യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ കുതിച്ചു ചാട്ടം കൊച്ചി മെട്രോയെ ട്രാക്കിൽ നിന്ന് കൊണ്ടെത്തിച്ചത് കന്നി പ്രവർത്തന ലാഭത്തിലേക്കും, മൂന്നിരട്ടിയോളം വരുമാന വർദ്ധനവിലേക്കും.


 
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടി കൊച്ചി മെട്രോ. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തിയ കൊച്ചി മെട്രോ നേടിയത് 5.35 കോടിയാണ്.

2020-21 വര്‍ഷത്തിലെ 54.32 കോടി രൂപ വരുമാനത്തിൽ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വര്‍ധിച്ചത്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവർത്തനലാഭത്തിലെത്താൻ കെ.എം.ആർ.എല്ലിനെ സഹായിച്ചത്. കോവിഡിനുശേഷം 2021 ജൂലൈയിൽ മെട്രോയിലെ ശരാശരി പ്രതിദിനയാത്രക്കാർ 12000 മാത്രമായിരുന്നു. എന്നാൽ 2022 സെപ്തംബറിൽ മെട്രോ യാത്രക്കാരുടെ എണ്ണം 75,000 ലേക്കുയർന്നു. ഈ വർഷം ജനുവരിയിൽ അത് 80,000 ആയി. ഇപ്പോൾ ദിവസത്തിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

2020-21കാലത്ത് 12.90 കോടി രൂപയായിരുന്നു ടിക്കറ്റ് നിരക്കില്‍നിന്നുള്ള വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത് 485 ശതമാനം വളര്‍ന്ന് 75.49 കോടി രൂപയിലെത്തി. പരസ്യങ്ങളില്‍നിന്നും മറ്റു പരിപാടികളില്‍നിന്നുമുള്ള ടിക്കറ്റിതര വരുമാനം മുന്‍വര്‍ഷത്തെ 41.42 കോടി രൂപയില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നതായും കെ.എം.ആര്‍.എല്‍. കണക്കുകള്‍ പറയുന്നു.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിനും സാങ്കേതികവിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലാഭമുയര്‍ത്തി ഇതിനുകൂടി വേണ്ട വരുമാനം കണ്ടെത്താനാണ് കെ.എം.ആര്‍.എല്‍. ന്റെ ഇനിയത്തെ ലക്‌ഷ്യം. പ്രവർത്തന ലാഭത്തിലായതോടെ കൂടുതൽ വികസനത്തിന് വേണ്ട നിക്ഷേപവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

കുറഞ്ഞ കാലയളവില്‍ പ്രവർത്തന ലാഭം എന്ന നേട്ടം തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതു ഗുണകരമായി. സെല്‍ഫ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വരുമാന വർദ്ധനവിനെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും മെട്രോയുടെ രണ്ടാം ഘട്ടംകൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ വലിയ പ്രവര്‍ത്തനലാഭത്തിലേക്ക് എത്താനാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version