ഒരു വർഷം മുമ്പാണ് ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ EV കാർ നിർമാണത്തിനായി ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ സന്നദ്ധരായി അധികൃതരെ സമീപിച്ചത്. അന്നു കേന്ദ്ര സർക്കാർ GWMനു പച്ചക്കൊടി കാട്ടിയില്ല.
ഒരാഴ്ച മുമ്പാണ് വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിർമിക്കാനുള്ള ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നതിന് ഒരു ബില്യൺ ഡോളർ (8,199 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ചൈനീസ് വൈദ്യുത വാഹന കമ്പനിയായ BYD(ബിൽഡ് യുവർ ഡ്രീം) പ്രഖ്യാപിച്ചത്.
അതിനു മുമ്പ് തന്നെ ഇന്ത്യയിൽ തങ്ങളുടെ ലോകപ്രശസ്ത EV കാറുകളുടെയും EV ബാറ്ററികളുടെയും പ്ലാന്റിനായി ഇളവുകൾ തേടി സാക്ഷാൽ Tesla എത്തി. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇലോൺ മസ്ക് കാണുകയും രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ധനമന്ത്രാലയം കൈകൊണ്ടിരിക്കുന്ന നിലപാട് ‘ടെസ്ലക്ക് പ്രത്യേക ഇളവുകളൊന്നുമില്ല, നിലവിൽ രാജ്യത്തെ ആനുകൂല്യങ്ങൾ ഉറപ്പായും നൽകാം’ എന്നായിരുന്നു. ഇതോടെ ഇലോൺ മസ്ക് ഇന്ത്യയിലെ EV പ്ലാന്റ് മോഹം ഉപേക്ഷിക്കുമെന്നായിരുന്നു ചൈനയുടേതടക്കം കണക്കുകൂട്ടൽ. എന്നാലിതാ ടെസ്ല പദ്ധതിയിടുന്നത് തങ്ങളുടെ തന്നെ ഏറ്റവും വിലകുറഞ്ഞ EV കാർ ഇന്ത്യയിൽ തന്നെ നിർമിച്ചു കയറ്റുമതി ചെയ്യുക എന്ന് തന്നെയാണ്. ഇതിന്റെ തുടർച്ചയായി വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായുള്ള കൂടിക്കാഴ്ചക്കു തയാറെടുക്കുകയാണ് ടെസ്ല അധികൃതർ. കാരണം ഇന്ത്യ ടെസ്ലക്കു അങ്ങനങ്ങു കൈവിടാനാകാത്ത മാർക്കറ്റാണ്.
ടെസ്ല ഇന്ത്യയിൽ EV കാറുകൾക്കൊപ്പം EV ബാറ്ററികൾ നിർമിക്കുന്ന ഗിഗാ ഫാക്ടറിയും ആരംഭിക്കും. പ്രാദേശിക വിപണിക്കും കയറ്റുമതിക്കുമായി കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർമ്മിക്കുന്ന ഒരു ഫാക്ടറി ഇന്ത്യയിൽ നിർമ്മിക്കാനും ടെസ്ല താൽപ്പര്യം പ്രകടിപ്പിച്ചു. 24,000 ഡോളറിന്റെ പുതിയ കാർ കമ്പനി പ്രഖ്യാപിച്ചത് നിർമിക്കുന്നതിനായിട്ടായിരിക്കും ഇന്ത്യയിലെ ഫാക്ടറി.
ഇന്ത്യയിൽ ഇവി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും ഫാക്ടറിക്ക് ഭൂമി അനുവദിക്കുന്നതിനെ കുറിച്ചും ടെസ്ല – ഇന്ത്യ ചർച്ചകൾ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ തീരുമാനമാകുന്നതിനു മുമ്പ് തന്നെ ടെസ്ലയെ ആനയിക്കാൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളും മത്സരം തുടങ്ങി.
‘ടെക്നോളജി- മാനുഫാക്ച്ചറിങ് 5.0 ഹബ്ബായികൊണ്ടിരിക്കുന്ന കർണാടകയിൽ ടെസ്ലക്ക് സ്വാഗതം, സംസ്ഥാനത്തിന് അഭിമാനം’ എന്നാണ് കർണാടക വ്യവസായ മന്ത്രി ടെസ്ലയുടെ വരവിനോട് പ്രതികരിച്ചത്. തൊട്ടു പിന്നാലെ ഗുജറാത്ത് ഒരു പ്ലാന്റ് നിർമിക്കാൻ ടെസ്ലക്കു വാഗ്ദാനം ചെയ്തത് 1000 ഏക്കർ ആണ്. നിരവധി ഇളവുകൾ നൽകാമെന്ന് പറഞ്ഞു തമിഴ്നാടും, മഹാരാഷ്ട്രയും ടെസ്ലക്കു പിന്നാലെ പ്രതീക്ഷയോടെയുണ്ട്.
ബിൽഡ് യുവർ ഡ്രീം സാക്ഷാത്കരിക്കാതെ BYD
വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിർമിക്കാനുള്ള ഫാക്ടറി ഇന്ത്യയിൽ നിർമിക്കുമെന്നായിരുന്നു ബിവൈഡി അറിയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡുമായി ചേർന്നായിരുന്നു ബിവൈഡി നിക്ഷേപത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാൽ ചൈനീസ് കമ്പനിയുടെ നിക്ഷേപത്തിനുള്ള അപേക്ഷ കേന്ദ്ര സർക്കാർ നിരസിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) BYDയുടെ ഇന്ത്യയിലെ നിക്ഷേപത്തിനുള്ള അപേക്ഷ തള്ളിയതെന്നാണ് സൂചന.
പ്രതിവർഷം 10,000 മുതൽ 15,000 വരെ വൈദ്യുത കാറുകൾ നിർമിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് DPIITക്ക് അപേക്ഷ നൽകിയത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മൂലധനവും ബിവൈഡി ആവശ്യമായ സാങ്കേതികവിദ്യയും നൽകാനുമായിരുന്നു തീരുമാനം.
എങ്കിലും ഇന്ത്യൻ വിപണിയിലെ പിടി വിടാൻ ചൈന തയാറല്ല. നിലവിൽ ഓട്ടോ 3, ഇ6 എന്നിങ്ങനെ രണ്ട് വൈദ്യുത കാറുകൾ ബിവൈഡി ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സീൽ ഇവി ഇന്ത്യയിൽ അവതരിപ്പിക്കാനും ബിവൈഡിക്ക് പദ്ധതിയുണ്ട്.