ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ പ്രസ്താവന നെറ്റിസൺസിനെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി കൂടുതൽ സമയം ജോലി ചെയ്യാൻ യുവത തയ്യാറാകണമെന്നാണ് നാരായണ മൂർത്തിയെ അനുകൂലിക്കുന്നവരുടെ വാദം. നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്താലേ മറ്റു രാജ്യങ്ങളുമായി മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നു വാദിക്കുന്നവരുമുണ്ട്.
70 മണിക്കൂർ ജോലി അടിമ പണിയാണെന്നും വികസിത രാജ്യങ്ങളെ പോലെ വർക്ക്-ലൈഫ് ബാലൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
അനുഭവത്തിൽ നിന്ന് പറഞ്ഞത്
നാരായണ മൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയ പ്രമുഖരിൽ ഒല (Ola) സഹസ്ഥാപകൻ ഭവിഷ് അഗർവാൾ,
ഇൻഫോസിസ് ബോർഡ് മുൻ അംഗം മോഹൻദാസ് പൈ, ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ തുടങ്ങിയവർ നാരായണ മൂർത്തിയെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂർത്തിയും നാരായണ മൂർത്തിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
നാരായണ മൂർത്തി ആഴ്ചയിൽ 80-90 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അതിൽ കുറഞ്ഞൊരു ജോലി സമയം അദ്ദേഹത്തിന് അറിയില്ലെന്നും സുധാ മൂർത്തി പറഞ്ഞു. കഠിനാധ്വാനത്തിൽ മൂർത്തി വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തു. ഓരോ വിഷയങ്ങളിൽ എല്ലാവർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളതെന്നും മൂർത്തി സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്നും സുധാമൂർത്തി.
രാജ്യം വികസിക്കണം
2047ഓടെ ഇന്ത്യയെ സാമ്പത്തിക സൂപ്പർ പവറാക്കാൻ നിലവിലെ ജോലി സംസ്കാരം മാറ്റണമെന്ന് സജ്ജൻ ജിൻഡാലും പറഞ്ഞു. ജോലിഭാരമായല്ല സമ്മർപ്പണമായാണ് കാണേണ്ടതെന്ന ജിൻഡാലിന്റെ പ്രസ്താവനയെ നിരവധി പേരാണ് അനുകൂലിച്ചത്.
ഫിൻടെക്ക് സ്ഥാപനമായ സിആർഇഡി (CRED) സ്ഥാപകൻ കുണാൽ ഷായും നാരായണ മൂർത്തിയെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ വികസിത രാജ്യമാകുന്നതിന് മുമ്പ് വികസിത രാജ്യങ്ങളിലേത് പോലുള്ള തൊഴിൽ സംസ്കാരം പ്രതീക്ഷിക്കരുത്. വർക്ക്-ലൈഫ് ബാലൻസ് രാജ്യത്തിന് നേട്ടമുണ്ടാക്കുകയില്ല. 9-9-6 ജോലി സമയം പിന്തുടരുന്ന ചൈന പോലുള്ള രാജ്യങ്ങളുടെ മുന്നേറ്റം നമ്മൾ കാണുന്നതാണെന്ന് കുണാൽ പറഞ്ഞു.
അമിതജോലി പ്രശ്നമാണ്
അമിത ജോലി യുവാക്കളിലുണ്ടാക്കുന്ന മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളിൽ വ്യാകുലത അറിയിച്ച് ഡോക്ടർമാർ അടക്കം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ യുവാക്കളിൽ വർധിച്ച് വരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് നിലവിലെ തൊഴിൽ സംസ്കാരം പ്രധാന കാരണമാണ്. തൊഴിൽ ഭാരം വർധിക്കുന്നത് യുവാക്കളിൽ ഹൃദ്രോഗം കൂടുന്നതിന് കാരണമാണെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല, ഇത്തരം തൊഴിൽ സംസ്കാരം സ്ത്രീകളെയായിരിക്കും കൂടുതൽ പ്രതികൂലമായി ബാധിക്കുകയെന്നും വാദങ്ങളുണ്ട്. വീട്ടിലും തൊഴിലിടത്തുമായി സ്ത്രീകൾ ചെയ്യുന്ന ജോലികൾ ആരും ഗൗനിക്കാറില്ല. അമിത ജോലിഭാരം പലപ്പോഴും സ്ത്രീകളെ ജോലി ഉപേക്ഷിക്കാനും പ്രേരിപ്പിക്കാറുണ്ട്.
The founder of Infosys Narayana Murthy has recently stated that India’s work culture must evolve and young people must be ready to work 70 hours a week. The statement ignited debates over social media in recent days. Many people have contributed their perspectives on the same. Notably, the proposal also found many takers in the likes of Ola Co-founder Bhavish Aggarwal, former board member of Infosys Mohandas Pai, Harsh Mariwala of Kaya Limited, Radhika Gupta and JSW Group chairman Sajjan Jindal.