മണ്ണിൽ വീണാൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും നശിക്കില്ല, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം, നിരോധിക്കുന്നതിനനുസരിച്ച് പല രൂപത്തിൽ പിന്നെയുമെത്തും. പറഞ്ഞു വരുന്നത് പ്ലാസ്റ്റിക്കിനെ കുറിച്ചാണ്. പ്ലാസ്റ്റിക്കിൽ ഉത്പന്നങ്ങളിൽ ഏറ്റവും പ്രശ്‌നക്കാരനാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
പ്ലാസ്റ്റിക്ക് സഞ്ചികളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ കണ്ടാണ് വയനാട് പനമരത്തെ നീരജ് പേപ്പർ ബാഗുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ പേപ്പർ ബാഗ് വിചാരിച്ച പോലെ പ്രകൃതി സൗഹൃദമല്ലെന്ന് തോന്നി. പിന്നെ തുണി ബാഗിനെ കുറിച്ചായി ആലോചനയും അന്വേഷണവും. അതിലും തൃപ്തിയില്ലാതെ വന്നപ്പോഴാണ് നീരജ് മറ്റു ബദൽ മാർഗങ്ങൾ തപ്പി പോയത്. ആ അന്വേഷണമാണ് പനമരം കായക്കുന്നിൽ ആഡ്‌സ് ഗ്രീൻ പ്രൊഡക്ട്‌സ് (Ads Green Products) എന്ന സംരംഭമായി വളർന്നത്. ഇവിടെയുണ്ടാക്കുന്നത് പേപ്പർ ബാഗുകളോ തുണി ബാഗുകളോ അല്ല, നമുക്ക് അത്ര പരിചിതമല്ലാത്ത അന്നജ (Starch) ബാഗുകളാണ്.

അന്നജം കൊണ്ടുള്ള സഞ്ചി
മാനന്തവാടിയിലെ പികെ കാളൻ മെമ്മോറിയൽ കൊളജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബിരുദമെടുത്ത നീരജ് ഡേവിഷ് കുറച്ച് കാലം അച്ഛന്റെ സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തതിന് ശേഷമാണ് സ്വന്തം സംരംഭം തുടങ്ങാനിറങ്ങുന്നത്. ഏത് മേഖലയിൽ സംരംഭം തുടങ്ങണമെന്നതിൽ സംശയമേയുണ്ടായിരുന്നില്ല, പ്ലാസ്റ്റിക് ബാഗുകൾക്ക് ബദൽ നിർമിക്കണം.

നോൺവൂവൺ (non-woven), തുണി, പേപ്പർ ബാഗ് നിർമാണമായിരുന്നു മനസിൽ ആദ്യമെത്തിയത്. എന്നാൽ മൂന്നിനും ദോഷവശങ്ങളുണ്ടെന്ന് തോന്നിയപ്പോൾ ഒഴിവാക്കി. മികച്ച പ്രകൃതി സൗഹാർദ ബാഗിനായി പലയിടത്തും അന്വേഷണം നടത്തി. അങ്ങനെയാണ് ജർമനിയിലും മറ്റും പരീക്ഷിച്ച് വിജയിച്ച സ്റ്റാർച്ച് ബാഗുകൾ അഥവാ അന്നജ ബാഗുകളിൽ കണ്ണുടക്കുന്നത്. പിന്നീട് അന്നജ ബാഗുകൾക്ക് പിന്നാലെയായിരുന്നു നീരജ് കുറച്ച് കാലം.

കപ്പയിലും ചോറിലും ചോളത്തിലുമെല്ലാമുള്ള അന്നജം പ്രത്യേക രീതിയിൽ സംസ്‌കരിച്ച് ഗ്രാന്യൂളിന്റെ (granule) രൂപത്തിലാക്കിയാണ് ബാഗിനു വേണ്ടിയുള്ള അസംസ്‌കൃതവസ്തുവുണ്ടാക്കുന്നത്. പ്രധാനമായും ഭക്ഷണ അവശിഷ്ടങ്ങളാണ് അന്നജ ഗ്രാന്യൂളുണ്ടാക്കാനായി ഉപയോഗിക്കുന്നത്.

ആവശ്യക്കാരേറി
ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്ന് ബാഗ്, സംഗതി കൊള്ളാമെന്ന് നീരജിന് തോന്നി. ഇനി അത് എങ്ങനെ സംരംഭമാക്കാമെന്നായി അടുത്ത ആലോചന. അന്നജ ബാഗ് ഇന്ത്യയിൽ അത്ര പരിചിതമല്ല എന്ന് അപ്പോഴാണ് മനസിലായത്. ഇന്ത്യയിൽ അന്നജ ഗ്രാന്യൂൾ നിർമാണ ഫാക്ടറികളുണ്ടെങ്കിലും വലിയ വിലയാണ് ഈടാക്കുന്നത്. അങ്ങനെ ബാഗ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. ഇറക്കുമതിയെ ആശ്രയിക്കാൻ കാരണം വില കുറവും ഗുണമേന്മയുമാണ്. പ്രധാനമന്ത്രി എംപ്ലോയിമെന്റ് ജനറേഷൻ പ്രോഗ്രാം സ്‌കീം വഴിയാണ് സംരംഭത്തിന് ആവശ്യമായ നിക്ഷേപം കണ്ടെത്തിയത്. അച്ഛൻ അനിൽ ഡേവിഷിന്റെ സഹായവുമുണ്ടായിരുന്നു. നിലവിൽ ഏഴുപേർക്ക് നേരിട്ടും പത്തോളം പേർക്ക് അല്ലാതെയും ജോലി കൊടുക്കുന്നു.

രണ്ടുവർഷം മുമ്പ് സ്ഥാപനം തുടങ്ങുമ്പോൾ ഒരു ടണ്ണോളം മാത്രമേ നിർമാണമുണ്ടായിരുന്നുള്ളു. അന്നജ ഗ്രാന്യൂളായ പിഡിഎടി (PDAT)യും കാത്സ്യവും പ്രത്യേക അനുപാതത്തിൽ ചേർത്ത് ഉരുക്കിയെടുക്കുകയാണ് അന്നജ ബാഗ് നിർമാണത്തിന്റെ ആദ്യ പടി. തുടർന്ന് ഇവയെ ചുരുളകളാക്കി മാറ്റി ലൈസൻസ് വിവരങ്ങളും, ക്യൂആർ കോഡും പ്രിന്റ് ചെയ്ത് മുറിച്ചെടുക്കും.

കൊച്ചി സെന്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജയിൽ (CIPET), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്ന് ലൈസൻസും മറ്റും ലഭിക്കാനാണ് കുറച്ച് സമയമെടുത്തത്. എന്നാൽ ഉത്പന്നം വിപണിയിലെത്തിയതോടെ വിചാരിച്ചതിലും വലിയ ഡിമാന്റുണ്ടാക്കാൻ കഴിഞ്ഞു. ഇപ്പോൾ മാസം 8-10 ടൺ വരെ നിർമാണം നടക്കുന്നുണ്ട്. പ്രധാനമായും കേരളം തന്നെയാണ് ആഡ്‌സ് ഗ്രീൻ പ്രോഡക്ടിന്റെ നിലവിലെ വിപണി. കൂടാതെ ചെന്നൈ, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ആഡ്‌സ് അന്നജ ബാഗുകൾ കയറ്റി അയക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയും ഉപയോഗിച്ചവർ പറഞ്ഞറിഞ്ഞും ആഡ്‌സ് ഗ്രീൻ അന്നജ ബാഗുകൾ ചോദിച്ച് ആളുകളെത്തുന്നു.

Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version