സ്റ്റാർ ചിഹ്നമുളള 10, 20, 100, 200, 500 രൂപ നോട്ടുകൾ വ്യാജമാണോ? വ്യക്തത വരുത്തി റിസർവ്വ് ബാങ്ക്. നക്ഷത്ര ചിഹ്നമുള്ള നോട്ട് നിയമപരമായി മറ്റേതൊരു നോട്ടിനും സമാനമാണെന്ന് RBI വ്യക്തമാക്കി.
നോട്ടുകളിലെ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് RBI ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നോട്ടുകളിൽ നമ്പർ പാനലിൽ, പ്രിഫിക്സിനും സീരിയൽ നമ്പറിനും ഇടയിലാണ് ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുളളത്. സ്റ്റാർ ചിഹ്നത്തോടെയുളള നോട്ടുകൾക്ക് നിരോധനമില്ലെന്നും അവ കളളനോട്ടുകളല്ലെന്നും സോഷ്യൽ മീഡിയ പ്രചാരണം തളളി ആർബിഐ വ്യക്തമാക്കി.
2006 ആഗസ്ത് വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകൾ തുടർച്ചയായി അക്കമിട്ടവയാണ്. ഈ നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രത്യേക സീരിയൽ നമ്പർ ഉണ്ട്. സ്റ്റാർ സീരീസ് നമ്പറിംഗ് സിസ്റ്റം, അച്ചടിപ്പിശക് വന്ന നോട്ടുകൾ പുനരുപയോഗിക്കാനായിട്ടാണ് സ്വീകരിച്ചു വന്നത്. അച്ചടിയിലെ പിശക് മൂലം മാറ്റിയ നോട്ടുകൾക്ക് പകരമായി പ്രിന്റ് ചെയ്ത നോട്ടുകളിലാണ് സ്റ്റാർ ചിഹ്നം ചേർത്തിട്ടുളളതെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
“ആർബിഐ ആക്ടിന്റെ സെക്ഷൻ 25 പ്രകാരം, ബാങ്ക് നോട്ടുകളുടെ രൂപരേഖ, രൂപം, മെറ്റീരിയൽ എന്നിവ സെൻട്രൽ ബോർഡ് നൽകിയ ശുപാർശകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന തരത്തിലായിരിക്കും.” ആർബിഐ പറഞ്ഞു. “പഴയതും പുതിയതുമായ ഡിസൈൻ നോട്ടുകൾ സാധാരണയായി കുറച്ച് സമയത്തേക്ക് ഒരുമിച്ച് പ്രചാരത്തിലുണ്ടാകും. പഴയ ഡിസൈൻ നോട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യാൻ യോഗ്യമല്ലാതാകുമ്പോൾ അവ ക്രമേണ പ്രചാരത്തിൽ നിന്ന് പിൻവലിക്കും.”
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ അവരുടെ നോട്ടുകളുടെ രൂപരേഖ മാറ്റുകയും പുതിയ സുരക്ഷാ സവിശേഷതകൾ അവതരിപ്പിക്കുകയും ചെയ്യുന്നത് പ്രാഥമികമായി കള്ളപ്പണം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി മുന്നോട്ട് പോകാൻ വേണ്ടിയാണ്. കള്ളപ്പണക്കാരെ തടയാൻ ഇന്ത്യയും ഇതേ നയം പിന്തുടരുന്നുവെന്ന് ആർബിഐ വ്യക്തമാക്കി.