“തെക്കൻ കേരളം ഇത്തവണ ചോദിച്ചത് അത്തമൊരുക്കാൻ ഒരല്പം പൂവായിരുന്നു. എന്നാൽ കാട്ടാക്കട മണ്ഡലം നൽകിയത് ഒരു പൂക്കാലവും”
പൂ വാങ്ങുവാനായി തമിഴ് നാടിനെ ആശ്രയിക്കുക എന്ന പതിവ് രീതിക്കു കേരളത്തിലെ പലയിടങ്ങളിലും പരിഹാരമായി കഴിഞ്ഞ ഓണത്തിന് പൂപ്പാടങ്ങൾ ഒരുങ്ങിയതിനു ഒപ്പം ഇവിടെയും കാട്ടാക്കടയിലും കാട്ടാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തിയിരുന്നു. അന്നത്തെ വിജയം ഇത്തവണത്തെ ഓണത്തിലെ വമ്പൻ വിജയമായി മാറിയപ്പോൾ കാട്ടാൽ എന്ന സംരംഭക ബ്രാൻഡിനായി അതിന്റെ ക്രെഡിറ്റ്. ഇന്നിതാ കാട്ടാക്കട മണ്ഡലത്തിലാകെ 50 ഏക്കറിൽ പൂകൃഷിയുണ്ട്. പരമാവധി ഇടങ്ങൾ പൂപ്പാടങ്ങളും പച്ചക്കറി പ്പാടങ്ങളാക്കാനൊരുങ്ങുകയാണ് ഗ്രാമ പഞ്ചായത്തുകളും കൃഷി ഓഫീസുകളും .
കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും കൃഷിവകുപ്പിന്റെ യും ഒത്തൊരുമയുടെ വിജയം തന്നെയാണിത്.
ഇപ്പോൾ കാട്ടാക്കടമണ്ഡലത്തിൽ സംഭവിക്കുന്നതിതാണ്.
കാട്ടാക്കട മണ്ഡലത്തിൽ പള്ളിച്ചലിലെ കൊറണ്ടി വിളയിലാണ് ഏറ്റവും വലിയ പൂകൃഷിപാടം.അത്കഴിഞ്ഞാൽ വിളപ്പിലിലെ കടമ്പു എസ്റ്റേറ്റിലെ 5 ഏക്കറിലാണ് ഏറ്റവും വലിയ പൂകൃഷി നടക്കുന്നത്.
നേമം ബ്ലോക്ക് നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, കുടുംബശ്രീ, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഇവിടുത്തെ പൂകൃഷി. ഇവിടെ വില്പനയും തകൃതിയായി നടക്കുന്നു. ഇവിടത്തെ പൂകൃഷി വിളവെടുപ്പിന് ധനമന്ത്രി കെ എൻ ബാലഗോപാലെത്തി. ധനകാര്യ മന്ത്രിയുടെ സംശയങ്ങൾക്ക് കൃഷി ഓഫീസർ കണക്കുകളിലൂടെ മറുപടി നൽകി. ഒരേക്കറിൽ വിളവ് 3 ടൺപൂക്കൾ. ഒരു കിലോക്ക് കുറഞ്ഞത് 50 രൂപ കിട്ടും. ആകെ മുതൽ മുടക്ക് 3.50 ലക്ഷം. ഇത്തവണ പ്രതീക്ഷിക്കുന്ന വരവ് 8 ലക്ഷം രൂപ. കൂടാതെ പാടം കാണാൻ ഒരു ദിവസം രണ്ടായിരത്തിനടുപ്പിച്ച് സന്ദർശകരെത്തുന്നു. ഈ ജമന്തിപ്പാടം ജമന്തി പൂ കൃഷിക്ക് ശേഷം സൂര്യകാന്തിപ്പാടമാകാനൊരുങ്ങുന്നു.
കഴിഞ്ഞ ഓണകാലത്തേക്കു പൂപ്പാടമൊരുക്കുകയെന്ന പുതിയൊരു സംരംഭത്തിന് കാട്ടാക്കട മണ്ഡലത്തിൽ നേതൃത്വം നൽകിയത് സ്ഥലം എം എൽ എ ഐ ബി സതീഷ് തന്നെയായിരുന്നു. അന്ന് പൂക്കൃഷിയുടെ പ്രായോഗികത സംബന്ധിച്ച നിരവധി സന്ദേഹങ്ങളുണ്ടായി. ഒടുവിൽ മണ്ഡലത്തിൽ 10 ഏക്കർ സ്ഥലത്തു പരീക്ഷണാടിസ്ഥാനത്തിൽ ജമന്തികൃഷി തുടങ്ങി. അത്തത്തിനുള്ള സമയമായപ്പോളേക്കും കാട്ടാക്കട നൽകിയത് പൂക്കളമൊരുക്കാൻ കുറഞ്ഞ വിലക്ക് മണ്ഡലത്തിൽ നിന്നും പൂക്കൾ. ഇത്തവണ 50 ഏക്കറിലധികം പൂകൃഷി മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ചു.
ജമന്തി പൂപ്പാടങ്ങളൊരുക്കി പള്ളിച്ചൽ പഞ്ചായത്തും കാട്ടാക്കടക്കൊപ്പം ചേർന്നു. പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം 13 ഇടങ്ങളിലായി 26 ഏക്കർ ഭൂമിയിൽ ഇന്ന് പൂക്കൃഷി വിളവെടുപ്പിനു പാകമായി നിൽക്കുന്ന കാഴ്ചയാണ്. കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽ പഞ്ചായത്തിലെ രണ്ടേക്കർ വിസ്തീർണമുള്ള കടമ്പൂ പാറയിൽ നിന്നും കാണാനാവുന്ന പൂ കാഴ്ചകൾ തെല്ലൊന്നുമല്ല സന്ദര്ശകരെയും ആകർഷിക്കുന്നത്.
പൂക്കൃഷി വിളവെടുപ്പ് പൂർത്തിയായാൽ ഇവയിൽ പല പാടങ്ങളും സൂര്യകാന്തി കൃഷിയിലേക്കു തിരിയും. മറ്റു ചില വൻതോതിൽ പച്ചക്കറികൃഷിക്കൊരുങ്ങുകയാണ്. ചുരുക്കം പറഞ്ഞാൽ കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഇനി സൂചി കുത്താൻ പോലും ഇടമുണ്ടാകാത്ത കൃഷിയാകും.
In Kerala’s Kattakada, a successful initiative led by the Janakeeya Samithi has replaced the traditional practice of purchasing flowers from Tamil Nadu during festivals. This endeavor has seen a shift towards local flower and vegetable cultivation. Notably, the region’s largest flower cultivation area is found in Pattanchal Panchayat, where flower farming covers over 50 acres, showcasing the potential of local agriculture.