ഒരു മാസത്തിനിടെ സ്വർണത്തിന്റെ വിലയിൽ വീണ്ടും വൻ കുതിപ്പ്, ഇതോടെ സ്വർണം കൈവശമുള്ളവർക്ക് നേട്ടം ഇരട്ടിയാകുകയാണ്.‌ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരം ആരുടെയൊക്കെ പക്കലാണെന്നു ചോദിച്ചാൽ അത് ഏതാനും വ്യക്തികളുടെ കൈയിലല്ല എന്ന് ഉത്തരം നൽകേണ്ടി വരും. കാരണം വിവിധ ചെറു  രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളേക്കാൾ കൂടുതൽ സ്വർണ ശേഖരമുള്ളത് ഇവിടെ ഇന്ത്യയിലാണ്-അതും കേരളം ആസ്ഥാനമാക്കി സ്വർണ പണയത്തിൽ വായ്‌പ നൽകുന്ന മൂന്നു സ്ഥാപനങ്ങൾ.

മൂത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ കൈവശമാണ് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ളത്. ഈ മൂന്ന് പ്രമുഖ ധനകാര്യ കമ്പനികളുടെ കൈവശം 1.6 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 320 ടൺ സ്വർണത്തിന്റെ ശേഖരം നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇത് കൂടാതെ സംസ്ഥാനത്തെ പ്രമുഖ ബാങ്കുകളുടെ പക്കൽ 120 ടണ്ണിലധികം സ്വർണ ശേഖരമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

ഇന്നത്തെ കാലത്തു സ്വർണം വാങ്ങി വീട്ടിൽ വെറുതെ വയ്ക്കാൻ ആർക്കും ധൈര്യമില്ല. ധനകാര്യ സ്ഥാപനങ്ങളിൽ ആ സ്വർണം സുരക്ഷിതമായി വച്ച് അതിനെ വായ്‌പയാക്കി വിപണിയിലും, വ്യവസായത്തിലും അടക്കം നിക്ഷേപിക്കുകയാണ് കേരളം. സാധാരണ ജനം സ്വർണ പണയ വായ്‌പ എന്ന് പറയുമ്പോൾ സമ്പന്നർ അതിനെ സ്വർണ നിക്ഷേപം എന്ന് വിളിക്കും.

ലോകത്തെ ഭൗതികവസ്തുക്കളിൽ വിശ്വാസ്യതയിലും മൂല്യത്തിലും ഗുണത്തിലും ഇന്നുവരെ തുരുമ്പുപിടിക്കാത്ത ഒന്നേയുള്ളു , അതാണ് സ്വർണം. ഭാരതീയർക്ക് പ്രത്യേകിച്ചും മലയാളികൾക്ക്, കനകത്തോടുള്ള താത്പര്യം ശ്രദ്ധേയാണ്. കാലക്രമേണ സ്വർണ വിലയിൽ ഉണ്ടാകുന്ന വർധന അതിന്റെ മൂല്യം വർധിപ്പിക്കുന്നതല്ലാതെ മാറ്റ് കെടുത്തുന്നില്ല എന്നതാണ് ആകർഷകം.  

എന്ത് കൊണ്ട് സ്വർണം?
വജ്രത്തിനും, രത്നകല്ലുകൾക്കും, വൈഡൂര്യത്തിനും, വിലപ്പെട്ട മുത്തുകൾക്കും ഒന്നും കിട്ടാത്ത പരിഗണന ധനകാര്യ സ്ഥാപനങ്ങളും, ഉപഭോക്താക്കളും എന്തുകൊണ്ടാണ് സ്വർണ്ണത്തിന് നൽകുന്നത്? കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പിനാണ് സാക്ഷ്യംവഹിച്ചത്. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിൽ തന്നെ 4,000 രൂപയിലധികം ചാഞ്ചാട്ടമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.  

കേരളത്തിന് അഭിമാനിക്കാം ഈ സ്വർണ ശേഖരത്തിൽ

കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ആസ്ഥാനമാക്കിയ ധനകാര്യ കമ്പനികളുടെ സ്വർണ ശേഖരം 190 ടണ്ണിൽ നിന്ന് 320 ടണ്ണായാണ് കുത്തനെ ഉയർന്നത്. സ്വർണ വിലയിലുണ്ടായ കുതിപ്പും ഉത്തരേന്ത്യൻ വിപണിയിൽ അതിവേഗം പണയ വായ്‌പാ ബിസിനസ് വിപുലീകരിക്കുന്നതുമാണ് ഈ കമ്പനികൾക്ക് നേട്ടമായത്.

മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സഥാപനമായ മൂത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ള സ്വർണ ശേഖരം ഔദ്യോഗിക കണക്കുകളനുസരിച്ച് സെപ്റ്റംബർ കാലയളവിൽ 200 ടൺ കവിഞ്ഞു.

മണപ്പുറം ഫിനാൻസിന്റെ കൈവശം 65 ടൺ സ്വർണ ശേഖരമാണുള്ളത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മുത്തൂറ്റ് ഫിൻകോർപ്പിന്റെ പക്കൽ 55 ടണ്ണിനടുത്ത് സ്വർണം ശേഖരമായുണ്ട്.

ഇന്തോനേഷ്യ, ചെക്ക് റിപ്പബ്ളിക്ക് , ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ കൂടുതൽ സ്വർണമാണ്
കേരളത്തിലെ ധനകാര്യ കമ്പനികളുടെ കൈവശമുള്ളത്.

രാജ്യത്തെ മൊത്തം സ്വർണ പണയ വ്യാപാര വിപണിയുടെ മുപ്പത് ശതമാനത്തിലധികം വിഹിതം ഈ കമ്പനികൾക്കാണ്. സംസ്ഥാനത്തെ പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സി. എസ്. ബി ബാങ്ക് എന്നിവയുടെ കൈവശം 120 ടണ്ണിലധികം സ്വർണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്.

സ്വർണ വായ്പ കുതിപ്പിൽ നേട്ടം

നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ അതിവേഗം ഉപഭോക്താക്കൾക്ക് പരമാവധി വായ്പ ലഭ്യമാക്കുന്നതാണ് കേരളത്തിൽ നിന്നുള്ള സ്വർണ പണയ സ്ഥാപനങ്ങൾക്ക് രാജ്യമൊട്ടാകെ മികച്ച വളർച്ച നൽകുന്നത്.

സുരക്ഷിത നിക്ഷേപമായ സ്വർണം ഈടായി സ്വീകരിച്ച് കാലതാമസമില്ലാതെ വായ്പ നൽകാൻ നിലവിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കഴിയുന്നുണ്ട്. നോട്ടീസ് പീരിഡിൽ വായ്പാതുക പലിശയടക്കം തിരിച്ചടച്ചില്ലെങ്കിൽ സ്വർണം സ്ഥാപനത്തിന്റെ നിക്ഷേപത്തിലേക്കു വകകൊള്ളിക്കും എന്നതും മറ്റൊരു നേട്ടമാണിവർക്ക്.

സ്വർണത്തിന്റെ മൂല്യത്തിന്റെ 70 ശതമാനത്തിലധികം വായ്പ ലഭിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ ഏറെ ആശ്രയിക്കുന്നതും ഈ മേഖലയെയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version