ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം 1413 കോടി രൂപ കൈയിലുള്ള ഡി കെ ശിവകുമാർ തന്നെ. ഒരു മാറ്റവുമില്ല.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്ക് പോലും ആകെ ആസ്തി: 510 കോടി രൂപയേ ഉള്ളൂ. പശ്ചിമ ബംഗാളിലെ ഇൻഡ്‌സിൽ നിന്നുള്ള BJP എം എൽ എ നിര്‍മല്‍ കുമാര്‍ ധാരയുടെ ആസ്തി എത്രയാണെന്നോ. ആകെ1,700 രൂപ.

രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാരുടെയും, ഏറ്റവും കുറവ് ആസ്തിയുള്ള 10 എംഎൽഎമാരുടെയും സ്വത്തു വിവരങ്ങളുടെ പുതിയ കണക്കുകള്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.  

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആണെന്ന് പുതിയ കണക്കുകള്‍. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2023ൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 273 കോടിയുടെ സ്ഥാവര സ്വത്തുക്കളും 1,140 കോടി രൂപ ജംഗമ സ്വത്തുക്കളും ഉണ്ടെന്ന് ശിവകുമാർ വെളിപ്പെടുത്തിയിരുന്നു. 265 കോടി രൂപയാണ് ഡികെഎസിന്റെ ബാധ്യത. ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്.

പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ എംഎൽഎ.1,700 രൂപ ആസ്തിയുള്ള ബി ജെ പി അംഗത്തിന് ഭാഗ്യത്തിന് ബാധ്യതകളൊന്നുമില്ല.

28 സംസ്ഥാന അസംബ്ലികളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 4033 എംഎൽഎമാരിൽ 4,001 സിറ്റിങ് എംഎല്‍എമാരുടെ  സത്യവാങ് മൂലത്തിലെ ആസ്തി വിശകലനം ചെയ്താണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും ഈ  കണക്കെടുപ്പ് നടത്തിയത്.

കോടീശ്വര MLA മാരിൽ കർണാടക ആധിപത്യം

രാജ്യത്തെ ഏറ്റവും ധനികരായ നിയമസഭാംഗങ്ങളുടെ പട്ടികയിൽ ആദ്യ 20ൽ 12 കർണാടക എംഎൽഎമാർ ആധിപത്യം പുലർത്തുന്നു. കർണാടക എംഎൽഎമാരിൽ 14% കോടീശ്വരന്മാരാണ് , ശരാശരി ആസ്തി 100 കോടി രൂപ.

പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കർണാടക എംഎൽഎമാരാണ്. 1,267 കോടി രൂപ ആസ്തിയുള്ള ഒരു സ്വതന്ത്ര നിയമസഭാംഗവും വ്യവസായിയുമായ കെ എച്ച് പുട്ടസ്വാമി ഗൗഡ വെറും 5 കോടി രൂപ ബാധ്യതയുള്ള രണ്ടാമത്തെ സമ്പന്നനാണ്. ഗൗഡയ്ക്ക് 990 കോടിയുടെ സ്ഥാവര സ്വത്തുക്കളും 276 കോടിയുടെ ജംഗമ സ്വത്തുക്കളും ഉണ്ട്.

കർണാടക നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് എംഎൽഎ പ്രിയകൃഷ്ണയാണ് മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നൻ. 1,156 കോടി രൂപയുടെ ആസ്തിയാണ് 39-കാരൻ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള നിയമസഭാംഗങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ബാധ്യതയുള്ള 881 കോടി രൂപ എന്ന റെക്കോർഡും പ്രിയകൃഷ്ണ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പിതാവ് എം കൃഷ്ണപ്പ കർണാടകയിലെ മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ്.

