ദുബായി മെട്രോ ഇനി ഓടുക സൂര്യപ്രകാശം കൊണ്ട്! ദുബായ് മെട്രോയിലെ ജെബൽ അലി, അലി കുസൈസ് ഡിപോട്ടുകളിൽ സോളാർ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ദുബായി റോഡ് ഗതാഗത അതോറിറ്റി.
ദുബായ് സർക്കാരിന്റെ ഷാംസ് ദുബായ് പദ്ധതി, ദുബായ് ക്ലീൻ എനർജി നയം എന്നിവയുടെ ഭാഗമായാണ് മെട്രോ സർവീസിന് സൗരോർജം ഉപയോഗപ്പെടുത്താനുള്ള തീരുമാനം. 2024 ഓടെ മെട്രോ സ്റ്റേഷനിൽ സൗരോർജ പാനലുകൾ സ്ഥാപിക്കും. 9.959 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പാനലുകളായിരിക്കും ഇവിടെ സ്ഥാപിക്കുക.
2050ഓടെ രാജ്യം സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താൻ കൂടിയാണ് നീക്കം. വർഷങ്ങളായി ദുബായ് ആർടിഎ സീറോ എമിഷൻ ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുന്നുണ്ട്. പൊതുഗതാഗതം, കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സീറോ എമിഷൻ നടപ്പാക്കുന്നത്. അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് മെട്രോയിൽ സൗരോർജം പാനലുകൾ സ്ഥാപിക്കാൻ പോകുന്നത്.
പദ്ധതി രണ്ടുഘട്ടങ്ങളിൽ
രണ്ടുഘട്ടങ്ങളിലായാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ മെക്കാനിക്കൽ പ്രവർത്തനങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. മെട്രോയെ താങ്ങി നിർത്തുന്ന ഭാഗങ്ങൾ ഉയർത്തി ഇടയിൽ പിവി പാനലുകൾ സ്ഥാപിക്കും. ഇത് പൂർത്തിയായതിന് ശേഷം മാത്രമേ രണ്ടാം ഘട്ടം ആരംഭിക്കുകയുള്ളൂ. വൈദ്യുതി കടത്തിവിടാനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. വയറിംഗും സോളാർ എനർജി സിസ്റ്റത്തിൽ നിന്ന് വൈദ്യുതി കടത്തിവിടാനുള്ള കാര്യങ്ങളും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. 25-30 വർഷം ഉപയോഗിക്കാൻ പറ്റുന്ന സോളാർ പാനലുകളാണ് മെട്രോ സ്റ്റേഷനിൻ സ്ഥാപിക്കുന്നത്. ഇടയ്ക്കിടെ മാറ്റണമെന്ന പ്രശ്നം വരില്ലെന്ന് സാരം. ഇവയുടെ അറ്റകുറ്റ പണികൾക്ക് പ്രത്യേക സംഘം പ്രവർത്തിക്കും.
മെട്രോയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി വർഷത്തിൽ 3.962 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്ന് ആർടിഎ അവകാശപ്പെടുന്നു. ജെബൽ അലി മെട്രോ ഡിപ്പോയിൽ നിന്ന് 3.16 മെഗാവാട്ടും അൽ ക്വസിസിൽ നിന്ന് 3.80 മെഗാവാട്ടും അൽ സഫൗ ട്രാം ഡിപ്പോയിൽ നിന്ന് 2.99 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പറ്റുമെന്നാണ് കണക്കു കൂട്ടുന്നത്. ആർടിഎ വിഭാഗത്തിന്റെ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ പ്രചാരം ലഭിച്ചിരുന്നു. എംഇപി മിഡിൽ ഈസ്റ്റ് അവാർഡിന് പദ്ധതി പരിഗണിച്ചിരുന്നു.