ഫ്രാൻസിലും ശ്രീലങ്കയിലും സിംഗപ്പൂരിലും ജപ്പാനിലും, UAE യിലും എന്തിനേറെ തായ്ലൻഡിൽ സുഖവാസത്തിനു വരെ ഇനി ഇന്ത്യക്കാർക്ക് ധൈര്യമായി കടന്നു ചെല്ലാം. നമ്മുടെ UPI ഉണ്ടല്ലോ… അവിടെയും അത് മതി പണമിടപാടിന്.
സിംഗപ്പൂരിൽ തുടക്കമിട്ടതാണ് ഇന്ത്യൻ UPIയുടെ ജൈത്രയാത്ര. അതിപ്പോൾ ഫ്രാൻസ്, UAE, ഭൂട്ടാൻ വഴി ശ്രീലങ്ക വരെ എത്തി നിൽക്കുന്നു. ഇനി ഭീം യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും. തയ്വാൻ, ജപ്പാൻ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ നടപടികൾ UPI യുടെ ഫിന്‍ടെക്ക് കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കും.
യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായിട്ടും ശ്രീലങ്കയുമായിട്ടും ഇന്ത്യ ഒപ്പിട്ട കരാർ.
സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഉപയോക്താക്കളെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതിനായി സിംഗപ്പൂരിന്റെ പേ നൗവുമായി ഇന്ത്യ രൂപ ബന്ധിപ്പിച്ചു. ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്കും അയയ്ക്കാമെന്നതാണ് മെച്ചം. പ്രതിദിനം 60,000 രൂപയുടെ പണമിടപാട് വരെ നടത്താനാണ് നിലവിൽ അനുമതി.
യുപിഐ അംഗീകരിച്ച രാഷ്ട്രങ്ങളില്‍ ശ്രീലങ്കയും ചേർന്ന് കഴിഞ്ഞു. ഇത് സംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഒപ്പുവച്ചു. വിക്രമസിംഗയുടെ ദ്വിദിന ഇന്ത്യ സന്ദര്‍ശന വേളയിലായിരുന്നു ചടങ്ങ്.
ഇനി വ്യാപാരം രൂപ- ദിർഹം നേരിട്ട്, ഡോളർ പുറത്ത്
ദേശീയ കറൻസികൾ ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയും UAE യും തമ്മിലുള്ള പുതിയ ധാരണാപത്രം ഡോളറിനെ ഒഴിവാക്കി രൂപയുടെയും ദിർഹത്തിൻെറയും ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇന്ത്യ-യുഎഇ സാമ്പത്തിക ഇടപാടുകൾക്ക് രൂപയും ദിർഹവും ഉപയോഗിക്കുന്നതോടെ ഇന്ത്യക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നിരവധിയാണ്. യുപിഐ പെയ്മൻറ് സംവിധാനം വ്യാപകമാകുന്നതോടെ പ്രവാസികൾക്കാകും ഏറെ ആശ്വാസം.
പുതിയ നടപടി ഇരുവിഭാഗങ്ങൾക്കുമിടയിലുള്ള നിക്ഷേപങ്ങളും പണമയക്കലും പ്രോത്സാഹിപ്പിക്കുമെന്നതാണ് മറ്റൊരു മെച്ചം.
മുൻപ് പണം ഡോളറിലേക്ക് മാറ്റിയ ശേഷമാണ് ഇടപാടുകൾ പൂർത്തിയാക്കിയിരുന്നതെങ്കിൽ ഇനി ഏത് കറൻസിയിൽ വ്യാപാരം നടത്തണമെന്ന് വ്യാപാരികൾക്ക് തീരുമാനിക്കാനാകും. തുക കൈമാറുമ്പോൾ കറൻസി വിനിമയത്തിന് ഈടാക്കിയിരുന്ന അധിക നിരക്കും നൽകേണ്ടി വരില്ല.
