ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ് കാപ്പിയാണ് ജി20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ നൽകിയത്.
ഇകാതട്ടെ, ആന്ധ്രാപ്രദേശിലെ അരക്കൂ താഴ്വരയിലെ തോട്ടങ്ങളിൽ വളരുന്ന കാപ്പിച്ചെടിയിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവാണ് അരക്കൂ കാപ്പിയിലൂടെ ലോകത്തിന് വ്യക്തമായത്
ആന്ധ്രാപ്രദേശിലെ വനവാസി കർഷകരാണ് അരക്കൂ കാപ്പി ഉത്പാദിപ്പിക്കുന്നത്. 2008-ൽ നന്ദി ഫൗണ്ടേഷൻ അരക്കുഒറിജിനൽസ് എന്ന ബ്രാൻഡിന് കീഴിൽ കാപ്പിക്കൃഷി വ്യാപകമായി ആരംഭിച്ചതോടെയാണ് അരക്കൂ കാപ്പിയെ ആഗോള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. നിലവിൽ അരക്കൂ കോഫി ഒമ്പത് രാജ്യങ്ങളിൽ ലഭ്യമാണ്. നൂറുകണക്കിന് ഗ്രാമങ്ങളിലായി 14,000 കർഷകർ ഉൾപ്പെടുന്ന താഴ്വരയിലാണ് ഈ കാപ്പി 100 ശതമാനവും കൃഷി ചെയ്യുന്നത്.
വിശാഖപട്ടണത്ത് നിന്ന് മുക്കാൽ മണിക്കൂർ മാത്രം അകലെയുള്ള അരക്കു വാലി ലോകത്തിലെ ഏറ്റവും വലിയ ജൈവ-ബയോഡൈനാമിക് കാപ്പിത്തോട്ടമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
G20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്കുള്ള അത്താഴവിരുന്നിൽ അരക്കൂ കാപ്പി ഉൾപ്പെടുത്തിയതിൽ സന്തോഷം അറിയിച്ച് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. അരക്കു ഒറിജിനൽസ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഈ നേട്ടം വളരെ അഭിമാനം ഉയർത്തി’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.