ബംഗാളിൽ വമ്പൻ നിക്ഷേപവുമായി മുന്നോട്ടു പോകുകയാണ് മുകേഷ് അംബാനി തന്റെ റിലയൻസിലൂടെ. പശ്ചിമ ബംഗാളിൽ റിലയൻസ് ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപം ഇതുവരെ നടത്തിയിട്ടുണ്ട്. അടുത്ത 3 വർഷത്തിനുള്ളിൽ 20,000 കോടി രൂപ കൂടി സംസ്ഥാനത്ത് നിക്ഷേപിക്കാൻ റിലയൻസ് പദ്ധതിയിടുന്നു. ബംഗാളിലെ ഡിജിറ്റൽ ലൈഫ് സൊല്യൂഷൻസ്, റീട്ടെയിൽ, ബയോ എനർജി എന്നീ മൂന്ന് മേഖലകളിലാണ് പുതിയ നിക്ഷേപം നടത്തുക.
ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി ഈ നിക്ഷേപ പ്രഖ്യാപനം നടത്തിയത്.
കൊൽക്കത്തയിലെ ഐതിഹാസികമായ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ചുമതല റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുക്കും.
പശ്ചിമബംഗാളിലെ അംബാനിയുടെ വിഷൻ
ജിയോ ഫൈബറിന്റെയും എയർ ഫൈബറിന്റെയും ദ്രുതഗതിയിലുള്ള റോളൗട്ടിലൂടെ പശ്ചിമ ബംഗാളിലെ എല്ലാ വീടും സ്മാർട്ട് ഹോം ആക്കി മാറ്റാനുള്ള തന്റെ കാഴ്ചപ്പാട് അംബാനി അവതരിപ്പിച്ചു.
ഇതോടെ, ബംഗാളിന് അതിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളും നവീകരിക്കാൻ കൃത്രിമബുദ്ധി, ക്ലൗഡ് കംപ്യൂട്ടിംഗ്, മറ്റ് വിനാശകരമായ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കാൻ കഴിയും. ഈ പരിവർത്തനം സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും തുറന്നുകൊടുക്കുമെന്ന് അംബാനി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് റിലയൻസ് റീട്ടെയിൽ അതിന്റെ സാനിധ്യം വർധിപ്പിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ റീട്ടെയിൽ സ്റ്റോറുകൾ 1,200 ആയി വികസിപ്പിക്കും. കമ്പനി നിലവിൽ ബംഗാളിൽ 20 ലക്ഷം ചതുരശ്ര അടി വെയർഹൗസുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
പശ്ചിമബംഗാളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ സ്ഥാപിക്കാനും റിലയൻസ് പദ്ധതിയിടുന്നുണ്ട്, ഇത് 5.5 ദശലക്ഷം ടൺ കാർഷിക അവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും ഉപയോഗിക്കും.
വൻതോതിൽ ഊർജ്ജ തോട്ടങ്ങൾ വളർത്താൻ കർഷകരെ റിലയൻസ് സഹായിക്കും. ഇത് ഏകദേശം 2 ദശലക്ഷം ടൺ കാർബൺ ഉദ്വമനം ലഘൂകരിക്കാനും പ്രതിവർഷം 2.5 ദശലക്ഷം ടൺ ജൈവവളം ഉത്പാദിപ്പിക്കാനും സഹായിക്കും.
ബംഗാളിനെ പ്രകീർത്തിച്ചു അംബാനി
“2030-ഓടെ 10 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കും.
ബംഗാൾ ഇപ്പോൾ വളരെ ചടുലവുമാണ്,
ബംഗാൾ സമീപഭാവിയിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകാൻ സാധ്യതയുണ്ട്. സമൃദ്ധമായ ബംഗാൾ വീണ്ടും തെക്ക്-കിഴക്കൻ, വിദൂര-കിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറും. സിംഗപ്പൂർ, കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വളർച്ചാ സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഏഷ്യൻ കടുവകളായി കണക്കാക്കപ്പെടുന്നു. നിർഭയരായ റോയൽ ബംഗാൾ കടുവ ഒരിക്കൽ എല്ലാ ഏഷ്യൻ കടുവകളെയും മറികടക്കും.” മുകേഷ് അംബാനി കൂട്ടിച്ചേർത്തു.