വനിതകളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതാണോ ടെക്നോളജി? ടയർ-2, ടയർ-3 നഗരങ്ങളെ കേന്ദ്രീകരിച്ച് വനിതാ ടെക്കികൾക്കായിട്ടുള്ള അന്വേഷണത്തിലാണ് പല കമ്പനികളും. ഇൻഫോസിസ്, ലോവ്സ് ഇന്ത്യ, ആമസോൺ, സിസ്കോ, എബിബി ഇന്ത്യ, ബിടി ഗ്രൂപ്പ്, വീവർക്ക് ഇന്ത്യ, എച്ച്സിഎൽ ടെക്ക്, യൂബർ, ഫ്ലിപ്കാർട്ട് തുടങ്ങി പല കമ്പനികളും വനിതാ ടെക്കികൾക്കായി അവസരങ്ങൾ തുറന്നു കഴിഞ്ഞു.
AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ വനിതാ ടെക്കികളെ തൊഴിലിടങ്ങളിലേക്ക് മടക്കി കൊണ്ടുവരാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. റിക്രൂട്ട്മെന്റിൽ അനാവശ്യ ജെൻഡർ വിവേചനം ഒഴിവാക്കാൻ ടെക്കി കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. മെന്ററിംഗിനും കരിയർ വികാസത്തിനും വനിതാ ടെക്കികളെ തിരികെ കൊണ്ടുവരാനും മറ്റും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതാ അവസരങ്ങൾ


താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമൂഹിക-സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനായി ഫ്ലിപ്കാർട്ട്, ഡെൽ പോലുള്ള കമ്പനികൾ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥിനികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതി ഫ്ലിപ്കാർട്ട് ആവിഷ്കരിച്ചിട്ടുണ്ട്. ഗേൾസ് വാന കോഡ് (Girls Wanna Code) എന്ന് പേരിട്ട പദ്ധതി ടയർ-2, ടയർ-3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് കീഴിൽ ഓരോ തവണ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഡെൽ നടപ്പാക്കുന്ന ഡെൽ റെസിഡന്റ് പ്രോഗ്രാമും ടയർ-2, ടയർ-3 നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. സ്റ്റെം മേഖലയിൽ ബിരുദം എടുക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയാണ് കമ്പനി പദ്ധതി ആവിഷ്കരിച്ചത്. ഇത്തരക്കാർക്ക് 1 വർഷത്തേക്ക് തൊഴിൽ നൽകും. എച്ച്സിഎൽ ടെക്ക് ജെൻഡർ വൈവിധ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 29.2% ജെൻഡർ വൈവിധ്യം കൊണ്ടുവരാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. സ്റ്റെം മേഖലയിൽ വിജയം കൈവരിച്ച പെൺക്കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ഹാഷ്ടാഗ് ഷീ ദ ഫ്യൂച്ചർ (#SheTheFuture) കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. 2025ഓടെ 50% വനിതാ ജീവനക്കാരെ കൊണ്ടുവരാനാണ് അക്സെൻച്വർ (Accenture) ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് 3 ലക്ഷം വനിതകൾക്ക് ജോലി കൊടുക്കാൻ അക്സെൻച്വറിന് കഴിഞ്ഞിട്ടുണ്ട്.



ജോലിയിൽ നിന്ന് താത്കാലികമായി മാറി നിൽക്കേണ്ടി വന്ന സ്ത്രീകൾക്ക് പുതിയ അവസരം നൽകുകയാണ് യൂബർ ചെയ്യുന്നത്. ജോലിയിലേക്ക് മടങ്ങി വരാൻ യൂബർ വനിതാ ടെക്കികൾക്ക് അവസരം ഒരുക്കുന്നു. ഇതിനായി 2022ൽ യൂറിട്ടേൺ (Ureturn) എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. ടെക്ക് മേഖലയിൽ നേതൃപാടവത്തിനുള്ള നൈപുണ്യം വികസിപ്പിക്കുകയാണ് സിസ്കോ എൻജിനിയറിംഗ് ഇന്ത്യ ലീഡർഷിപ്പ് പരിപാടിയിലൂടെ.

പറഞ്ഞിരുന്നത് പല കാരണങ്ങൾ!
ടെക്നോളജി മേഖലയിൽ അധിക സമയം ജോലി ചെയ്യേണ്ടി വരും, അതുകൊണ്ട് ആ മേഖല സ്ത്രീകൾ തിരഞ്ഞെടുക്കാത്തതാണ് നല്ലത്, കുടുംബം നോക്കാൻ പറ്റില്ല… ടെക്കികളായ വനിതകൾക്ക് പലപ്പോഴായി കേൾക്കേണ്ടി വന്നിട്ടുള്ള ഉപദേശങ്ങളും കളിയാക്കലുകളും നിരവധിയാണ്. ജോലി സമയം പോലും ടെക്കി വനിതകളുടെ ജോലി കളയുന്ന ഘടകമാണ്. പലപ്പോഴും ജോലിയിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുമ്പോൾ കരിയർ ബ്രേക്ക് ഒരു വില്ലനാകും. വീടുനോക്കാനും കുട്ടികളെ നോക്കാനുമായി ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകൾ നിരവധി. സമൂഹം മാറി ചിന്തിച്ച് തുടങ്ങിയിട്ടില്ലെങ്കിലും കമ്പനികൾ മാറി ചിന്തിക്കുന്നു എന്നത് ശുഭകരമായ വാർത്തയാണ്. സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് വനിതാ ടെക്കികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത കമ്പനികൾ തിരിച്ചറിയുന്നുണ്ട്.

മടക്കി കൊണ്ടുവരാൻ കമ്പനികൾ
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2023ലെ ഗ്ലോബൽ ‍ജെൻഡർ ഗ്യാപ് റിപ്പോർട്ട് അനുസരിച്ച് സ്റ്റെം വർക്ക് ഫോഴ്സിൽ (STEM workforce) വനിതകളുടെ സാന്നിധ്യം 27% ആണ്. അതേസമയം നോൺ സ്റ്റെം വർക്ക് ഫോഴ്സിലിത് 32% ആണ്.
 സ്റ്റെം മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ സ്ഥാപനങ്ങൾ കൊണ്ടുവരുന്നത് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലും പ്രശ്നപരിഹാരത്തിലും സഹായിക്കുമെന്ന് തൊഴിൽദാതാക്കളും കരുതുന്നു. ബിസിനസിൽ വരുന്ന വെല്ലുവിളികൾ നേരിടാൻ വനിതകളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് HR വിദഗ്ധരും പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version