പട്ടികയിൽ ഇടം നേടിയ കർണാടകയിലെ മറ്റൊരു എംഎൽഎ ഖനി വ്യവസായി ഗാലി ജനാർദ്ദന റെഡ്ഡിയാണ്.കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പാവപ്പെട്ട എംഎൽഎ ബിജെപിയുടെ ഭാഗീരഥി മുരുല്യയാണ്, അദ്ദേഹം 28 ലക്ഷം രൂപയുടെ ആസ്തിയും 2 ലക്ഷം രൂപ ബാധ്യതയും പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 10 എംഎല്‍എമാര്‍

  1. ഡി.കെ ശിവകുമാര്‍ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – കനകപുര, കര്‍ണാടക, ആകെ ആസ്തി: 1413 കോടി രൂപ
  2. കെ.എച്ച്‌ പുട്ടസ്വാമി ഗൗഡ (ഐഎൻഡി) – ഗൗരിബിദാനൂര്‍, കര്‍ണാടക, ആകെ ആസ്തി: 1267 കോടി രൂപ
  3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ഗോവിന്ദരാജനഗര്‍, കര്‍ണാടക, ആകെ ആസ്തി: 1156 കോടി രൂപ
  4. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം,  ആകെ ആസ്തി: 668 കോടി രൂപ
  5. ജയന്തിഭായ് സോമാഭായ് പട്ടേല്‍ (ബിജെപി) – മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ
  6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ഹെബ്ബാള്‍, കര്‍ണാടക  – ആകെ ആസ്തി: 648 കോടി രൂപ
  7. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്‌ആര്‍സിപി) – പുലിവെൻഡ്‌ല – ആകെ ആസ്തി: 510 കോടി രൂപ
  8. പരാഗ് ഷാ (ബിജെപി) – ഘട്‌കോപ്പര്‍ ഈസ്റ്റ്, മഹാരാഷ്ട്ര  – ആകെ ആസ്തി: 500 കോടി രൂപ
  9. ടി.എസ്. ബാബ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – അംബികാപൂര്‍, ഛത്തീസ്ഗഡ്  – ആകെ ആസ്തി: 500 കോടി രൂപ
  10. മംഗള്‍പ്രഭാത് ലോധ (ബിജെപി) – മലബാര്‍ ഹില്‍, മഹാരാഷ്ട്ര  – ആകെ ആസ്തി: 441 കോടി രൂപ

കോടീശ്വരന്മാരാകാതെ തങ്ങളുടെ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംഎൽഎ മാരുമുണ്ട് ഇന്ത്യയിൽ.

ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎല്‍എമാർ

1. നിര്‍മല്‍ കുമാര്‍ ധാര (ബിജെപി) – ഇൻഡസ് (എസ്‌സി), പശ്ചിമ ബംഗാള്‍, ആകെ ആസ്തി: 1,700 രൂപ
2. മകരന്ദ മുദുലി (ഐഎൻഡി) – രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ
3. നരീന്ദര്‍ പാല്‍ സിംഗ് സാവ്ന (എഎപി) – ഫാസില്‍ക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ
4. നരീന്ദര്‍ കൗര്‍ ഭരജ് (എഎപി) – സംഗ്രൂര്‍, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ
5. മംഗള്‍ കാളിന്ദി (ജെഎംഎം) – ജുഗ്സലായ് (എസ്‌സി), ജാര്‍ഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ
6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) – നബാദ്വിപ്പ്, പശ്ചിമ ബംഗാള്‍ , ആകെ ആസ്തി: 30,423 രൂപ
7. രാം കുമാര്‍ യാദവ് (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ചന്ദ്രപൂര്‍, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ
8. അനില്‍ കുമാര്‍ അനില്‍ പ്രധാൻ (എസ്പി) – ചിത്രകൂട്, ഉത്തര്‍പ്രദേശ്, ആകെ ആസ്തി: 30,496 രൂപ
9. രാം ദങ്കോര്‍ (ബിജെപി) – പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ
10. വിനോദ് ഭിവ നിക്കോള്‍ (സിപിഐ (എം) – ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version