തിരുവനന്തപുരത്തെ പ്രധാന ഡിജിറ്റൽ ഹബ്ബായും സ്റ്റാർട്ടപ്പുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ച് കൊണ്ടായിരിക്കും ഇത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടി കൂടിയാണ് ഹഡിൽ ഗ്ലോബൽ.
രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യ റാങ്കിംഗിൽ കഴിഞ്ഞ മൂന്ന് വർഷവും സംസ്ഥാനത്തിനാണ് ഒന്നാംസ്ഥാനം. കോളേജുകൾക്കായി ഇന്നോവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റുകൾ, യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം, ഇൻകുബേഷൻ, ആക്സിലേറഷൻ പ്രോഗ്രാമുകൾ, കോർപ്പറേറ്റ് ഇന്നോവേഷൻ ശ്രമങ്ങൾ തുടങ്ങിയ സംരംഭങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കും
ചടങ്ങിൽ ബെൽജിയത്തിലെ ബ്രസൽസിലും ആസ്ട്രേലിയയിലും കെ.എസ്.യു.എമ്മിന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി. യൂറോപ്പിലെയും ആസ്ട്രേലിയയിലെയും ഉന്നത നിലവാരമുള്ള സാങ്കേതിക, ഗവേഷണ-വികസന എക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനും കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ബെൽജിയം അംബാസിഡർ ദിദിയർ വാൻഡർഹസെൽറ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിൻ ഗല്ലഗെർ എന്നിവർക്ക് KSUM സിഇഒ അനൂപ് അംബിക ധാരണാപത്രം കൈമാറി.
ഇന്നോവേറ്റീവ് സ്റ്റാളുകൾ
വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ലൈഫ് സയൻസ്, സ്പേസ് ടെക്, ഇ-ഗവേണൻസ്, ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത് ടെക്, എജ്യുടെക്, അഗ്രി ടെക്, ഐഒടി, സോഫ്റ്റ് വെയർ ആൻഡ് സർവീസ്, ഹെൽത്ത് ടെക് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആധുനിക ഉത്പന്നങ്ങളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 5,000 ഓളം സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഗവൺമെന്റ് പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. 18 വരെയാണ് സമ്മേളനം.
ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഹൗസിംഗ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാൾ IAS അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂർ എംപി, എസ്ബിഐ ട്രാൻസാക്ഷൻ ബാങ്കിംഗ് ആൻഡ് ന്യൂ ഇനിഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ റാണ അശുതോഷ് കുമാർ സിംഗ്, KSUM ഓപ്പറേറ്റിംഗ് ഓഫീസർ ടോം തോമസ് എന്നിവർ പങ്കെടുത്തു. ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ നൂറിലധികം പുതിയ കമ്പനികൾ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. ലീഡർഷിപ്പ് ടോക്സ്, ടെക് ടോക്സ്, അന്താരാഷ്ട്ര എംബസികൾ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകൾ, കോർപ്പറേറ്റുകൾ എന്നിവരുമായി പാനൽ ചർച്ചകളുണ്ടായിരിക്കും.
സ്റ്റാർട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാർട്ട്, ടൈ കേരള, ജിടെക്, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, ടെക്നോപാർക്ക് ടുഡേ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹഡിൽ ഗ്ലോബൽ സംഘടിപ്പിക്കുന്നത്. 5000 അധികം സ്റ്റാർട്ടപ്പുകൾ, 400 എച്ച്എൻഐകൾ, 300 മെന്റർമാർ, 200 കോർപ്പറേറ്റുകൾ, 150 നിക്ഷേപകർ, പ്രഭാഷകർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്
Inaugurating India’s largest beachside startup conclave, Huddle Global 2023, Chief Minister Pinarayi Vijayan announced the ambitious transformation of Kerala’s capital into a major digital hub and a premier destination for startups. The event, organized by Kerala Startup Mission (KSUM), witnessed the exchange of Memoranda of Understanding (MoUs) with Belgium and Australia, further solidifying Kerala’s position in the global startup landscape.