ഇന്ത്യന്‍ സംരംഭക മേഖലയ്ക്ക് സന്തോഷ വാര്‍ത്ത. 50 മില്യണ്‍ ഡോളറിന് മുകളില്‍ ഫണ്ടിങ്ങുള്ള സ്റ്റാര്‍ട്ടപ്പുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഇന്ത്യ. 50 മില്യണ്‍ ഡോളര്‍ സംരംഭക മൂലധന (Venture Capital) നിക്ഷേപം ലഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ലഭിച്ചു. Start up Genome ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
12,400 സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 50 മില്യണ്‍ ഡോളറിന് മുകളില്‍ നിക്ഷേപം ലഭിച്ച സ്കെയിലപ്പ് സ്റ്റാർട്ടപ്പുകൾ
(scaleup) 429 എണ്ണമാണ്. ഇവയുടെ വിസി നിക്ഷേപം 127 മില്യണ്‍ ഡോളറാണ്. 446 ബില്യണ്‍ ഡോളറിന്റെ ആകെ ടെക് നിക്ഷേപക മൂല്യവുമുണ്ട്. യു.എസ് (7,184), ചൈന (1,491), യുകെ (623) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ലോക്കലി തുടങ്ങി ഗ്ലോബലി വളര്‍ത്തും
ഉയര്‍ന്ന സ്കെയില്‍ അപ്പ് റേറ്റിങ്ങാണ് ഇന്ത്യയ്ക്കെന്നും സര്‍വേ പറയുന്നു. ഇന്ത്യയിലെ സ്കെയില്‍ അപ്പുകളുടെ ഉപഭോക്താക്കള്‍ പകുതിയില്‍ കൂടുതലും രാജ്യത്തിന് പുറത്തു നിന്നുള്ളവരാണ്. ആഗോളതലത്തില്‍ വിപണിയുണ്ടാക്കാന്‍ ഇതുവഴി സ്കെയില്‍ അപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യ പോലെയുള്ള വലിയ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡൊമസ്റ്റിക്ക് മാര്‍ക്കറ്റില്‍ തന്നെ നേട്ടമുണ്ടാക്കാനും സാധിക്കുന്നുണ്ട്. രാജ്യത്തിന് പുറത്തേക്ക് വിപുലീകരിക്കുന്നതിന് മുമ്പ് തന്നെ യൂണികോണ്‍ സ്റ്റാറ്റസിലേക്ക് എത്താന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഇത് സഹായിക്കുന്നു. ലോക്കല്‍ കണക്ടഡ്നെസ് ഇന്‍ഡെക്സ് സ്കോര്‍ (LCIS) ആറോ അതില്‍ കൂടുതലോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.1 % സ്കെയില്‍ അപ്പ് ലഭിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന LCIS കാണിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വരുമാനം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളശൃംഖലയില്‍ ഭാഗമാകുന്നത് സ്കെയില്‍ അപ്പുകളുടെ വളര്‍ച്ചയെ സഹായിക്കുമെന്നും Startup Genome പറയുന്നു.
40 രാജ്യങ്ങളിലെ 80-ഓളം നഗരങ്ങളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്കെയില്‍ അപ്പുകളുടെ വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍, റിസോഴ്സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.