കേരളത്തിന്റെ സിയാൽ എല്ലാം കൊണ്ടും തിളങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത് 562 സ്വകാര്യ- ചാർട്ടേർഡ് വിമാനങ്ങളെന്ന് കണക്കുകള്‍.
ഈ സാമ്പത്തിക വർഷം കുറഞ്ഞത് 1000 വിമാനങ്ങൾ ഈ ബിസിനസ് ടെർമിനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. CIAL രാജ്യാന്തര വിമാനത്താവള കമ്പനി 2022-23 സാമ്പത്തിക വര്‍ഷം 25 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു.
ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ സിയാൽ ബിസിനസ് ടെർമിനൽ വിമാനത്താവളത്തിനൊപ്പം കൂടുതൽ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ചാർട്ടർ ഗേറ്റ് വേയും ബിസിനസ് ടെർമിനലും
ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ് വേ ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സാധിക്കുന്നുണ്ട്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ, അതീവ സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും രണ്ട് മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
സിയാൽ നേടിയതു പ്രവർത്തന ചരിത്രത്തിലെ ഉയർന്ന ലാഭം
സിയാല്‍ 2022-23 സാമ്പത്തിക വര്‍ഷം 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി. കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്.
2021-22ലെ 418.69 കോടി രൂപയില്‍ നിന്ന് 2022-23ല്‍ സിയാലിന്റെ വരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ലാഭം അഥവാ പ്രവര്‍ത്തനലാഭം 521.50 കോടി രൂപയാണ്. ഡയറക്ടർ ബോർഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022-23-ൽ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും സിയാൽ കൈകാര്യം ചെയ്തു.
രജത ജൂബിലി ആഘോഷിക്കുന്ന നടപ്പുവര്‍ഷത്തില്‍ (2023-24) കമ്പനിയുടെ വരുമാനം ആയിരം കോടി രൂപയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും, ഓഹരി ഉടമകള്‍ക്ക് 35 ശതമാനം റെക്കോഡ് ലാഭവിഹിതം നല്‍കാനും സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. 25 രാജ്യങ്ങളില്‍ നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.
അഞ്ച് മെഗാ പദ്ധതികള്‍ക്ക് സെപ്തംബറില്‍ തുടക്കമിടാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ടെര്‍മിനല്‍-3 വികസനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മ്മാണം, ടെര്‍മിനല്‍-3ന് മുന്നില്‍ കൊമേഴ്സ്യല്‍ സോണ്‍ എന്നിവയ്ക്കാണ് സെപ്തംബര്‍ സാക്ഷിയാവുക. ടെര്‍മിനല്‍-3 വികസനത്തിന് കണക്കാക്കുന്ന ചെലവ് 500 കോടി രൂപയാണ്.
കൊവിഡിൽ താളം തെറ്റി സിയാൽ
ലോക്കഡൗണിൽ വിമാന സര്‍വീസുകള്‍ നിലയ്ക്കുകയും സര്‍വീസുകള്‍ താളംതെറ്റുകയും ചെയ്തതോടെ 2020-21ല്‍ സിയാല്‍ 85.10 കോടി രൂപ നഷ്ടത്തിലേക്ക് നീങ്ങി. അവിടെ നിന്നും പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ചതോടെ 2021-22ല്‍ 22.45 കോടി രൂപയുടെ ലാഭം നേടി. 2021-22ലെ 418.69 കോടി രൂപയില്‍ നിന്ന് 2022-23ല്‍ സിയാലിന്റെ വരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ലാഭം അഥവാ പ്രവര്‍ത്തനലാഭം 521.50 കോടി രൂപയാണ്. 2022-23ല്‍ 89.29 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 61,232 വിമാന സര്‍വീസുകളും കൊച്ചി വഴി നടന്നു. കമ്പനിയുടെ ഉപസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ടുവെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.