ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കി കൊച്ചിന് ഷിപ്പ്യാർഡ്. പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയായ കൊച്ചിന് ഷിപ്പ്യാർഡിന്റെ ഓഹരിയിൽ കഴിഞ്ഞ ദിവസം 5% ആണ് വര്‍ധനവുണ്ടായത്. 2023-24 നടപ്പു വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60% വളര്‍ച്ച നേടാനും കൊച്ചിന് ഷിപ്പ്യാർഡിന് സാധിച്ചിരുന്നു.
സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുമെന്നും സെപ്റ്റംബര്‍ പാദവിഹിതത്തോടൊപ്പം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചതോടെയാണ് ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.
റേറ്റിംഗ് കൂടി
പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡൊമസ്റ്റിക് ബ്രോക്കറേജ് സ്ഥാപനമായ കൊഡാക്ക് ഇന്‍സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി കൊച്ചിന് ഷിപ്പ്യാർഡിന്റെ റേറ്റിംഗ് ഉയര്‍ത്തി. കഴിഞ്ഞ നാല് വാണിജ്യ സെഷനുകളിലായി 13.5% ആണ് ഓഹരിയില്‍ വളര്‍ച്ചയുണ്ടാക്കാൻ സാധിച്ചത്.
181.5 കോടിയുടെ ലാഭമുണ്ടാക്കിയതായി കമ്പനി പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 61% വളര്‍ച്ചയാണ് ഇത്തവണ നേടിയത്. കഴിഞ്ഞ വര്‍ഷം 112 കോടിയായിരുന്നു ലാഭമുണ്ടാക്കിയത്. ത്രൈമാസ വരുമാനത്തിലും 48% വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചു. ഓപ്പറേറിംഗ് പ്രൊഫിറ്റിലും 41% വളര്‍ച്ചയുണ്ടായി. മറ്റു വരുമാന ഇനത്തില്‍ 87.56 കോടി രൂപയും നേടിയിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം 64% വളര്‍ച്ചയുണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്.
സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിച്ചു
സെപ്റ്റംബര്‍ പാദത്തിലെ ഫലത്തോടൊപ്പം കമ്പനി സ്റ്റോക്ക് സ്പ്ലിറ്റും ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചത് നേട്ടമായിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 8 രൂപയാണ് ലാഭവിഹിതം. കൂടാതെ 10 രൂപ വിലയുള്ള ഓഹരി വിഭജിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഡിസംബറിന് മുമ്പ് തന്നെ ലാഭവിഹിതം വിതരണം ചെയ്യുമെന്ന് കൊച്ചിന് ഷിപ്പ് യാര്‍ഡ് അറിയിച്ചിട്ടുണ്ട്.