വ്യവസായത്തിൽ മാത്രമല്ല, ഫണ്ടിങ്ങിലും നിക്ഷേപങ്ങളിലും സ്വന്തമായൊരു സ്റ്റൈൽ രത്തൻ ടാറ്റയ്ക്കുണ്ട്. മികച്ച സ്റ്റാർട്ടപ്പുകൾ കണ്ടാൽ അതിൽ നിക്ഷേപം നടത്താൻ ഒരു മടിയും രത്തൻ ടാറ്റ കാണിക്കാറില്ലെന്ന് എല്ലാവർക്കുമറിയാം. സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്ന ടാറ്റയുടെ ഈ സ്വഭാവത്തിന് ആരാധകരും ഏറെയാണ്.ടാറ്റയിൽ നിന്നുള്ള നിക്ഷേപം ലഭിച്ചുവെന്ന ഒറ്റ ലേബൽ മതി സ്റ്റാർട്ടപ്പുകൾക്ക് പബ്ലിസിറ്റിയും സാമ്പത്തികവും ബ്രാൻഡും ഉണ്ടാക്കാൻ.
ഒല ഇലക്ട്രിക് (Ola Electric), പേടിഎം (Paytm), സിവാമീ (Zivame)…. രത്തൻ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാർട്ടപ്പുകൾ കുറച്ചൊന്നുമല്ല. മുപ്പതിലധികം സ്റ്റാർട്ടപ്പുകളിൽ ടാറ്റ ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്വന്തം നിലയിലും ടാറ്റയുടെ നിക്ഷേപ കമ്പനിയായ ആർഎൻടി കാപ്പിറ്റൽ അഡ് വൈസർ (RNT Capital Advisor) വഴിയും.
ഒല (Ola)
415 ലക്ഷം കോടി മൂല്യമുള്ള രാജ്യത്തെ ഒമ്പത് യൂണികോൺ സ്റ്റാർട്ടപ്പുകളിലൊന്നാണ് ഒല. ആപ്പിലൂടെ നേരത്തെ കണക്കാക്കിയ നിരക്കിൽ ആർക്കും എവിടെ നിന്നും ടാക്സി ബുക്ക് ചെയ്യാം. കോസ്റ്റ് എഫക്ടീവും ലക്ഷ്വറിയും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിച്ചതോടെ ആളുകൾ ഒലയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2010-ൽ തുടങ്ങിയ ഒലയിൽ അഞ്ച് വർഷം കഴിഞ്ഞപ്പോൾ തന്നെ ടാറ്റയുടെ നിക്ഷേപമെത്തി. സ്വന്തം നിലയിൽ 95 ലക്ഷം രൂപയാണ് അന്ന് ടാറ്റ ഒലയിൽ നിക്ഷേപിച്ചത്. പിന്നീട് ടാറ്റയുടെ തന്നെ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ആർഎൻടി കാപ്പിറ്റൽ അഡ് വൈസർ വഴി 400 കോടിയുടെ നിക്ഷേപവും നടത്തി.
ഗുഡ് ഫെലോസ് (Goodfellows)
രത്തൻ ടാറ്റ പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഏറ്റവും പുതിയതാണ് ഗുഡ് ഫെല്ലോസ്. പ്രായമായവർക്കുള്ള കമ്പാനിയൻഷിപ്പാണ് ഗുഡ് ഫെല്ലോസിന്റെ പ്രത്യേകത. ടാറ്റയുടെ കമ്പനിയിൽ ജനറൽ മാനേജറായിരുന്ന ശാന്തനു നായിഡുവിന്റേതാണ് സംരംഭം.
ബിരുദധാരികളായ ചെറുപ്പക്കാർക്ക് ജോലി സാധ്യതയും ഗുഡ് ഫെലോസ് നൽകുന്നു. 2022-ലാണ് ഗുഡ് ഫെലോസിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തുന്നത്.
