ഹാർട്ട് കെയർ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ നടന്ന പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസ് കൊച്ചിക്ക് പുതിയ അനുഭവമായി. മുസിരിസ് സൈക്കിൾ ക്ലബ്ബ് അംഗങ്ങൾ എത്തിച്ച ദീപശിഖ ഏറ്റുവാങ്ങികൊണ്ട് മമ്മൂട്ടി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച 5 കിലോ മീറ്റർ റേസ് വാക്ക് കിഡ്നി ദാതാവും, പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്തു.
ട്രാൻസ്പ്ലാന്റ് ചെയ്തവരുടെയും, ദാതാക്കളുടെയും ഏറ്റവും വലിയ കൂട്ടായ്മ എന്ന വിഭാഗത്തിൽ ട്രാൻസ്പ്ലാന്റ് ഗെയിംസ് റെക്കോർഡും സ്വന്തമാക്കി.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും
11 മത്സരയിനങ്ങളിലായി 450 പേരാണ് മത്സരിച്ചത്. വൃക്ക ദാതാക്കളായ 29 പേരും കരൾ ദാതാക്കളായ 47 പേരും, വൃക്ക സ്വീകരിച്ച 130 പേരും കരൾ സ്വീകരിച്ച 111 പേരും ഹൃദയം സ്വീകരിച്ച 31 പേരുമാണ് ഗെയിംസിൽ പങ്കെടുത്തത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയേറെ ആളുകളെ പങ്കെടുപ്പിച്ച് ട്രാൻസ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 21 വയസിന് താഴെ, അമ്പത് വയസിന് താഴെ, അമ്പത് വയസിന് മുകളിൽ എന്നിങ്ങനെ ദാതാക്കൾക്കും, സ്വീകർത്താക്കൾക്കും പ്രത്യേകം വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്ത് പ്രമുഖർ
വ്യവസായ-നിയമ വകുപ്പു മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എംബി രാജേഷ്, സംവിധായകനും തിരക്കഥാകൃത്തുമായ മേജർ രവി, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ഗ്രേഷ്യസ്, ലിവർ ഫൗണ്ടേഷൻ സംസ്ഥാന ട്രഷറർ ബാബു കുരുവിള, ട്രസ്റ്റിമാരായ ഡോ ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജിയണൽ സ്പോർട്സ് സെന്റർ, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും സാധാരണ ജീവിതം നയിക്കാൻ പറ്റുമെന്ന് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗെയിംസ് സംഘടിപ്പിച്ചത്.