കൊച്ചിക്കായി ലോക ബാങ്ക് പിന്തുണയോടെ അടുത്ത 25 വർഷത്തെ വിദഗ്ധ ഖര മാലിന്യ പരിപാലന പ്ലാൻ തയ്യാറാവുന്നു. കൊച്ചി കോർപറേഷന്റെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല – സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ സംഘത്തെ നിയോഗിക്കും.
വേൾഡ് ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി-KSWMP- നിയമിക്കുന്ന വിദഗ്ദർ ആയിരിക്കും രൂപരേഖ തയ്യാറാക്കുക.
അടുത്ത 25 വർഷത്തേക്കുള്ള കൊച്ചിയിലെ ഖര മാലിന്യ പരിപാലനം ആണ് പ്ലാനിൽ ഉണ്ടാവുക. ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ശേഖരിക്കുവാനായി പൊതു കൂടിയാലോചന മുനിസിപ്പൽ ടൌൺ ഹാളിൽ ചേർന്നു. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ദർ ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ പ്ലാൻ തയ്യാറാക്കും. വിവിധ സർക്കാർ പദ്ധതികളിലെ ഫണ്ടുകൾ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവർത്തികമാക്കുന്നത്.
ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം എല്ലാ സർക്കാർ ഏജൻസികളും ഒരുമിച്ചു കൊച്ചിക്ക് വേണ്ടി പ്രവർത്തിച്ചതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനായി എന്ന് യോഗം ഉദ്ഘാടനം ചെയ്ത മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ അഭിപ്രായപ്പെട്ടു. എണ്ണൂറോളം പേരെ പുതിയതായി ഹരിതകർമസേനയിൽ ചേർക്കാൻ സാധിച്ചു.
കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ ധന്യ എം എസ്, സോഷ്യൽ എക്സ്പെർട്ട് വിനു എസ്, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ ക്വിനി സബിൻ, ശുചിത്വ മിഷൻ കപ്പാസിറ്റി ബിൽഡിംഗ് കോർഡിനേറ്റർ അമീർഷ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
കൗൺസിലർമാർ, സ്കൂളുകൾ, വ്യാപാരി വ്യെവസായി, റെസിഡൻസ് അസോസിയേഷനുകൾ, വാട്ടർ അതോറിറ്റി, കുടുംബശ്രീ, ഹരിതകർമസേന, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കില, നഗരസഭ ആരോഗ്യ വിഭാഗം, ടെക്നിക്കൽ കൺസൾറ്റന്റ്സ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു