ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ദൗത്യത്തിലെ അതി നിർണായകമായ ഒരുഘട്ടം കൂടി കടന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചന്ദ്രന്റെ ആകർഷണം ചന്ദ്രയാൻ അനുഭവിച്ച് തുടങ്ങി. ചന്ദ്രന്റെ, ചന്ദ്രയാനെടുത്ത ആദ്യ ചിത്രവും ISROക്ക് ലഭിച്ചു. ശനിയാഴ്ച നടന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി നടന്നതോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രനെ വലം വെച്ചു തുടങ്ങിയത്. രാത്രി പതിനൊന്ന് മണിയോടെ ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം കുറച്ച് കൊണ്ട് വരുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് മാസം ഒന്നിനാണ് ചാന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിനരികിൽ എത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.

ഇനി ചന്ദ്രനെ ചുറ്റി കറക്കം  

ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയതോടെ ചന്ദ്രയാൻ 3 മുന്നോട്ടുള്ള ദിവസങ്ങളിൽ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.

ഒടുവിൽ ആഗസ്റ്റ് 17 നു  ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. പിനീട് ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുവാനുള്ള ദൗത്യത്തിലാകും. ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാൻഡിങ്ങ് നടക്കും.

ജൂലൈ 14 ഉച്ചകഴിഞ്ഞ് 2.35ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ന്‍റെ യാത്ര നിലവില്‍ 23 ദിവസം പിന്നിട്ടു.

ചന്ദ്രനിൽ താരമാകുക വിക്രമിലെ പ്രജ്ഞാൻ.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
വിക്രം എന്ന് പേരുള്ള ലാന്‍ഡറും പ്രജ്ഞാന്‍ എന്ന റോവറുമാണ് മൂന്നാം ചാന്ദ്ര ദൗത്യത്തില്‍ ഇന്ത്യ ചന്ദ്രനില്‍ ഇറക്കുന്നത്. ചന്ദ്രയാൻ 2ലും അത് തന്നെയായിരുന്നു ഇരുവരുടെയും പേരുകൾ. 14 ദിവസമാണ് ലാൻഡറിന്റെയും റോവറിൻെറയും ആയുസായി ISRO കണക്കാക്കിയിരിക്കുന്നത്. അതിനുള്ളിൽ ദൗത്യം പൂർത്തിയാക്കണം. ലാൻഡറും റോവറും ചന്ദ്രനിൽ ലഭിക്കുന്ന സൗരോർജം ഉപയോഗിച്ചാകും പ്രവർത്തിക്കുക.

ഇതില്‍ ലാന്‍ഡറാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. റോക്കറ്റില്‍നിന്ന് വേര്‍പെടുന്ന ലാന്‍ഡറിനെ ചാന്ദ്രപ്രതലത്തിന് 100 കിലോ മീറ്റര്‍ അടുത്തെത്തിക്കുന്ന ചുമതലയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനുള്ളത്. തുടര്‍ന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനിലേക്ക് കുതിക്കും. പിന്നീട് ലാന്‍ഡറും ഭൂമിയുമായുള്ള ആശയവിനിമയത്തിനുള്ള ഇടനിലക്കാരനായും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കും. റോവർ ആകും ചന്ദ്രന്റെ പ്രതലത്തിൽ പര്യവേക്ഷണം നടത്താനിറങ്ങുക.

റോവറിന്റെ ആയുസ് ഒരു ചാന്ദ്രദിനം

ലാന്‍ഡറിനകത്താണ് റോവറിന്റെ സ്ഥാനം. ലാന്‍ഡിങ് കഴിഞ്ഞാല്‍ പിന്നുള്ള റോൾ റോവറിനാണ്. ലാന്‍ഡറിനുള്ളില്‍നിന്ന് വാതില്‍ തുറന്ന് പുറത്തേക്ക് ഉരുണ്ട് നീങ്ങുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തും. പൂര്‍ണമായും സൗരോര്‍ജനത്തിലാണ് ലാന്‍ഡറും റോവറും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു ചാന്ദ്രദിനം മാത്രമാണ് ഇതിന്റെ ആയുസ്. ഭൂമിയിലെ കണക്കുവെച്ചു നോക്കിയാല്‍ ഇത് 14 ദിവസമാണ്. 14 ദിവസം റോവര്‍ ചന്ദ്രനില്‍ പര്യവേക്ഷണ നടത്തി സുപ്രധാനമായ പല വിവരങ്ങളും ശേഖരിക്കും. ചന്ദ്രന്റെ പ്രതലത്തിൽ സൂര്യപ്രകാശമുള്ള 14 ദിവസം പിന്നിട്ടു കഴിഞ്ഞാല്‍ ആവശ്യത്തിന് ഊര്‍ജം റോവറിനും ലാന്‍ഡറിനും കിട്ടില്ല എന്നാണ് വിലയിരുത്തൽ. ഇതോടെ ദൗത്യം അവസാനിക്കും.

വെറും 615 കോടി രൂപയ്ക്കാണ് ഇന്ത്യ ചന്ദ്രയാൻ 3 മിഷൻ യാഥാർത്ഥ്യമാക്കിയത്. ചന്ദ്രനിലെ ഹെർമോഫിസിക്കൽ സ്വഭാവം, ലൂണാർ സെയ്മിസിറ്റി അഥവാ ചന്ദ്രോപരിതലത്തിനടിയിൽ സംഭവിക്കുന്ന പ്രകമ്പങ്ങൾ, പ്ലാസ്മ എൻവയോൺമെന്റ്, ഹൈഡ്രജൻ, ഹീലിയം ഉൾപ്പെടെയുള്ളവയുടെ സാനിധ്യം പഠിക്കുന്ന elemental composition ടെസ്റ്റുകൾ എന്നിവയും മൂന്നാം ചാന്ദ്രദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങളാണ്. ഭാവിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന തന്ത്രപരമായ മേഖലകളാണിത്.

റോവറും ലാൻഡറും കൈകോർക്കുന്ന പര്യവേക്ഷണം

ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ഇറങ്ങുക. ഐസ് രൂപത്തില്‍ ജലനിക്ഷേപമുണ്ടെന്ന് കരുതുന്ന മേഖലയാണിത്. സൗരയൂഥത്തിന്റെ പുരാതന കാലത്തെക്കുറിച്ചുള്ള തെളിവുകള്‍ ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ മേഖലയില്‍ ആദ്യമായി ഗവേഷണത്തിന് ശ്രമിക്കുന്നതും ഇന്ത്യയാണ്.

അല്പം ക്ഷമയുണ്ടാകണം റോവറിനും ലാൻഡറിനും. ലാൻഡ് ചെയ്താലും സമയമെടുക്കും പര്യവേക്ഷണം തുടങ്ങാൻ. എന്നാൽ നിശ്ചിത 14  ദിവസത്തിനകം പര്യവേക്ഷണം പൂർത്തിയാക്കുകയും വേണം. അതിനാൽ തികച്ചും സമയബന്ധിതമായ ഷെഡ്യൂൾ ആണ് ഇരുവർക്കും നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രന്റെ ഭ്രമണപഥം വിട്ട് ലാന്‍ഡര്‍ താഴേക്ക് പതിച്ച് തുടങ്ങിയാല്‍ ത്രസ്റ്ററുകള്‍ കത്തിച്ച് എതിർ വേഗത നൽകി താഴേക്കുള്ള വരവ്  നിയന്ത്രിച്ചാണ് ലാന്‍ഡ് ചെയ്യിക്കുക. ഇതിനായി നാല് പ്രധാന ത്രസ്റ്ററുകളും എട്ട് ചെറു ത്രസ്റ്ററുകളുമാണ് ലാന്‍ഡറിലുള്ളത്. അടിയന്തര ഘട്ടത്തില്‍ ഇടിച്ചിറങ്ങിയാലും ആഘാതം കുറക്കുന്ന രീതിയിലാണ് ലാന്‍ഡറിന്റെ കാലുകളുടെ രൂപകല്‍പന. പ്രൊപ്പല്‍ഷന്‍ സംവിധാനവും ലാന്‍ഡറിന്റെ സോഫ്റ്റ് വെയറും അല്‍ഗോരിതവും പരിഷ്‌കരിച്ചിട്ടുണ്ട്.

