ഇന്ത്യയിൽ ഇന്റർസിറ്റി ബസ് ടിക്കറ്റിംഗ് സേവനം അവതരിപ്പിച്ച് ഊബർ (Uber). കമ്പനി ആഗോളതലത്തിൽതന്നെ ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യ സേവനമാണിതെന്നതും അത് ഇന്ത്യയിലാണ് ആരംഭിച്ചിരിക്കുന്നത് എന്നതുമാണ് സവിശേഷത. പ്രമുഖ യാത്രാ പ്ലാറ്റ്‌ഫോമായ ‘അഭിബസ്സു’മായി (AbhiBus) സഹകരിച്ചാണ് ഊബർ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ റോഡ് ശൃംഖലയിലുണ്ടായ വൻ പുരോഗതിയും ഡിജിറ്റൽ ടിക്കറ്റിംഗിന് ലഭിക്കുന്ന വലിയ സ്വീകാര്യതയുമാണ് ഇത്തരമൊരു ചുവടുവെയ്പ്പിന് കമ്പനിയെ പ്രേരിപ്പിച്ചത്. നിലവിൽ മൂവായിരത്തിലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി കാർ സർവീസുകൾക്ക് പുറമെയാണ് ബസ് ടിക്കറ്റുകളും ഊബർ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക.

പുതിയ സേവനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും ഊബർ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ അന്തർസംസ്ഥാന ബസ് യാത്രയ്ക്ക് 25 ശതമാനം വരെ (പരമാവധി 200 രൂപ) ഡിസ്‌കൗണ്ട് ലഭിക്കും. തുടർന്ന് നടത്തുന്ന മൂന്ന് യാത്രകൾക്ക് 10 ശതമാനം വീതം ഇളവും ലഭിക്കുന്നതാണ്. ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യകൾ ആഗോളതലത്തിൽ ഊബറിന്റെ വളർച്ചയ്ക്ക് കരുത്തേകുമെന്ന് കമ്പനി ചീഫ് ടെക്നോളജി ഓഫീസർ പ്രവീൺ നാഗ പറഞ്ഞു.
