ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസായ ‘നമോ ഭാരത്’ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്ലാഗ് ഓഫ് ചെയ്തു. നമോഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്ന  ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ പാതയും  ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2025 ൽ ഈ അതിവേഗ ഇടനാഴി പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.  വന്ദേ ഭാരത് ട്രെയിനുകളെക്കാൾ വേഗതയിൽ ഈ ട്രെയിനുകൾ ആധുനിക ഇടനാഴിയിലൂടെ കുതിക്കും.

180 kmph  വേഗതയെടുക്കാൻ സാധിക്കുന്ന പുതിയ റെയിൽ അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വൻസി കമ്മ്യൂട്ടർ ട്രാൻസിറ്റ് സംവിധാനമാണ് RRTS.

പ്രധാനമന്ത്രി മോദി ആദ്യ സർവീസ് നടത്തിയ ട്രയിനിൽ യാത്ര ചെയ്യുകയും , ട്രെയിനിലുണ്ടായിരുന്ന സ്കൂൾ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ആദ്യ നമോഭാരത് സർവീസിലെ ലോക്കോ  പൈലറ്റ് മുതലുള്ള ജീവനക്കാരെല്ലാം വനിതകളാണ്. ഇവരുമായും പ്രധാനമന്ത്രി സംവദിച്ചു.

 ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (RRTS)  തുടക്കം കുറിച്ച് കൊണ്ടുള്ള അതിവേഗ ട്രെയിൻ സർവീസാണ് ആരംഭിച്ചത്.  

“നമോ ഭാരത് ട്രെയിൻ ഇന്ത്യയിൽ നിർമ്മിച്ചതാണ്, ഭാവി ഇന്ത്യയുടെ നേർക്കാഴ്ചയാണ് നമോ ഭാരത്”; പ്രധാനമന്ത്രി പറഞ്ഞു.

 15 മിനിറ്റ് ഇടവിട്ടുള്ള അതിവേഗ ട്രെയിനുകളാണ്  ഈ ട്രാൻസിറ്റ് ഇടനാഴിയിൽ  സർവീസ് നടത്തുന്നത്.  ആകെ 82 കിലോ മീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ്  ആർആർടിഎസ് ഇടനാഴിയിൽ   നിർമ്മാണം പൂർത്തിയായ പാതയുടെ ദൂരം 17 കിലോ മീറ്ററാണ്. 2025 ജൂൺ മാസത്തോടെ ഡൽഹി-മീററ്റ് പാത പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. റാപ്പിഡ് എക്സ് എന്ന അതിവേഗ ട്രെയിനുകളുടെ പേര് നമോഭാരത് എന്നാക്കി മാറ്റുകയായിരുന്നു.

ആധുനിക സംവിധാനങ്ങളുള്ള നമോ ഭാരത്  

ആധുനികമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയ നമോ ഭാരത് ട്രെയിനുകൾ യാത്രക്കാർക്ക് പുതിയ അനുഭവമായിരിക്കും. സിസിടിവി ക്യാമറകൾ, എമർജൻസി ഡോർ സിസ്റ്റം, ഒരു സ്വിച്ച് അമർത്തിയാൽ ട്രെയിൻ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം എന്നിവയാണ് ട്രെയിനിലെ സുരക്ഷാ സന്നാഹങ്ങൾ. 160 കിലോ മീറ്റർ വരെ ഈ ട്രെയിനുകൾക്ക് വേഗത കൈവരിക്കാൻ സാധിക്കും. എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്രയും വേഗതയിൽ ട്രെയിൻ സർവീസ് നടത്തില്ല.

സാഹിബാബാദിനും ദുഹായ് ഡിപ്പോയ്ക്കും ഇടയിലുള്ള മുൻഗണനാ വിഭാഗത്തിൽ അഞ്ച് സ്റ്റേഷനുകളുണ്ട്- സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ.

ഓരോ സീറ്റിലും ഓവർഹെഡ് സ്‌റ്റോറേജ്, വൈ-ഫൈ, ചാർജിംഗ് ഓപ്‌ഷനുകൾ എന്നിങ്ങനെ സൗകര്യങ്ങൾക്ക് RRTS ട്രെയിനുകൾ മുൻഗണന നൽകുന്നു. മാത്രമല്ല, വിശാലമായ ഇരിപ്പിടങ്ങൾ, വിശാലമായ ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ എന്നിവയുള്ള പ്രീമിയം ക്ലാസ് ചെയറുകളും ഉണ്ട്.

സഹീബാബാദിൽ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാൻഡേർഡ് ക്ലാസിൽ 20 മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്ന് എൻസിആർടിസി അറിയിച്ചു. പ്രീമിയം ക്ലാസ് യാത്രയ്ക്ക് 100 രൂപ നൽകണം. 90 സെ.മി താഴെ വരെ ഉയരമുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യ യാത്രയാണ്.  പുതിയ ട്രെയിനുകൾ ശ്രദ്ധിച്ചു ഉപയോഗിക്കാനും, അവയിൽ ഒരു പോറൽ പോലും ഉണ്ടാകരുത് എന്ന് ഉറപ്പാക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.  

“നമോ ഭാരത് ട്രെയിനിന് ആധുനികതയും  അതിശയിപ്പിക്കുന്ന വേഗതയുമുണ്ട്. ഈ നമോ ഭാരത് ട്രെയിൻ പുതിയ ഇന്ത്യയുടെ പുതിയ യാത്രയെയും പുതിയ തീരുമാനങ്ങളെയും നിർവചിക്കുന്നു.  ട്രയിനിലെ ലോക്കോ പൈലറ്റ് മുതൽ മുഴുവൻ ജീവനക്കാരെല്ലാം സ്ത്രീകളാണ്. ഇന്ത്യയിൽ വളരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണിത്.

ഡൽഹി-മീററ്റ് 80 കിലോമീറ്റർ ദൂരം ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമോ ഭാരത് സംവിധാനം ഉണ്ടാക്കും. ഇത് തൊഴിലവസരങ്ങളും സൃഷ്ടിക്കും” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version