മുകേഷ് അംബാനി (Mukesh Ambani)
റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) ചെയർമാൻ മുകേഷ് ധീരുഭായി അംബാനി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ഒന്നാമതെത്തുന്നത്. റിലയൻസ് ബോർഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് മക്കളെ കൊണ്ടുവരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് നേട്ടം തെളിയിക്കുന്നു. ജിയോ ഫിനാൻഷ്യൽ സർവീസിന്റെ സേവനങ്ങളും അംബാനിയെ സഹായിച്ചു. 7.6 ലക്ഷം കോടിയുടെ ആകെ മൂല്യവുമായാണ് മുകേഷ് അംബാനി ഫോബ്‌സിന്റെ ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്.
ഗൗതം അദാനി (Gautam Adani)
കഴിഞ്ഞ വർഷം ഇന്ത്യൻ കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിഡൻബർഗ് റിപ്പോർട്ട് അദാനിയെ ഉലച്ചു, ആസ്തിയെയും. ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തിലെത്താൻ അദാനിക്ക് അപ്പോഴും കഴിഞ്ഞു. ആകെ മൂല്യം 82 ബില്യൺ ഡോളറിൽ നിന്ന് 68 ബില്യൺ ഡോളറിലേക്ക് വീഴിക്കാൻ ഹിഡൻബർഗ് റിപ്പോർട്ടിന് കഴിഞ്ഞു.
ശിവ് നഡ്ഡാർ (Shiv Nadar)
ഫോബ്സ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയ ധനികനായ ഇന്ത്യകാരൻ എച്ച്സിഎൽ (HCL) ടെക്നോളജിയുടെ ശിവ് നഡ്ഡാർ ആണ്. ഇന്ത്യയിൽ സോഫ്റ്റ് വെയർ മേഖലയുടെ കൈ പിടിച്ചത് നടത്തിയവരിൽ ഒരാളാണ് ശിവ് നഡ്ഡാർ. 1976ൽ അഞ്ചു സുഹൃത്തുക്കൾക്കൊപ്പം ഒരു ഗാരേജിൽ കാൽക്കുലേറ്ററുകളും മൈക്രോപ്രോസസറും നിർമിച്ചായിരുന്നു എച്ച്‌സിഎല്ലിന്റെ തുടക്കം. നഡ്ഡാറിന്റെ ഇപ്പോഴത്തെ ആസ്തി 29.3 ബില്യണാണ്.
സാവിത്രി ജിൻഡാൽ (Savitri Jindal)
ധനികരായ ഇന്ത്യക്കാരിൽ നാലാം സ്ഥാനത്ത് സാവിത്രി ജിൻഡാലാണ്, ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ അത്താണി. ബിസിനസിലും രാഷ്ട്രീയത്തിലും ഒരേ പോലെ വിജയം കൈവരിച്ച ‘സ്റ്റീൽ വനിത’. 2005ൽ ഭർത്താവ് ഒപി ജിൻഡാലിന്റെ മരണത്തോടെയാണ് സാവിത്രി ബിസിനസ് ലോകത്തേക്ക് എത്തുന്നത്. പിന്നാലെ രാഷ്ട്രീയത്തിലുമെത്തി. നിലവിലെ ആസ്തി 24 ബില്യൺ ഡോളറാണ്. 2022-ൽ ആറാം സ്ഥാനത്തായിരുന്ന സാവിത്രി ഒറ്റ വർഷം കൊണ്ടാണ് നാലാം സ്ഥാനത്തെത്തിയത്.
രാധാകിഷൻ ദമനി (Radhakishan Damani)
അവന്യൂ സൂപ്പർമാർക്കറ്റ്‌സ് ലിമിറ്റഡിന്റെ രാധാകിഷൻ എസ്. ദമനി ഇന്ത്യൻ കോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. നിക്ഷേപകനും, ബിസിനസ്‌പേഴ്‌സണുമാണ് രാധാകൃഷ്ണ ദമനി. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ദമനിയുടെ സ്ഥാനം ഇത്തവണ അഞ്ചിൽ ഒതുങ്ങി. 27.6 ബില്യൺ ഡോളറിൽ നിന്നാണ് രാധകൃഷ്ണ ദമനിയുടെ ആസ്തി 23 ബില്യൺ ഡോളറിലേക്ക് എത്തിയത്.