ഡോളറിനേക്കാൾ രൂപയുടെയും ദിർഹത്തിൻെറയും ഉപയോഗം പ്രോത്സാഹിപ്പിക്കും. എല്ലാ കറൻറ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും കരാറിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നത് കൂടുതൽ നേട്ടമാകും. കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും ഇറക്കുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും അവരുടെ ആഭ്യന്തര കറൻസികളിൽ പണമടയ്ക്കാൻ പുതിയ കരാർ സഹായിക്കുന്നതോടെ രൂപ- ദിർഹം ഫോറിൻ എക്സ്ചേഞ്ച് വിപണി വികസിക്കുകയും ചെയ്യും.
വലിയ ഊർജ വിതരണ കേന്ദ്രമായ യുഎഇയിൽ നിന്നുള്ള എണ്ണയുടെയും മറ്റ് ചരക്കുകളുടെയും ഇറക്കുമതിക്ക് പണം നൽകാൻ ഇന്ത്യക്ക് ഈ സംവിധാനം ഉപയോഗിക്കാനുമാകും. ഇന്ത്യ നിലവിൽ യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്.
പ്രവാസികൾക്ക് ആശ്വാസം UPI
യുഎഇയുടെ തൽക്ഷണ പേയ്മെൻറ് പ്ലാറ്റ്ഫോം യുഎഇ സ്വിച്ചുമായി റുപേ സ്വിച്ച് യുപിഐ സംവിധാനം ബന്ധിപ്പിക്കുന്നതിന് രണ്ട് കേന്ദ്ര ബാങ്കുകളും സഹകരിക്കും. രണ്ട് രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും ഇത് ഗുണകരമാകും. പ്രാദേശിക കറൻസികളുടെ ഉപയോഗവും യുപിഐ പെയ്മൻറ് സംവിധാനവും യുഎഇയിലെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതുൾപ്പെടെയുള്ള ഇടപാട് ചെലവുകളും സമയവും കുറയ്ക്കും. വേഗത്തിലും സുരക്ഷിതമായും ഇരു രാജ്യങ്ങളും തമ്മിലുള്ള പണം ഇടപാടുകൾ ചെലവ് കുറച്ചു നടത്താം. 2022-23 ൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8450 കോടി ഡോളറിൻേറതായിരുന്നു.
യുപിഐ ഉപയോഗിക്കാന്‍ ഫ്രാന്‍സ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുമായി ധാരണയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാരീസ് സന്ദര്‍ശനവേളയിലായിരുന്നു ഇത്.
ഇപ്പോൾ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിൽ കയറാനുള്ള സന്ദർശക പാസ്സിന് യുപിഐ വഴി രൂപയിൽ തന്നെ പണമടയ്ക്കാൻ കഴിയും. അവർക്ക് ഈഫൽ ടവറിനു മുകളിൽ നിന്ന് കൊണ്ട് രൂപയിൽ മറ്റു പേയ്മെന്റുകളും നടത്താം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അറിയിച്ചിരുന്നു.
ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുതിയ വിപണി തുറക്കുന്ന നീക്കമാണ്. ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ UPI യുടെ യൂറോപ്പ്യൻ സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. യുപിഐ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി യുഎസ്എ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളുമായും എൻപിസിഐ ചർച്ച നടത്തുന്നുണ്ട്.
ആർബിഐ കണക്കുകൾ പ്രകാരം 2026–2027 ഓടെ പണമില്ലാത്ത പ്രതിദിന ഇടപാടുകളുടെ 90 ശതമാനവും UPI ഇടപാടുകൾ, അതായതു പ്രതിദിനം 1 ബില്യൺ ആകാൻ സാധ്യതയുണ്ട്. യുപിഐ ഇടപാടുകൾ 2023 സാമ്പത്തിക വർഷത്തിൽ 139.2 ട്രില്യൺ രൂപയോ 2022ൽ ഇന്ത്യയിലെ മൊത്തം പണരഹിത ഇടപാടുകളുടെ 73 ശതമാനമോ ആയിരുന്നു.