ലോകടൂറിസം ദിനത്തില്‍ പുരസ്കാരത്തിളക്കവുമായി കേരള ടൂറിസവും കാന്തല്ലൂരും.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ തേടിയെത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് അവർഡ്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി ഐ എ എസ് കാന്തല്ലൂരിനുള്ള പുരസ്കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ഐ എ എസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ.രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

രാജ്യത്തിന് തന്നെ വിനോദ സഞ്ചാര മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷനും കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കിയിരുന്നു. കഴിഞ്ഞ എട്ടു മാസമായി നടന്ന പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളില്‍ അഞ്ച് എണ്ണത്തിന് സ്വര്‍ണവും പത്ത് ഗ്രാമങ്ങള്‍ക്ക് വെള്ളിയും ഇരുപത് ഗ്രാമങ്ങള്‍ക്ക് വെങ്കലവും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കാന്തല്ലൂര്‍.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഈ ദേശീയ പുരസ്കാരം ലഭിച്ചത് കൂടുതല്‍ ഹൃദ്യമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതികള്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ബഹുമതി. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി തുടര്‍ച്ചയായി അംഗീകരിക്കപ്പെടുന്നു എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി

പദ്ധതിയുടെ ഭാഗമായി സ്പെഷല്‍ ടൂറിസം ഗ്രാമസഭകള്‍, ടൂറിസം റിസോര്‍സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കല്‍, വിവിധ പരിശീലനങ്ങള്‍, ചെറുകിട ഇടത്തരം സംരഭങ്ങളുടെ രൂപീകരണം-രജിസ്ട്രേഷന്‍ എന്നിവ വിജയകരമായി നടപ്പാക്കി. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയെന്ന പ്രത്യേകതയുമുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് ടൂറിസം സംരംഭങ്ങള്‍, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് പഞ്ചായത്തുതല രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി.

സ്ട്രീറ്റിലൂടെ മുഖം മിനുക്കി കാന്തല്ലൂർ

ഗ്രാമീണ-കാര്‍ഷിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകള്‍ നടപ്പാക്കിയതും ടൂര്‍ പാക്കേജുകള്‍ക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. കൃത്യമായ ഇടവേളകളില്‍ സംരഭക ശില്‍പശാലകളും വിലയിരുത്തല്‍ യോഗങ്ങളും നടന്നു. സുരക്ഷാപഠനത്തിലൂടെ കണ്ടെത്തിയ പരിമിതികള്‍ പരിഹരിക്കുന്നതിനായി പൊതു ശൗചാലയങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം, പൊതു വാട്ടര്‍ വെന്‍ഡിങ്ങ് മെഷീനുകള്‍ എന്നിവയും ഉറപ്പാക്കി.

ഡെസ്റ്റിനേഷന്‍ സൈന്‍ ബോര്‍ഡുകള്‍ ഉറപ്പാക്കിയതിനൊപ്പം മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതിയും നടപ്പാക്കി. വീടുകളില്‍ നിന്നും ടൂറിസം സംരംഭങ്ങളില്‍ നിന്നും ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തി. യൂസര്‍ ഫീ വാങ്ങി നടപ്പാക്കുന്ന മാലിന്യ സംസ്കരണം സുഗമമാക്കുന്നതിനായി ട്രാക്ടറുകളും ഇതര വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഗ്രീന്‍ സ്ട്രീറ്റ്, വെജിറ്റബിള്‍ സ്ട്രീറ്റ്, ഫ്രൂട്ട് സ്ട്രീറ്റ് , ഫ്ളവര്‍ സ്ട്രീറ്റ് എന്നിങ്ങനെ ടൂറിസം സര്‍ക്യൂട്ടുകള്‍ തരംതിരിച്ചിച്ചായിരുന്നു പ്രവര്‍ത്തനം.

ഗ്രീന്‍ സ്ട്രീറ്റിന്‍റെ ഭാഗമായി കാന്തല്ലൂര്‍ പഞ്ചായത്തിനെ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഹരിത ചെക്ക്പോസ്റ്റ് ഏര്‍പ്പെടുത്തി. തുണിസഞ്ചികള്‍ വിതരണം ചെയ്ത ശേഷവും പ്ലാസ്റ്റിക് ഉപയോഗിച്ച സംരംഭങ്ങള്‍ക്ക് പിഴ ഈടാക്കി. ടൂറിസ്റ്റുകളെ യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും പഞ്ചായത്ത് – പൊലീസ് – മോട്ടോര്‍ വാഹനവകുപ്പ് – ഉത്തരവാദിത്ത ടൂറിസം മിഷന്‍ എന്നിവയുടെ അനുമതിയോടെ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ബാഡ്ജ് ഏര്‍പ്പെടുത്തി.

ഉത്തരവാദിത്ത ടൂറിസം മിഷനും യുഎന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി വിമണ്‍ ഒണ്‍ലി ടൂറുകളും ആരംഭിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കൊപ്പം പ്രസിഡന്‍റ് പി.ടി. മോഹന്‍ ദാസ് ചെയര്‍മാനും ഉത്തര വാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററും റൂറല്‍ ടൂറിസം, റൂറല്‍ ഹോം സ്റ്റേയ്സ്, സസ്റ്റെനബിള്‍ ടൂറിസം സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ കെ. രൂപേഷ് കുമാര്‍ കണ്‍വീനറുമായുള്ള മേല്‍നോട്ട സമിതിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version