വോയ്സ് മെസേജുകൾക്കും വ്യൂ വൺസ് (ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന) ഫീച്ചർ ഏർപ്പെടുത്തി വാട്സാപ്പ്. ഇതോടെ വോയ്സ് മെസുകൾ ഒരുവട്ടം കേട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാകും. പുതിയ ഫീച്ചറും എൻഡ് ടു എൻഡ് പ്രോട്ടക്ഷനോടെയാണ് വരുന്നത്.
വൺ ടൈം (ഒറ്റ തവണ) ഐക്കണിൽ മാർക്ക് ചെയ്ത് വോയ്സ് മെസേജുകൾ അയക്കാം. ആളുകൾ ഒരുതവണ കേട്ട് കഴിഞ്ഞാൽ വോയ്സ് മെസേജുകൾ താനെ അപ്രത്യക്ഷമാകും.
സ്വകാര്യത സൂക്ഷിക്കാൻ
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ചോർന്നുപോകാതിരിക്കാൻ സംവിധാനം സഹായിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്.
2021ലാണ് വാട്സാപ്പ് ഫോട്ടോകൾക്കും വീഡിയോകൾക്കും വ്യൂ വൺസ് ഫീച്ചർ ഏർപ്പെടുത്തിയത്. വോയ്സ് മെസേജുകൾക്കും ഈ ഫീച്ചർ കൊണ്ടുവരണമെന്ന് ഉപഭോക്താകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വരും ദിവസങ്ങളിൽ വാട്സാപ്പിൽ പുതിയ ഫീച്ചറുകൾ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
വ്യൂ വൺസ് ഫോട്ടോ, വീഡിയോ, വോയ്സ് മെസേജ് എന്നിവ 14 ദിവസത്തിനുള്ളിൽ തുറന്നിട്ടില്ലെങ്കിൽ ചാറ്റിൽ നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടും. അതേസമയം ബാക്ക് അപ്പ് ചെയ്യുന്ന സമയത്ത് വ്യൂ വൺസ് വീഡിയോയും വോയ്സ് മെസേജും ഓപ്പൺ ചെയ്തിട്ടില്ലെങ്കിൽ റീസ്റ്റോർ ചെയ്യാൻ പറ്റും. ഒരിക്കൽ തുറന്നു കഴിഞ്ഞാൽ പക്ഷേ റീസ്റ്റോർ ചെയ്യാൻ സാധിക്കില്ല.