ഏഴുവർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യ. 25 ബില്യൺ ഡോളറിന് മുകളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് നേടാനായത് വെറും 7 ബില്യൺ ഡോളർ മാത്രം. 2016ന് ശേഷം ആദ്യമായാണ് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടുകൾ നേടുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രാക്സൻ (Tracxn) ആണ് ഡാറ്റ പുറത്തുവിട്ടത്.
ഈ വർഷം സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ 72% വളർച്ച മാത്രമാണ് ഇന്ത്യ കൈവരിച്ചത്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിന്റെ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് രാജ്യത്തെത്തിയത്.
നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 957 മില്യൺ ഡോളറാണ് സമാഹരിക്കാൻ സാധിച്ചത്. 2016ന് ശേഷം ആദ്യമായാണ് സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. വിവിധ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് റൗണ്ടുകളിലും കാര്യമായ തുക ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കെത്തിയിട്ടില്ല. ഏർലി സ്റ്റേജ് ഫണ്ടിംഗ് 70% ആയും സീഡ് ഫണ്ടിംഗ് 60% ആയും കുറഞ്ഞു.
കഴിഞ്ഞ വർഷം ടെക്ക് മേഖലയിൽ 55 ഫണ്ടിംഗ് റൗണ്ടുകൾ നടന്നിരുന്നെങ്കിൽ ഇത്തവണ അത് 17ലേക്ക് ചുരുങ്ങി. യുദ്ധം ഉൾപ്പെടെയുള്ള ജിയോപൊളിറ്റിക്കൽ സംഘർങ്ങളാണ് മാക്രോ ഇക്കണോമിക് പരിസ്ഥിതിയെ ബാധിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ഫണ്ടിംഗ് എത്തിയത് ഫിൻടെക്, റീടെയിൽ, എന്റർപ്രൈസ് ആപ്ലിക്കേഷൻ മേഖലയിലേക്കാണ്.
രണ്ട് യൂണികോണിലൊതുങ്ങി
2023 ഇന്ത്യയ്ക്ക് സമ്മാനിച്ചത് വെറും രണ്ട് യൂണികോണുകളെയാണ്. ക്വിക് കോമേഴ്സ് സ്റ്റാർട്ടപ്പായ സെപ്റ്റോയും ഇ-ലെണ്ടറായ ഇൻക്രഡും 1 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാക്കി യൂണികോണുകളായി. കഴിഞ്ഞ വർഷം 23 യൂണികോണുകളുണ്ടായ സ്ഥാനത്താണിത്.
അതേസമയം ഐപിഒകളുടെ കാര്യത്തിൽ കുറച്ച് കൂടി മെച്ചപ്പെട്ട നിലവാരം പുലർത്താൻ സാധിച്ചിട്ടുണ്ട്. ഇത്തവണ 18 ഐപിഒകളാണ് നടന്നത്. കഴിഞ്ഞ വർഷം 19 ഐപിഒകളും നടന്നു. ഇത്തവണ ഏറ്റവും കൂടുതൽ ഫണ്ടിംഗ് നേടിയ കമ്പനികൾ ലെൻസ്കാർട്ടും ഫോൺപേയും പെർഫിയോസും സെപ്റ്റോയുമാണ്.