ഫസ്റ്റ് ക്രൈ (FirstCry)
ശിശു പരിചരണവുമായി ബന്ധപ്പെട്ട ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമാണ് ഫസ്റ്റ് ക്രൈ. ബ്രെയിൻബീസ് സൊല്യൂഷൻസിന്റെ (BrainBees Solutions) ഉടമസ്ഥതയിലുള്ള ഫസ്റ്റ് ക്രൈ ഓൺലൈനായും ഓഫ്ലൈനായും ഉത്പന്നങ്ങൾ വിൽക്കുന്നു. 2016-ലാണ് രത്തൻ ടാറ്റ ഫസ്റ്റ് ക്രൈയിൽ നിക്ഷേപം നടത്തുന്നത്. എത്രയാണ് ടാറ്റയുടെ നിക്ഷേപമെന്നത് രഹസ്യമാണ്.
ലെൻസ്കാർട്ട് (Lenskart)
രാജ്യത്താകമാനം ബ്രാഞ്ചുകളുള്ള കണ്ണട ബ്രാൻഡായ ലെൻസ് കാർട്ടിലും ടാറ്റയുടെ നിക്ഷേപമുണ്ട്. സൺഗ്ലാസ്, ഐ ഗ്ലാസ്, കോൺടാക്ട് ലെൻസ് തുടങ്ങിയവയുടെ വിപുലമായ ശേഖരമുള്ള ലെൻസ്കാർട്ടിന് ആരാധകരേറെയാണ്.
2016 ഏപ്രിലിലാണ് ടാറ്റ ലെൻസ്കാർട്ടിൽ നിക്ഷേപം നടത്തുന്നത്. ഫിനാൻഷ്യൽ ഇൻവെസ്റ്റർ എന്നതിനേക്കാൾ ലെൻസ്കാർട്ടിന് ടാറ്റ മെന്ററ്ററും ഉപദേശകനുമാണെന്ന് കമ്പനി പറയുന്നു. ടാറ്റയെ കൂടാതെ ടിപിജി ഗ്രൂപ്പ് (TPG Group), ഐഡിജി വെഞ്ച്വേഴ്സ് ഇന്ത്യ (IDG Ventures India), യൂണിലേസർ വെഞ്ചേഴ്സിന്റെ (Unilazer) സ്ഥാപകൻ റോണി സ്ക്രൂവല (Ronnie Screwvala) എന്നിവരും ലെൻസ്കാർട്ടിൽ നിക്ഷേപമുള്ളവരാണ്.
കാഷ്കരോ (Cashkaro)
കാഷ്ബാക്ക് സ്കീമുകളെയും കൂപ്പണുകളെയും കുറിച്ചറിയാനാണെങ്കിൽ ആദ്യം ആളുകൾ ആശ്രയിക്കുക കാഷ് കരോ വെബ്സൈറ്റിനെ ആയിരിക്കും. 2013-ൽ ഗുരുഗ്രാമിൽ സ്വാതി-റോഹൻ ഭാർഗവ തുടങ്ങിയതാണ് കമ്പനി. കാഷ്കരോയെ ശ്രദ്ധിച്ച ടാറ്റ 2016 ജനുവരിയിൽ നിക്ഷേപം നടത്തുകയും ചെയ്തു. ആഗോളവിപണിയിലേക്ക് ചുവടുവെക്കാനും ടെക്നോളജി വികസിപ്പിക്കാനും ടാറ്റയുടെ സഹായം കൊണ്ട് കഴിഞ്ഞതായി കമ്പനി പറഞ്ഞു.
അർബൻ ലാഡർ (Urban Ladder)
ബംഗളൂരുവിലെ ഗൃഹോപകരണ വിൽപ്പന മേഖലയിൽ പ്രവർത്തിക്കുന്ന അർബൻ ലാഡറിൽ ടാറ്റയുടെ നിക്ഷേപമെത്തുന്നത് 2015 നവംബറിലാണ്.
12 ഇന്ത്യൻ നഗരങ്ങളിൽ അർബൻ ലാഡറിന് ബ്രാഞ്ചുകളുണ്ട്. സ്നാപ്പ് ഡീലിന് ശേഷം ടാറ്റ സ്വന്തമായി നിക്ഷേപം നടത്തുന്ന രണ്ടാമത്തെ സ്റ്റാർട്ടപ്പാണ് അർബൻ ലാഡർ.
