റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും സൈനേജുകൾക്കുള്ള സമഗ്രമായ മാർഗനിർദേശങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. റോഡിലെ സൂചകങ്ങൾ ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ദൃശ്യപരതയും അവബോധജന്യമായ മാർഗ്ഗനിർദ്ദേശവും നൽകുന്നു.
ഡ്രൈവർമാർക്ക് സുപ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിൽ റോഡ് സൈനേജുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
അവലോകന പ്രക്രിയയുടെ ഭാഗമായി, ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) കോഡുകളും മാർഗ്ഗനിർദ്ദേശങ്ങളും, അന്തർദേശീയ രീതികളും, പ്രവർത്തന വീക്ഷണവും അനുസരിച്ച് നിലവിലുള്ള വ്യവസ്ഥകൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുകയും വ്യക്തവും സംക്ഷിപ്തവുമായ മാർഗ്ഗനിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സുരക്ഷിതമായ ഗതാഗത വിവരങ്ങൾ എന്നിവ നൽകുന്ന സൂചനകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
ദൃശ്യപരതയും വ്യക്തതയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന ഹൈലൈറ്റ്. വലിയ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എന്നിവയുടെ ഉപയോഗത്തോടൊപ്പം ഉചിതമായ ഉയരത്തിലും ദൂരത്തിലും സൈനേജുകൾ സ്ഥാപിക്കുന്നത്, പ്രതികൂല കാലാവസ്ഥയിൽ പോലും നിർണായക വിവരങ്ങൾ എളുപ്പത്തിൽ കാണാവുന്നതും മനസ്സിലാക്കാവുന്നതും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിമിതമായ വിദ്യാഭ്യാസമുള്ളവർ
ഉൾപ്പെടെയുളള റോഡ് ഉപയോക്താക്കൾക്കായി, ടെക്സ്റ്റിനൊപ്പം ചിത്രീകരണങ്ങളും ഉപയോഗിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു. ഈ സമീപനം അവശ്യ സന്ദേശങ്ങൾ ഫലപ്രദമായി മനസിലാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും മെച്ചപ്പെട്ട ധാരണ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഭാഷാ വൈവിധ്യം തിരിച്ചറിഞ്ഞ് റോഡ് സൈനേജുകളിൽ ബഹുഭാഷാ സമീപനവും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇംഗ്ലീഷിന്റെയും പ്രാദേശിക ഭാഷകളുടെയും ഉപയോഗം വിവിധ ഭാഷാ പശ്ചാത്തലങ്ങളിൽ നിന്നുള്ള റോഡ് ഉപയോക്താക്കളുമായി ആശയവിനിമയം മെച്ചപ്പെടുത്തുകയും ട്രാഫിക് നിയമങ്ങൾ നന്നായി മനസ്സിലാക്കാനും പാലിക്കാനും സഹായിക്കുകയും ചെയ്യും. ഇത് ട്രാഫിക്ക് തിരക്ക് കുറയ്ക്കുന്നതിനും ട്രാഫിക് ഫ്ലോ മെച്ചപ്പെടുത്തുന്നതിനും ഇടയാക്കും.