ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത – സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള – അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവും. അതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.



കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2023 ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് പ്രഥമ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന വരവേൽപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.

വരുന്നത് ലോകത്തെ ഏറ്റവും വലിയ ക്രയിനുകൾ

ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിയുടെയും ചാലകശക്തിയായി ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് നിയമസഭ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സമയനിഷ്ട പാലിച്ച് പദ്ധതിയുടെ ഭാഗമായ എല്ലാ പ്രധാനപ്പെട്ട ഉപഘടകങ്ങളും ഇതിനകം വിവിധ സമയങ്ങളിലായി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തന നിരതമാണ്. ദേശീയപാത, ഗയില്‍, പവര്‍ ഇടനാഴി, എന്നിവക്ക് ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ഏറ്റവും വലിയ വികന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്‌നര്‍ തുറമുഖം.

വിഴിഞ്ഞത്തിന്റെ വരവറിയിച്ചു രാജ്യമൊട്ടാകെ പരിപാടികൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും ഈ മാസം 20 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2023 ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിക്കും.

മുംബൈയില്‍ 2023 ഒക്ടോബര്‍ രണ്ടാംവാരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈന്‍ എക്‌സിബിഷനില്‍ കേരള മാരിടൈം ബോര്‍ഡും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വിസിലും പങ്കെടുക്കും. കേരളത്തിന്റെ മറൈന്‍ നിക്ഷേപക സാധ്യതകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള പവലിയനും തയ്യാറാക്കും.

വെറുമൊരു തുറമുഖമല്ല വിഴിഞ്ഞം, ഇനി ലെവൽ വേറെ

ഭാവിയിൽ ഇന്ത്യയുടെ 80 % ചരക്കു നീക്കത്തിനും വേദിയാകാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. നിർമാണം പൂർത്തിയാകുന്ന തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ, വ്യവസായ മേഖലയായി മാറും. വിഴിഞ്ഞത്തുനിന്നുള്ള റിങ് റോഡ് പദ്ധതി ഈ ഉദ്ദേശ്യത്തോടെയാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 80 % ചരക്കു കപ്പലുകളും ഇവിടെനിന്നാകും പോകുക. ഇന്ത്യയുടെ 80 ശതമാനം ആഭ്യന്തര ചരക്കുഗതാഗതത്തിന് വിഴിഞ്ഞം തുറമുഖം ഉപയോഗിക്കപ്പെടുന്നത് കേരളത്തിനു മുന്നിൽ എത്ര അനന്ത സാധ്യതകൾ തുറക്കുന്നതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശ്രീലങ്ക, സിംഗപ്പുർ, ദുബായ് പോർട്ട് എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ബിസിനസ് വിഴിഞ്ഞത്തേക്കു വരും.

തുറമുഖം മാത്രമല്ല, റിങ്ങ് റോഡും മൾട്ടി മേഖലകളിൽ വ്യവസായത്തെ വളർത്തും

1000 കോടി രൂപയുടെ റിങ് റോഡ് പദ്ധതിയുടെ തുടക്കം വിഴിഞ്ഞത്തുനിന്നാണ്. തുറമുഖത്തിന്റെ വരവോടെ ഈ മേഖലയ്ക്കുണ്ടാകുന്ന വികസനം മുൻനിർത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. റിങ് റോഡിന്റെ ഇരു വശത്തും വ്യവസായ കേന്ദ്രങ്ങളും ലൊജിസ്റ്റിക്സ് കേന്ദ്രങ്ങളും വരും. സ്വകാര്യ മേഖലയുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ഭൂമിയെടുത്ത് പദ്ധതി പ്രദേശത്തിന്റെയാകെ വ്യവസായ വികസനം സാധ്യമാക്കുകയാണു ലക്ഷ്യം. നിർമാണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിനു സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ആളുകളും ജോലി ചെയ്യുന്ന സ്ഥലമായി ഈ പ്രദേശം മാറും.

കേരളത്തിന്റെ വാണിജ്യ, വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണിത്. വിഴിഞ്ഞം പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി മാറും. അതിനൊപ്പം തുറമുഖാധിഷ്ഠിത വ്യവസായങ്ങളും വികസിക്കും. സാമൂഹിക രംഗത്തെന്നപോലെ സാമ്പത്തിക രംഗത്തും കേരളം രാജ്യത്തിനു മാതൃകയാകുകയാണു വിഴിഞ്ഞം പദ്ധതിയിലൂടെ. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version