നേരിട്ട ശതകോടീശ്വരനും ഗൗതം അദാനിയാണ്.
സൂപ്പർ റിച്ച് പ്രതിഭാസം വർധിക്കുന്നു
പ്രതിവർഷം 2 കോടി രൂപ അല്ലെങ്കിൽ 2,70,000 യുഎസ് ഡോളർ വരുമാനമുള്ള സൂപ്പർ റിച്ച്കുടുംബങ്ങളുടെ എണ്ണം 1994-95ൽ 98,000 ആയിരുന്നത് 2020-21ൽ 1.8 ദശലക്ഷം ആയി ഉയർന്നു.
പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ‘സമ്പന്നർ’ എന്ന് തരംതിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2020-21 ലെ 56 ദശലക്ഷത്തിൽ നിന്ന് 2046-47 ആകുമ്പോഴേക്കും 437 ദശലക്ഷമായി ഉയരും.
25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 40,000 കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ് PRICE ഏറ്റവും പുതിയ സർവേ നടത്തിയത്.
2030-31 ആകുമ്പോഴേക്കും അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം 9.1 ദശലക്ഷം കുടുംബങ്ങളും 46.7 ദശലക്ഷം ഉപഭോക്താക്കളും എന്നത് 2046-47 ആകുമ്പോഴേക്കും 32.7 ദശലക്ഷം കുടുംബങ്ങളും, 150 ദശലക്ഷം ഉപഭോക്താക്കളുമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൻനഗരങ്ങളായ മുംബൈയിലും ഡൽഹിയിലുമാണ് സമ്പന്ന കുടുംബങ്ങൾ കൂടുതലുള്ളത്. എന്നാൽ സൂറത്ത്, ബെംഗളുരു, അഹമ്മദാബാദ്, പുനെ തുടങ്ങിയ വളർന്നു വരുന്ന നഗരങ്ങളിലെ സമ്പന്ന കുടുംബങ്ങളുടെ വളർച്ച വളരെ വേഗത കൈവരിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഉയർന്ന വരുമാനക്കാരുടെ വിഭാഗത്തിൽ (high-income segment) ഏറ്റവും ഉയർന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സൂറത്തും നാഗ്പൂരുമാണ്. ഏറ്റവും കൂടുതൽ ‘സൂപ്പർ റിച്ച്’ ഉള്ളത് മഹാരാഷ്ട്രയാണ്.
2020-21ൽ 30 ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ള സമ്പന്നർ(rich), 56 ദശലക്ഷം ഉപഭോക്താക്കളെ അടങ്ങുന്ന ഏകദേശം 11 ദശലക്ഷം കുടുംബങ്ങളാണെന്നു കണക്കാക്കപ്പെടുന്നു. 2030-31 ആകുമ്പോഴേക്കും ഇത് 170 ദശലക്ഷം ഉപഭോക്താക്കളുള്ള 35 ദശലക്ഷം സമ്പന്ന വീടുകളായി വർധിക്കും.
2046-47 ആകുമ്പോഴേക്കും എണ്ണം 100 ദശലക്ഷം കുടുംബങ്ങളായും വർധിക്കും.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ സൂപ്പർ റിച്ച് കുടുംബങ്ങളുള്ളത്. 6.48 ലക്ഷം സൂപ്പർ റിച്ച് കുടുംബങ്ങളുണ്ട് ഇവിടെ.
മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഡൽഹിയാണ്. 1.81 ലക്ഷം കുടുംബങ്ങളുണ്ട് ഇവിടെ. 1.37 ലക്ഷവുമായി ഗുജറാത്തും, 1.01 ലക്ഷം കുടുംബങ്ങളുമായി തമിഴ്‌നാടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.ഇന്ത്യയിലെ അതിസമ്പന്നരുടെ പകുതിയോളം മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് താമസിക്കുന്നത്.ഏറ്റവും ദരിദ്രമായ അഞ്ച് സംസ്ഥാനങ്ങൾ – ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ്.