വര്‍ഷം 2006… അണുകുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കുഞ്ഞന്‍ കാറുകള്‍ അഥവാ നാനോ കാറുകൾ! ടാറ്റ കണ്ട ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന്. നാനോ കാറുകള്‍ നിര്‍മിക്കാന്‍ ടാറ്റ പശ്ചിമ ബംഗാളിലെ സിംഗൂരിലേക്ക് പോയി. ടാറ്റയ്ക്ക് കാര്‍ നിര്‍മിക്കാന്‍ പശ്ചിമ ബംഗാളിലെ ഇടത് മുന്നണി സര്‍ക്കാര്‍ 1,000 ഏക്കറോളം ഭൂമിയാണ് അനുവദിച്ചത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ കൃഷി ഭൂമി തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടാറ്റയ്ക്കും സര്‍ക്കാരിനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളാണ് സിംഗൂരില്‍ ടാറ്റയും മമതയും എതിര്‍ചേരിയില്‍ നിന്നത്. ഇരുപക്ഷത്തും നഷ്ടമുണ്ടായി. ആ യുദ്ധം കഴിഞ്ഞ ദിവസത്തെ ആര്‍ബിട്രേഷണല്‍ ട്രിബ്യൂണലിന്റെ വിധിയോടെയാണ് അവസാനിച്ചത്. 765.78 കോടി രൂപയാണ് മമത സര്‍ക്കാര്‍ ടാറ്റയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്.
സിംഗൂരിലേക്ക് ടാറ്റ
ജോലിയും വ്യവസായവത്കരണവും! 2006ല്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് ഭരണം നേടികൊടുത്തത് ഈ രണ്ടു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ആ വര്‍ഷം മേയില്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നാനോ കാര്‍ നിര്‍മാണശാല പണിയാന്‍ ടാറ്റയ്ക്ക് 1,000 ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്തു. ഹൂഗ്ലിയിലെ സിംഗൂരില്‍ ടാറ്റ ഭൂമി ഏറ്റെടുത്ത് നിര്‍മാണ ശാലയുടെ പണിയും ആരംഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗം തകിടം മറിഞ്ഞു. തുടക്കത്തില്‍ സിപിഐ (എംഎല്‍), എസ്.യു.സി.ഐ.(സി) തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാര്‍ നിര്‍മാണത്തിന് ടാറ്റ ഷെഡ്ഡുകള്‍ പണിതുയര്‍ത്തുകയും ചെയ്തു.
2007ല്‍ ഇടതുമുന്നണിയെ വീഴിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ സമരപരിപാടികള്‍ സംഘടിപ്പിച്ചു, മമതാ ബാനര്‍ജി അനശ്ചിത കാല നിരാഹാര സത്യാഗ്രഹമിരുന്നു.
ഇതിനിടയില്‍ 2008ല്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സപോയില്‍ ടാറ്റ നാനോ കാറിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. എന്നാല്‍ അപ്പോഴെക്കും ഭൂമിയേറ്റെടുപ്പ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. ടാറ്റയുടെ ഭൂമിയേറ്റെടുപ്പും നന്ദിഗ്രാമും മമതാ ബാനര്‍ജി യുഗത്തിന് കൂടിയാണ് വഴിപാകിയത്. ഈ രണ്ടു ഭൂമിയേറ്റെടുപ്പിനെതിരെയും നടത്തിയ സമരങ്ങളാണ് മമതാ ബാനര്‍ജിയെ ബംഗാളിന്റെ ഗ്രാമീണ മനസില്‍ സ്ഥാനം നേടി കൊടുത്തത്. തുടര്‍ച്ചയായ സമരങ്ങളും എതിര്‍പ്പും കാരണം 2008ല്‍ ടാറ്റ മോട്ടോഴ്‌സ് സിംഗൂരിലെ നിര്‍മാണ ശാല ഉപേക്ഷിച്ച് അഹമ്മദാബാദിലെ സാനന്ദിലേക്ക് പോയി.
ഭരണത്തിലേക്ക് മമത
34 വര്‍ഷത്തെ ഇടതുഭരണത്തിന് തിരശ്ശീലയിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും 2011ല്‍ ബംഗാളില്‍ ഭരണം നേടികൊടുത്തത് നന്ദിഗ്രാമും സിംഗൂരുമാണ്. ഭരണമേറ്റെടുത്ത ശേഷം മമതാ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകരില്‍ നിന്ന് വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്ത 400 ഏക്കര്‍ മടക്കി നല്‍കാനുള്ള തീരുമാനമെടുത്തതാണ്. അതേ വര്‍ഷം സിംഗൂര്‍ ഭൂമി പുനരധിവാസ ബില്‍ പാസാക്കുകയും ചെയ്തു. വ്യവസായവത്കരണവും തൊഴിലും മമതാ ബാനര്‍ജിയും വാഗ്ദാനം ചെയ്‌തെങ്കിലും ടാറ്റയോട് ഒരു ദാക്ഷിണ്യവും കാണിച്ചില്ല.
എന്നാല്‍ എല്ലാം അവസാനിപ്പിക്കാന്‍ ടാറ്റ തയ്യാറായിരുന്നില്ല. 2011ല്‍ ആദ്യം കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അനുകൂല വിധി ലഭിച്ചില്ല. ആദ്യത്തെ കോടതി വിധികളെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു. 2016ല്‍ ഭൂമിയേറ്റെടുപ്പ് അസാധുവാണെന്ന് സുപ്രീം കോടതിയുടെ വിധിയും വന്നു. 12 ആഴ്ചയ്ക്കകം ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശവും നല്‍കി. സിംഗൂരിലെ ടാറ്റയുടെ പ്ലാന്റ് പൊളിക്കാന്‍ സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മമതാ ബാനര്‍ജി നേരിട്ട് ആവശ്യപ്പെട്ടു.
എന്നാല്‍ വീണ്ടും പൊരുതാനായിരുന്നു ടാറ്റയുടെ തീരുമാനം. സുപ്രീം കോടതി വിധി വന്നതിന് ശേഷം, പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടാറ്റ ആവശ്യപ്പെട്ടു. ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ടാറ്റയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആര്‍ബിട്രേഷണല്‍ ട്രിബ്യൂണലിന്റെ വിധി.
സാധാരണക്കാരായ ജനങ്ങളോട് രാഷ്ട്രീയ പാർട്ടികൾക്കും സർക്കാരുകൾക്കും കരുതലാകാം. പക്ഷെ അതിരുവിട്ട സമരങ്ങളും കോർപ്പറേറ്റ് വിരോധവും ആത്യന്തികമായി ജനാധിപത്യ സർക്കാരിന് നല്ലതല്ല എന്നതാണ് സിംഗൂരിലെ വിധി പറയുന്നത്.