തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ കണ്ടെയ്നർ നീക്കം ശക്തിപ്പെടുത്താൻ ആറ് CRMG ക്രെയിനുകൾ കൂടി തുറമുഖത്തെത്തി. ഇത് തുറമുഖ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഷെൻ ഹുവ 24 എന്ന ചൈനീസ് കപ്പലിലാണ് ക്രെയിനുകൾ എത്തിയത്. തുറമുഖത്തിന്റെ പ്രവർത്തനത്തിനായി സ്ഥാപിക്കുന്നത് 24 CRMG ക്രെയിനുകളാണ്. കൂറ്റൻ ക്രൈനുകളുമായി വിഴിഞ്ഞത്തെത്തുന്ന മൂന്നാമത്തെ കപ്പലാണ് ഇത്.
നിലവിൽ പോർട്ടിൽ യാർഡ്, ഷിപ്പ്-ടു-ഷോർ (STS) ക്രെയിനുകൾ രണ്ട് വീതമുണ്ട്. ഷാങ്ഹായ് ഷെൻഹുവ പോർട്ട് മെഷിനറി കമ്പനിക്ക് മൊത്തം 24 CRMG ക്രെയിനുകൾക്ക് പോർട്ട് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 11 ക്രെയിനുകളും ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യാർഡ് ക്രെയിനുകൾ കാന്റിലിവർ റെയിൽ-മൌണ്ടഡ് ഗാൻട്രി (CRMG) ക്രെയിനുകളാണ്, കണ്ടെയ്നറുകൾ വേഗത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിനായി ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു. തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന യാർഡുകളിലെ കണ്ടെയ്നർ നീക്കത്തിന് ഈ ക്രെയിനുകൾ ഉപയോഗിക്കുന്നു.
Also Read
ഈ എസ്ടിഎസും യാർഡ് ക്രെയിനുകളും തുറമുഖത്തിന്റെ ഒരു ദശലക്ഷം (ഇരുപത് അടി തുല്യമായ യൂണിറ്റ്) TEU- എന്ന ആദ്യ ഘട്ട ശേഷിയിൽ നിന്നും 6.2 ദശലക്ഷം TEU-എന്ന തുറമുഖത്തിന്റെ ടാർഗെറ്റ് കപ്പാസിറ്റി കൈവരിക്കുന്നതിന് നിർണായകമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നതോടെ ഇന്ത്യയുടെ സമുദ്ര വ്യാപാരം വർദ്ധിപ്പിക്കുന്നതിലും ആഗോള സമുദ്ര കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ സുരക്ഷാ നടപടികളും കർശനമായി പാലിച്ചു ഈ ക്രെയിനുകൾ കപ്പലിൽ നിന്നും ഇറക്കി സ്ഥാപിക്കുന്നതിന് ഏകദേശം ഒരാഴ്ചയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാളേഷൻ പൂർത്തിയായാൽ അടുത്ത ആഴ്ച മുതൽ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കും.
2023 ഒക്ടോബർ രണ്ടാം വാരത്തിൽ തുറമുഖത്തേക്ക് എത്തിയ ആദ്യത്തെ കപ്പലായ Zhen Hua 15-ൽ രണ്ട് CRMG ക്രെയിനുകൾ എത്തിച്ചിരുന്നു. പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ്-ടു-ഷോർ (STS) ക്രെയിൻ Zhen Hua 29-ൽ എത്തിയതിനും പിന്നാലെയാണ് ഈ ഏറ്റവും പുതിയ ഡെലിവറി.
വിഴിഞ്ഞം രാജ്യാന്തര ട്രാൻസ്ഷിപ്പ്മെന്റ് ഡീപ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം കേരള സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്ന ഒരു വലിയ പദ്ധതിയായി മുന്നോട്ടു പോകുകയാണ്.
പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റിനും ഗേറ്റ്വേ കണ്ടെയ്നർ ബിസിനസ്സിനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന തുറമുഖത്ത് ഒരു ക്രൂയിസ് ടെർമിനൽ, ലിക്വിഡ് ബൾക്ക് ബെർത്ത്, അധിക ടെർമിനലുകൾക്കുള്ള സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. അദാനി പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (“DBFOT”) അടിസ്ഥാനത്തിൽ തുറമുഖം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.