കൂടുതല്‍ ഇന്ധന ക്ഷമതയും ഉറപ്പുവരുത്തി. സോഫ്റ്റ് ലാന്‍ഡിങ്ങിലെ ദിശയും വേഗതയും മനസിലാക്കി നിയന്ത്രിക്കാൻ കൂടുതല്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അധികം ഊർജം ലഭിക്കാന്‍ സോളാര്‍ പാനലിന്റെ വിസ്തൃതി കൂട്ടി.

ചന്ദ്രോപരിതലത്തില്‍ അഞ്ചു മുതല്‍ 10 മീറ്റര്‍ വരെ പൊടിയും പാറക്കഷണങ്ങളും ചേര്‍ന്ന പ്രതലമുണ്ട്. കഴിഞ്ഞ ലാൻഡിങ്ങിൽ ISRO ക്ക് അത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചിരുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിൽ ലാന്‍ഡ് ചെയ്യുമ്പോള്‍ വലിയതോതില്‍ പൊടിപലങ്ങള്‍ ഉയരാം. പൊടി താഴുന്നതുവരെ കാത്തിരുന്ന ശേഷമാണ് ലാന്‍ഡറിനുള്ളില്‍നിന്ന് റോവര്‍ പുറത്തേക്കിറങ്ങുക. തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍നിന്ന് ശേഖരിക്കുന്ന വസ്തുക്കളുടെ സാംപിള്‍ എടുത്ത് അതില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന വിവരം റോവര്‍ ലാന്‍ഡറിന് കൈമാറും. ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഴി ഈ വിവരം ഭൂമിയിലേക്ക് എത്തിക്കും.

അത്ര സോഫ്റ്റല്ല ലാൻഡിംഗ്, അതി സങ്കീർണം

ലാൻഡിംഗ് സങ്കീർണമാക്കുന്നതിന് കാരണം ചന്ദ്രനിലെ പ്രതികൂല സാഹചര്യമാണ്. ഭൂമിയിൽ നിന്നുള്ള കമാന്റുകൾക്കനുസരിച്ച് ലാൻഡറിന്റെ നിയന്ത്രണത്തിലാണ് ചാന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുന്നത്.  സെന്‍സറുകളുടെയും മറ്റു ഉപകരണങ്ങളുടെയും സഹായത്തോടെ ലാന്‍ഡര്‍ സ്വയമാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നത്.

നിരവധി പാറകളും അഗാധമായ ഗര്‍ത്തങ്ങളും നിറഞ്ഞതാണ് ഉപരിതലം. ദുർബലമായ ഗുരുത്വാകര്‍ഷണവും വെല്ലുവിളിയാണ്. ഗുരുത്വാകര്‍ഷണത്തില്‍ മാറ്റമുള്ളതിനാല്‍ പേടകത്തിന്റെ ഭൂമിയിലെ ഭാരത്തെക്കാൾ അവിടെ ആറ് മടങ്ങോളം കുറയും. ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമുള്ള ഒരിടത്ത് പേടകം ഇറക്കുക എന്നത് ദുഷ്‌കരമാണ്.

അതീവ ഹൈടെക്ക് ലാൻഡർ

പാറയും ഗര്‍ത്തങ്ങളും ഒഴിവാക്കി നിരപ്പായ സ്ഥലത്ത് ലാന്‍ഡിങ്ങിന് സാധിച്ചാല്‍ മാത്രമേ ചന്ദ്രയാന്‍ 3-ന് ആയുസുള്ളു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും ലാന്‍ഡറില്‍ സംവിധാനമുണ്ട്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റെക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹൊറിസോണ്ടര്‍ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യമാറകള്‍ ഉള്‍പ്പെടെ ഒമ്പത് സെന്‍സറുകള്‍ ലാന്‍ഡറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കേ ഉയരവും വേഗവും കൃത്യമായി അറിയാനും അപകടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും ഈ സെന്‍സറുകള്‍ സഹായിക്കും. സെന്‍സറുകളില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡിങ് നിയന്ത്രിക്കുക പേടകത്തില്‍ നേരത്തെ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറാണ്.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version