ഒരുക്കെട്ട് ചീരവാങ്ങാന് കാറില്‍ പോകുന്നതില്‍ അത്ഭുതമൊന്നുമില്ല,
എന്നാല്‍ 44 ലക്ഷത്തിന്റെ ഔഡി എ4 (Audi A4)-ല്‍ ചീര വില്ക്കാന് വരുന്നത് ഒരു അത്ഭുതമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് ‘ഔഡിയിലെ’ ഈ ചീരക്കച്ചവടം.
ചേര്‍ത്തലയില്‍ നിന്നുള്ള കാര്‍ഷിക കണ്‍സള്‍ട്ടന്റും കൃഷിക്കാരനുമായ സുജിത് എസ്പിയാണ് ഔഡിയില്‍ ചീരവിറ്റയാള്.
വെറൈറ്റി ഫാര്‍മര്‍ (Variety farmer) എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ സുജിത് ഷെയര്‍ ചെയ്ത പോസ്റ്റ് ഇതിനകം കണ്ടത് 76 ലക്ഷം പേരാണ്. സാങ്കേതിക വിദ്യ സംയോജിപ്പിച്ചുകൊണ്ടുള്ള സുജിത്തിന്റെ കൃഷി രീതി മുമ്പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂതന കൃഷി രീതികള്‍ പരീക്ഷിച്ച് വിജയിച്ച സുജിത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൃഷിയുടെ വളയം പിടിച്ച്
ടാക്സി ഡ്രൈവറുടെ കുപ്പായം അഴിച്ചുവച്ചാണ് സുജിത്ത് കൃഷിയിലേക്കിറങ്ങുന്നത്.
തുടക്കത്തില്‍ പാട്ടത്തിന് സ്ഥലമെടുത്താണ് സുജിത്ത് കൃഷിപ്പണി തുടങ്ങിയത്. നൂതന സാങ്കേതി വിദ്യയുടെ സഹായം കൃഷിയില്‍ പ്രയോഗിച്ചതോടെ സുജിത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പുതിയ കൃഷി രീതികളും പലതരം വിളവുകളെയും പരിചയപ്പെടുത്തുന്ന വീഡിയോകളും സുജിത്ത് പോസ്റ്റ് ചെയ്യാറുണ്ട്.
സുജിത്തിന്റെ ടെക്കി കൃഷിക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃഷിയില്‍ നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന സുജിത്തിന്റെ വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരുണ്ട്.