ആറുമാസത്തിനുള്ളിൽ നേട്ടമുണ്ടാക്കി കൊച്ചി വാട്ടർ മെട്രോ. കൊച്ചിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവുണ്ടാക്കാനായി തുടങ്ങിയ വാട്ടർ മെട്രോ രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ സർവീസാണ്.
ഈ വർഷം ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ആരംഭിച്ച് ആറുമാസത്തിനുള്ളിൽ 10 ലക്ഷത്തോളം സഞ്ചാരികളാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു.
സഞ്ചാരികളെ ആകർഷിച്ച്
വിനോദസഞ്ചാരികളെ ആകർഷിക്കാനും മറ്റു യാത്രക്കാർക്കും വേണ്ടിയാണ് കൊച്ചി വാട്ടർ മെട്രോ ആരംഭിക്കുന്നത്. നവംബർ 17 വരെ 1,113,615 പേരാണ് വാട്ടർ മെട്രോ സർവീസ് ഉപയോഗപ്പെടുത്തിയത്. കൊച്ചിയുടെ സുസ്ഥിര വികസനത്തിന് വാട്ടർ മെട്രോ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
നിലവിൽ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. അധികം വൈകാതെ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനും കൊച്ചി വാട്ടർ മെട്രോ ആലോചിക്കുന്നുണ്ട്. നിലവിൽ 10 ദ്വീപുകളിൽ കൊച്ചി വാട്ടർ മെട്രോ എത്തുന്നുണ്ട്. 78 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുന്നത്.
15 പുതിയ റൂട്ടുകൾ
അധികം വൈകാതെ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനും കൊച്ചി വാട്ടർ മെട്രോ പദ്ധതിയിടുന്നുണ്ട്. 78 കിലോമീറ്ററെങ്കിലും ഇത്തരത്തിൽ സർവീസ് നടത്തും. അഞ്ച് പ്രധാന ടെർമിനലുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കുള്ളത്. വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി തുടങ്ങിയവയാണ് കൊച്ചി വാട്ടർ മെട്രോയുടെ പ്രധാന ടെർമിനലുകൾ. സംസ്ഥാന സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ പ്രവർത്തിക്കുന്നത്.സംസ്ഥാന സർക്കാരിന് 74% ഓഹരിയുണ്ട്. വാട്ടർ മെട്രോയുടെ 26% ഓഹരി കെഎംആർഎല്ലിനാണ്.
ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് അവാർഡ് ലഭിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ടെർമിനലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതും ഉൾപ്രദേശങ്ങളിലേക്ക് മികച്ച ബോട്ട് സർവീസ് നടത്താനായതും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
1,136 കോടി രൂപ ചെലവിൽ പണി പൂർത്തിയാക്കിയ കൊച്ചി വാട്ടർമെട്രോ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതി കൂടിയാണ്.