ക്യൂർ ഡോട്ട് ഫിറ്റ് (Cure.Fit)
ഫിറ്റ്നെസ്സിനും ഹെൽത്തിനും വേണ്ടിയുള്ള ഓൺലൈൻ പോർട്ടലാണ് ക്യൂർ ഡോട്ട് ഫിറ്റ്. ക്യൂർഡോട്ട് ഫിറ്റിന്റെ വിജയം ടാറ്റയുടെ നിക്ഷേപത്തിലേക്ക് വഴിവെച്ചു. ഈറ്റ് ഡോട്ട് ഫിറ്റ് (Eat.fit),
കെയർ ഡോട്ട് ഫിറ്റ് (care.fit), മൈൻഡ് ഡോട്ട് ഫിറ്റ് (Mind.fit) എന്നിവയിലൂടെ സംരംഭം കൂടുതൽ വിപുലപ്പെടുത്തിയിരിക്കുകയാണ് ക്യൂർ ഡോട്ട് ഫിറ്റ്.
നെസ്റ്റ് എവേ (NestAway)
ഇന്ത്യൻ നഗരങ്ങളിൽ വാടക വീടു തേടുന്നവർക്കായുള്ള പ്ലാറ്റ് ഫോമാണ് നെസ്റ്റ് എവേ. ടെക്നോളജയുടെ സഹായത്തോടെ വാടക വീടുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും മാറാനും നെസ്റ്റ് എവേ സഹായിക്കും. ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, പൂനെ, മുംബൈ, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം നെസ്റ്റ് എവേ പ്രവർത്തിക്കുന്നു. 2017-ലാണ് നെസ്റ്റ് എവേയിൽ ടാറ്റ നിക്ഷേപം നടത്തുന്നത്.
സിവാമേ (Zivame)
റിച്ച കൗർ, കപിൽ കരേക്കർ എന്നിവർ ചേർന്ന് 2011-ൽ ബെംഗളൂരുവിലാണ് സിവാമീ തുടങ്ങുന്നത്. ചുരുങ്ങിയ വർഷം കൊണ്ട് ഇന്ത്യയിലെ ലിങ്കരി, ഇന്റിമേറ്റ് വിയർ ബ്രാൻഡായി സിവാമീ വളർന്നു. സിവാമീയിൽ 2015-ലാണ് ടാറ്റ നിക്ഷേപം നടത്തുന്നത്.
പേടിഎം (Paytm)
മൊബൈൽ റീചാർജ് ചെയ്യാനുള്ള പ്ലാറ്റ് ഫോം എന്ന നിലയിലാണ് പേടിഎമ്മിന്റെ തുടക്കം. റിസർവ് ബാങ്കിൽ നിന്ന് ലൈസൻസ് നേടി ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്കായി മാറി പേടിഎം. ദശലക്ഷകണക്കിന് ഉപഭോക്താക്കളുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയാണ് പേടിഎം. ഒരു കോടിയുടെ ഫണ്ടിങ് റൈസിങ്ങിലൂടെയാണ് രത്തൻ ടാറ്റ 2015-ൽ പേടിഎമ്മിൽ നിക്ഷേപമിടുന്നത്. പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്യൂണിക്കേഷന്റെ (one97 Communication) ബിസിനസ് അഡൈ്വസർ സ്ഥാനത്തേക്ക് രത്തൻ ടാറ്റ അതോടെ എത്തുകയും ചെയ്തു.
ടാറ്റ തേടുകയാണ് പുതിയ ആശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും. അടുത്തത് നിങ്ങളായിരിക്കാം.
Despite being an influential philanthropist and an industry veteran, the former Chairman of Tata Sons, Ratan Naval Tata is also an avid investor, who has made numerous investments in several startups. As an angel investor from Mumbai, Ratan Tata has reportedly invested in around 50-plus companies till now, ever since he retired from the helm of Tata Groups.
Channel IAM Malyalam ഇപ്പോൾ വാട്ട്സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്ത് ഇന്നുതന്നെ സബ്സ്ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X