സൈറസ് പൂനവല്ല (Cyrus Poonawalla)
സൈറസ് പൂനവല്ല ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈറസ് എസ്. പൂനവല്ലയ്ക്കാണ് ഇന്ത്യൻ കോടീശ്വരന്മാരിൽ ആറാം സ്ഥാനം. ബയോടെക് കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) സൈറസ് ഗ്രൂപ്പിന്റെയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. 20.7 ബില്യൺ ഡോളറിന്റെ ആസ്തിയുമായാണ് സൈറസ് പൂനവല്ല ആറാം സ്ഥാനത്തെത്തിയത്. കഴിഞ്ഞവർഷം 21.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി നാലാം സ്ഥാനത്തായിരുന്നു സൈറസ് പൂനവല്ല.
ഹിന്ദുജ ഫാമിലി (Hinduja Family)
കേബിൽ ടെലിവിഷൻ, ബാങ്കിങ്, ട്രക്ക്, ലൂബ്രിക്കന്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ സാമ്രാജ്യം. 20 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ഹിന്ദുജ ഫാമിലി ഏഴാം സ്ഥാനത്താണ് ഫോബ്‌സ് പട്ടികയിൽ. ഏഴ് ബിസിനസ് സെക്ടറുകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഹിന്ദുജയ്ക്ക് കഴിഞ്ഞു. 1914ൽ പരമാന്ദ് ദീപ്ചന്ദ് ആണ് ഹിന്ദുജ ഗ്രൂപ്പ് ആരംഭിക്കുന്നത്. 15.2 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഹിന്ദുജ എട്ടാം സ്ഥാനത്തായിരുന്നു. സഹോദരങ്ങളായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് ഹിന്ദുജ ഗ്രൂപ്പിനെ നയിക്കുന്നത്.
ദിലീപ് ഷാങ് വി (Dilip Shanghvi)
സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ദിലീപ് ഷാങ് വിയാണ് ഇത്തവണ ഫോബ്‌സ് പട്ടികയിൽ എട്ടാം സ്ഥാനക്കാരൻ. ഈ വർഷം ദിലീപ് ഷാങ് വിയുടെ ആസ്തി 19 ബില്യൺ ഡോളറാണ്. 2016ൽ കേന്ദ്ര സർക്കാർ പദ്മ വിഭൂഷൺ നൽകി ഷാങ്് വിയെ ആദരിച്ചിരുന്നു. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു ഷാങ് വി
കുമാർ ബിർള (Kumar Birla)
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർളയ്ക്ക് ഇത്തവണ ഒമ്പതാം സ്ഥാനമാണ്. ബിർളയുടെ ആസ്തി 17.5 ബില്യൺ ഡോളറാണ്. 1995ൽ പിതാവ് ആദിത്യ ബിർഷ മരിച്ചതിന് പിന്നാലെയാണ് ബിർളാ ഗ്രൂപ്പിന്റെ സാരഥ്യം കുമാർ ഏറ്റെടുക്കുന്നത്. 28-ാം വയസ്സിൽ. 15 ബില്യണുമായി കഴിഞ്ഞ വർഷവും കുമാർ ഒമ്പതാം സ്ഥാനത്തായിരുന്നു.
ഷപൂർ മിസ്ത്രി ആൻഡ് ഫാമിലി (Shapoor Mistry & Family)
ഫോബ്‌സ് പുറത്തുവിട്ട കോടീശ്വരന്മാരായ ഇന്ത്യക്കാരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഷപൂർ മിസ്ത്രി ആൻഡ് ഫാമിലിയാണ്. 16.9 മില്യൺ ഡോളർ ആണ് മിസ്ത്രിയുടെ ആസ്തി. ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ തലവനാണ് ഷപൂർ മിസ്ത്രി. പിതാവ് പല്ലോൻജി മിസ്ത്രിയുടെയും സൈറസ് മിസ്ത്രിയുടെയും മരണത്തിന് ശേഷമാണ് 2022ൽ ഷപൂർ നേതൃത്വസ്ഥാനത്ത് എത്തുന്നത്.