കടല്‍ കടന്നു വരുമോ, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒരു യാത്രാ കപ്പല്‍? യുഎഇയും കേരളവും ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാക്കപ്പല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടങ്ങുന്ന യാത്രികര്‍.
യാത്രാക്കപ്പലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി 24-ന് ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് യു.എ. റഹീം പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ നവംബറില്‍ പരീക്ഷണ ഓട്ടമുണ്ടാകും. ഡിസംബറില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങുന്നതിന് മുന്നോടിയായി യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ, അനന്തപുരി ഷിപ്പിങ്, ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ കേരള സര്‍ക്കാരും നോണ്‍-റസിഡന്റ് കേരളൈന്റ്സ് അഫയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുമ്പും നിരവധി തവണ യാത്രാക്കപ്പലിന് ശ്രമം നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
സ്വപ്നം യാഥാര്‍ഥ്യമാകുമോ
നൂറ്റാണ്ടുകളോളം അറബ് നാടുകളില്‍ നിന്ന് കേരളക്കരയിലേക്ക് സുഗന്ധ വ്യഞ്ജനങ്ങള്‍ തേടി കപ്പലുകള്‍ വന്നിരുന്നെങ്കിലും കേരളത്തില്‍ നിന്ന് തൊഴില്‍ അന്വേഷിച്ചു അങ്ങോട്ടു പോകുന്നത് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ആഴ്ചകളോളം കടലിലൂടെ ഉരുവില്‍ യാത്ര ചെയ്തവരുണ്ട്. കാലം മാറിയപ്പോള്‍ മുംബൈയിലേക്ക് തീവണ്ടിയിലും അവിടെ നിന്ന് വിമാനവും മാറി കയറി പോകാന്‍ സാധിച്ചു. പിന്നീട് കേരളത്തില്‍ നിന്ന് നേരിട്ട് തന്നെ വിമാന സര്‍വീസുകള്‍ ദുബായിലേക്കും മറ്റും ആരംഭിച്ചത് പ്രവാസികള്‍ക്ക് അനുഗ്രഹമായി. എന്നാല്‍ സീസണ് അനുസരിച്ച് മാറിമറിയുന്ന വിമാന ടിക്കറ്റ് നിരക്കും മറ്റും യാത്രാക്കപ്പലിനെ പറ്റി ചിന്തിക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചു. കേരളവും യുഎഇയും ബന്ധിപ്പിച്ചു കൊണ്ടുള്ള യാത്രാക്കപ്പല്‍ എന്ന ആവശ്യം കാലങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്നുണ്ട്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ തൊഴിലന്വേഷകരും പ്രവാസികളും വിനോദ സഞ്ചാരികളും യാത്രാക്കപ്പിലിന്റെ ഗുണഭോക്താക്കളാകും.
ടിക്കറ്റ് ചാര്‍ജ് എങ്ങനെ?
കേരത്തില്‍ നിന്ന് യുഎഇയിലേക്ക് യാത്രയ്ക്ക് മൂന്ന് ദിവസമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു സമയം 1,250 യാത്രക്കാരെയായിരിക്കും അനുവദിക്കുക. ടിക്കറ്റിന് 442 ദിര്‍ഹം (10,000 രൂപ) മുതല്‍ 663 ദിര്‍ഹം (15,000 രൂപ) വരെയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്രാ സമയം അനുസരിച്ചായിരിക്കും ടിക്കറ്റിന് തുക നിശ്ചയിക്കുക.
യാത്രകാര്‍ക്ക് ഒരു സമയം 200 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും. യാത്രവേളയില്‍ ഭക്ഷണവും, വിനോദത്തിനുള്ള സൗകര്യവുമുണ്ടാകും. നിലവില്‍ കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും കേരളത്തില്‍ നിന്ന് കപ്പല്‍ പുറപ്പിടുക.