ഇനി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവറിൻെറ ആവശ്യമില്ല. വണ്ടിയിലിരുന്ന് എവിടേക്കാണെന്ന് പറഞ്ഞാൽ എഐ ഓടിച്ചുകൊള്ളും. കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഷ് എഐ (Rosh AI) എന്ന സ്റ്റാർട്ടപ്പാണ് നിർമിത ബുദ്ധിയിൽ ഓടുന്ന വാഹനങ്ങൾക്ക് പിന്നിൽ. ഡ്രൈവറില്ലാ വാഹനങ്ങൾക്ക് (ഓട്ടോണോമസ് വെഹിക്കിൾ) നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചാണ് റോഷ് എഐ ഇത് സാധ്യമാക്കിയത്.
നിലവിൽ പല അന്താരാഷ്ട്ര ആഡംബര വാഹന നിർമാതാക്കൾക്കും ഡ്രൈവറില്ലാ എഐ സാങ്കേതിക വിദ്യ നൽകുന്നത് റോഷ് എഐയാണ്.
ഹരിയാനയിൽ നടന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്(അഡാസ്) ഷോയിൽ ഡ്രൈവറില്ലാ കാർ പ്രദർശിപ്പിച്ചിരിക്കുകയാണ് റോഷ് എഐ.
ഖനന കമ്പനികൾക്കും
റോബോട്ടിക്സ് വിദഗ്ധനായ തിരുവനന്തപുരം പേരൂർക്കട സ്വദേശി ഡോ. റോഷി ജോൺ ആണ് റോഷ് എഐയുടെ സ്ഥാപകൻ. തിരുച്ചിറപ്പള്ളി എൻഐടിയിൽ നിന്ന് റോബോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് 2021 ഹൈദരാബാദ് ആസ്ഥാനമായി റോഷ് എഐ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നത്. ഇൻഫോ പാർക്ക്, കേരള പൊലീസ് എന്നിവരുടെ പിന്തുണയുമുണ്ട്. മധുര സ്വദേശി രാജാറാം മൂർത്തി, കണ്ണൂരിൽ നിന്നുള്ള ലതീഷ് വാളാങ്കി എന്നിവരാണ് റോഷ് എഐയുടെ സഹസ്ഥാപകർ.
നാനോ കാറിൽ മാറ്റങ്ങൾ വരുത്തിയാണ് ഡോ. റോഷി ഇന്ത്യയിലെ ഡ്രൈവറില്ലാ കാർ വിപ്ലവത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ഇരുപത് വർഷമായി രാജ്യത്തെ ഹൈ ടെക്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, റീട്ടെയ്ൽ, ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് വേണ്ടി റോബോട്ടുകളെ ഡോ. റോഷി വികസിപ്പിക്കുന്നുണ്ട്. ഖനന കമ്പനികൾക്ക് ഡ്രൈവറില്ലാ എഐ വാഹനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമ്പനി പറയുന്നു.
അഡാസ് ഷോ
ഹരിയാനയിലെ ഗുരുഗ്രാമിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിലാണ് അഡാസ് ഷോ നടക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളും വളർച്ചയും അവതരിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകുന്നതാണ് ഷോ. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്.
The ADAS (Advanced Driver Assistance Systems) show in Kerala witnessed the debut of a driverless car from the innovative mind of a Malayali entrepreneur. Leading the startup is Dr. Roji K. Anthony, the founder of Rosh AI, an artificial intelligence firm operating from Kochi Infopark.