ചിത്രം വരയ്ക്കാന്‍ എഐ (AI), ശസ്ത്രക്രിയ ചെയ്യാന്‍ എഐ, കോടതിയില്‍ എഐ. എവിടെ നോക്കിയാലും എഐ ആണെങ്കിലും അങ്ങനെ കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ല ഈ മനുഷ്യനിര്‍മിത ബുദ്ധിയെ.
കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും എല്ലാവരും ആഘോഷിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്കൊപ്പം ഒരു റോബോര്‍ട്ട് ബാഡ്മിന്റണ്‍ കളിക്കുന്നു! അതും അസ്സലായി തന്നെ. ഭാവിയുടെ സ്‌പോര്‍ട്‌സ് എന്ന് വീഡിയോയ്ക്ക് കീഴെ കമന്റും നിറഞ്ഞു. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമന്വേഷിച്ച് ചെന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. അപ്പോള്‍ ആരാണ് ഈ വീഡിയോയ്ക്ക് പിന്നില്ലെന്നല്ലേ. എഐ തന്നെ.
യഥാര്‍ഥ വീഡിയോയില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നൊരു വ്യക്തിയാണ് ബാഡ്മിന്റണ്‍ കളിക്കുന്നത്. വ്യക്തിയെ മാറ്റി എഐ പകരം റോബോര്‍ട്ടിനെ വെക്കുകയായിരുന്നു. 2021-ല്‍ ഒരു ബാഡ്മിന്റണ്‍ ക്ലബ്ബ് പങ്കുവെച്ചതായിരുന്നു യഥാര്‍ഥ വീഡിയോ.
കള്ളകളി കണ്ടുപിടിക്കാന്‍
എഐയുടെ സഹായത്തോടെ ആര്‍ക്കുവേണമെങ്കിലും വീഡിയോയോ ഫോട്ടോയോ ഇഷ്ടം പോലെ മാറ്റിയെടുക്കാം. വ്യാജനാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും വരില്ല. അപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വീഡിയോകളും ചിത്രങ്ങളും വ്യാജനാണോ ഒറിജിനലാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്നല്ലേ.
ഫെയ്‌സ് ബുക്കിലോ ഗൂഗിളിലോ കീ വേര്‍ഡ് (keyword) സെര്‍ച്ച് ചെയ്ത് നോക്കുകയാണ് ആദ്യം വേണ്ടത്. യഥാര്‍ഥ വീഡിയോ, ആരാണ് അത് ‘അപ് ലോഡ്’ ചെയ്തത് തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി അറിയാന്‍ പറ്റും. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് (reverse image search) വഴിയും വീഡിയോകളുടെയോ ഫോട്ടോകളുടെയോ സത്യാവസ്ഥ അറിയാം. ആവശ്യമെങ്കില്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിന്റെ (Virtual Private Network) സഹായവും തേടാം.