ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‌നങ്ങൾക്ക് പുതു പ്രതീക്ഷ, സെമികണ്ടക്ടറിന് സബ്‌സിഡി ആവശ്യപ്പെടാനൊരുങ്ങി ടാറ്റ. കേന്ദ്ര സർക്കാരിന്റെ സെമികണ്ടക്ടർ സബ്‌സിഡി സ്‌കീമിൽ ടാറ്റ അപേക്ഷിക്കുന്നു.

3-6 മാസത്തിനുള്ളിൽ സർക്കാരിന് നിർദേശം തയ്യാറാക്കി നൽകാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സെമികണ്ടക്ടർ നിർമാണത്തിൽ ടാറ്റ വിദേശ പങ്കാളിത്തതിനും ശ്രമിക്കുന്നുണ്ട്. ടാറ്റ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ അധികം വൈകാതെ സെമികണ്ടക്ടർ നിർമാണ ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും. കേന്ദ്ര സർക്കാരിന് പുറമേ ഗുജറാത്ത്, കർണാടക, തമിഴ് നാട് സർക്കാരുകളുടെയും പിന്തുണയ്ക്ക് ടാറ്റ ശ്രമിക്കുന്നുണ്ട്.

ചിപ്പ് നിർമാണത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് കഴിഞ്ഞ വർഷമാണ് ടാറ്റ സൺസിന്റെ (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N Chandrasekaran) വെളിപ്പെടുത്തിയത്. ചിപ്പ് നിർമാതാക്കളുടെ പങ്കാളിത്തതോടെ ഇത് നടപ്പാക്കാനാണ് ടാറ്റയുടെ തീരുമാനം. വൈകാതെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാറ്റ് ഫോം ടാറ്റ ലോഞ്ച് ചെയ്യുമെന്ന് സൂചനയുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം വിളിച്ച സെമികണ്ടക്ടർ ഡിസ്‌പ്ലേ പ്രോപ്പസലിൽ ടാറ്റ പങ്കെടുത്തിരുന്നില്ല. അതിനാൽ തീരുമാനം പുതുതായി എടുത്തതാണെന്ന് അനുമാനിക്കുന്നു.

സെമികണ്ടക്ടർ ഹബ്ബായി ഇന്ത്യ മാറണമെങ്കിൽ അന്താരാഷ്ട്ര കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ടാറ്റ ഒ.എസ്.എ.ടി.(OSAT) ചീഫ് എക്‌സിക്യൂട്ടീവ് രാജ മാണിക്കം (Raja Manickam) പറഞ്ഞു. പകരം പ്രാദേശിക കമ്പനികളെ കൂടതൽ പ്രോത്സാഹിപ്പിക്കണം.

പണ്ടേ തുടങ്ങിയ സ്വപ്നം

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായ അതേ വർഷമാണ് അമേരിക്ക ആദ്യത്തെ സെമികണ്ടക്ടർ ആംബ്ലിഫൈർ നിർമിച്ച് വിജയിക്കുന്നത്. ഇന്ന് സെമികണ്ടക്ടർ നിർമാണ മേഖലയിൽ സ്വന്തമായി സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സുസ്ഥിര സെമി കണ്ടക്ടറുകൾ വികസിപ്പിക്കാനും മറ്റുമാണ് 2021ൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇന്ത്യ സെമികണ്ടക്ടർ മിഷൻ നടപ്പാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതി കൂടിയാണിത്. 76,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. നിർമാണം, പാക്കിങ്, ഡിസൈൻ യൂണിറ്റ് എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. അമേരിക്കൻ ടെക് കമ്പനിയായ മൈക്രോൺ (Micron) ഗുജറാത്തിൽ ടെസ്റ്റിങ് ആൻഡ് അസംബ്ലി കേന്ദ്രം തുടങ്ങാൻ പോകുന്നത് ഈ സബ്‌സിഡി സ്‌കീമിലാണ്. ഇതൊഴിച്ചാൽ സെമികണ്ടക്ടർ മേഖലയിൽ കാര്യമായ മുന്നേറ്റം കൊണ്ടുവരാൻ പദ്ധതിയിലൂടെ കഴിഞ്ഞിരുന്നില്ല. സെമികണ്ടക്ടർ മേഖലയിലേക്ക് ടാറ്റയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയെ കൂടാതെ വേദാന്തയും (Vedanta) ഫോക്‌സ്‌കോണും (Foxconn) ഇന്ത്യയിൽ സെമികണ്ടക്ടർ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version