വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനയിലെ ഷാൻഹായ് തുറമുഖത്തു നിന്നുള്ള കപ്പലായ ‘ഷെൻ ഹുവ 15’ ആണ് വ്യാഴാഴ്ച രാവിലെ തുറമുഖത്തേക്കുള്ള ക്രയിനുകളുമായി വിഴിഞ്ഞത്തെത്തിയത്.
തുറമുഖത്തേക്കെത്തിയ ‘ഷെൻ ഹുവ 15’ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. 100 മീറ്റര്‍ ഉയരമുള്ള അത്യാധുനിക ക്രെയ്നുകൾ വഹിച്ചുള്ള കപ്പലിനെ ബര്‍ത്തിലേക്ക് കൊണ്ടുവന്നു.
കപ്പലിനെ ഔദ്യോഗികമായി ഒക്ടോബര്‍ 15ന് സംസ്ഥാനം സ്വീകരിക്കും. സാങ്കേതിക വശങ്ങള്‍ പരിശോധിക്കാനാണ് ഇപ്പോൾ കപ്പലിനെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്.
2024 ഡിസംബറിൽ വിഴിഞ്ഞം ചരക്കു നീക്കത്തിന് പൂർണ്ണമായി സജ്ജമാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കു കൂട്ടൽ. തുറമുഖത്തിന് വേണ്ട സാങ്കേതിക ഒരുക്കങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുകയാണ്. തുടക്കത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിന്റെ 90 % കടൽമാർഗമാണ്. 10 % ചരക്കുകൾ കരമാർഗ്ഗമെത്തും. ആദ്യ ഘട്ടത്തിൽ 650 പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ് കുമാർ അറിയിച്ചു.
2960 മീറ്റർ പുലിമുട്ട് നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതി പൂർത്തീകരണത്തിനായി കൃത്യമായ പ്രവർത്തന കലണ്ടർ തയാറാക്കിയിരുന്നു. പുലിമുട്ടിനായി നൽകേണ്ട ആദ്യഗഡു 450 കോടി രൂപ കമ്പനിക്കു കൈമാറി. വിഴിഞ്ഞം മുതൽ ബാലരാമപുരംവരെയുള്ള റെയിൽവേ ലൈനിനു കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. തുറമുഖത്തെ ദേശിയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണം അന്തിമ ഘട്ടത്തിലാണ് . വിഴിഞ്ഞത്തു ഹെവി ലോഡ് കാരിയർ കപ്പലെത്തിയതോടെ തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 30നാണ് ഷാൻഹായ് തുറമുഖത്തു നിന്ന് കപ്പല്‍ യാത്ര പുറപ്പെട്ടത്. സെപ്റ്റംബര്‍ 24ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ബുധനാഴ്ച വിഴിഞ്ഞത്തെ പുറംകടലില്‍ എത്തിയ ‘ഷെന്‍ ഹുവ 15’ യെ രാവിലെ പദ്ധതി പ്രദേശത്തെത്തിക്കുകയായിരുന്നു.
കപ്പലിൽ എത്തിച്ച പോസ്റ്റ് പനാമാക്സ് എന്ന ക്രയിനിനു 1750 ടണ്ണും, യാർഡ് ക്രയിനിനു 624 ടണ്ണും ഭാരമുണ്ട്. ഇതുമായി വന്ന കപ്പലിനെ തടസ്സങ്ങളൊന്നും കൂടാതെ തീരത്തെത്തിച്ചത് വലിയ നേട്ടമായാണ് കരുതുന്നത്.
മറ്റു ക്രെയ്നുകളെ വഹിച്ചുകൊണ്ടുള്ള കപ്പലുകള്‍ വരും ദിവസങ്ങളിലായി എത്തുമെന്നാണ് സൂചന. രാജ്യത്തെ ആദ്യ ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും ചേര്‍ന്ന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. 20മീറ്ററിലധികം ആഴമുള്ള തുറമുഖത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം മെയ്യില്‍ പൂര്‍ത്തിയാകും.
ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാവുന്ന സൗകര്യമുള്ള തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്രതലത്തില്‍ ക്രൂസ് ഒപ്പറേഷനുകള്‍ നടക്കാനിരിക്കുന്ന വിഴിഞ്ഞം വന്‍ ജോലി സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്. സഞ്ചാരികളുടെ കാര്യത്തിലും വിഴിഞ്ഞം കേരളത്തിനു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. 2024 ന് തുറമുഖം പൂര്‍ണമായി സജ്ജമാകാനാണ് ലക്ഷ്യമിടുന്നത്.