ചെറുപ്പകാലത്തു അച്ഛൻ ഒരു മദ്യ കമ്പനി ഏറ്റെടുക്കുന്നത് വരെ ലളിത് ഖൈതാൻ കടുത്ത മദ്യവിരോധിയായിരുന്നു. എന്നാൽ ആ നിലപാടുകളെ ബിസിനസ് ജീവിതം മാറ്റിമറിച്ചു. അങ്ങനെ ഇന്ത്യയിലെ മുൻനിര മദ്യവ്യവസായി ഡോ ലളിത് ഖൈതാനും ഫോർബ്സിന്റെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ഇത്തവണ ഇടം കണ്ടെത്തി. 380 മില്യൺ ഡോളർ വരുമാനമുള്ള റാഡിക്കോ ഖൈതാന്റെ Radico Khaitan ചെയർമാനാണ് 80-കാരനായ ലളിത് ഖൈതാൻ.
മദ്യവിപണിയിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച മുതലാക്കിക്കൊണ്ടാണ് ലളിത് ഖൈതാൻ ഫോർബ്സിന്റെ ഏറ്റവും പുതിയ ബില്യണയർ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചിരിക്കുന്നത്.
മാജിക് മൊമെന്റ്‌സ് വോഡ്ക, 8 PM വിസ്‌കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, ഹിമാലയത്തിന്റെ താഴ്‌വരകളിൽ നിർമിക്കുന്ന പ്രശസ്തമായ റാംപൂർ സിംഗിൾ മാൾട്ട് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ നിർമിത മദ്യ ബ്രാന്ഡുകളിലൂടെ ഏറെ പ്രശസ്തമായ കമ്പനിയാണ് റാഡിക്കോ ഖൈതാൻ.
പ്രീമിയം ബ്രാൻഡുകളുടെ ബാസ്‌ക്കറ്റ് വിപുലീകരിക്കാനുള്ള റാഡിക്കോ ഖൈതാന്റെ ദീർഘകാല തന്ത്രം ഫലം കാണുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ റീട്ടെയിൽ ബ്രോക്കറേജ് യൂണിറ്റായ ഷെയർഖാന്റെ ഡിസംബറിലെ ഗവേഷണ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 15 വർഷത്തിനിടെ റാഡിക്കോ ഖൈത്താൻ 15-ലധികം പുതിയ ബ്രാൻഡ് ലോഞ്ചുകൾ നടത്തി. ഉപഭോക്തൃ മുൻഗണന അടിസ്ഥാനമാക്കിയ ശക്തമായ ഒരു പ്രീമിയം ഉൽപ്പന്ന പോർട്ട്‌ഫോളിയോ കമ്പനി വിജയകരമായി നിർമ്മിച്ചു.
ലളിത് ഖൈതാന്റെ റാഡിക്കോ ഓഹരികൾ ഈ വർഷം 50 ശതമാനത്തിലധികം ഉയർന്നതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. റാഡിക്കോയിലെ 40% ഓഹരികൾ കൈവശമുള്ള ലളിത് ഖൈതാന്റെ ആസ്തി ഇപ്പോൾ 1 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്.
അജ്മീറിലെ മയോ കോളേജിലും കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലുമാണ് ഡോ.ഖൈതാൻ പഠനം പൂർത്തീകരിച്ചത്. ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ഹാർവാർഡിൽ മാനേജീരിയൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.
1972-ൽ,ഡോ ഖൈതാന്റെ പിതാവ്, ജിഎൻ ഖൈതാനാണ് രാംപൂർ ഡിസ്റ്റിലറി ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡ് ഏറ്റെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ കമ്പനിയെ അദ്ദേഹം ലാഭത്തിലാക്കുകയും റാഡിക്കോ ഖൈതാൻ എന്ന് പേര് മാറ്റുകയും ചെയ്തു. പിതാവ് രാംപൂർ ഡിസ്റ്റിലറി ബിസിനസ്സ് ഏറ്റെടുക്കുന്നത് വരെ ഒരു പൂർണ്ണ മദ്യവിരോധി കൂടിയായിരുന്നു അദ്ദേഹം.
ഷെയർഖാൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യയിലെ വിദേശ മദ്യ പ്രീമിയം സെഗ്‌മെന്റ് വില്പന ഇപ്പോൾ മൊത്തം വിൽപ്പനയുടെ മൂന്നിലൊന്ന് വരും, 2018 ൽ ഇത് 26% ആയി ഉയർന്നു. ഇന്ന് റാഡിക്കോ ഖൈതാൻ പ്രീമിയം സെഗ്മെന്റിലെ ഏറ്റവും വലിയ മദ്യ നിർമ്മാതാക്കളിൽ ഒരാളാണ്.
ലണ്ടൻ ആസ്ഥാനമായുള്ള ഡാറ്റാ ദാതാവായ ഐഡബ്ല്യുഎസ്ആർ പറയുന്നതനുസരിച്ച്, 2022-നും 2027-നും ഇടയിൽ ഇന്ത്യയിൽ വിൽക്കുന്ന മദ്യത്തിന്റെ അളവ് 4% വർദ്ധിക്കും, ഇത് ആഗോള ശരാശരിയേക്കാൾ നാലിരട്ടി കൂടുതലാണ്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വർദ്ധിച്ചുവരുന്ന അധ്വാനിക്കുന്ന ജനസംഖ്യയും മൂലം, ഇന്ത്യയിലെ മദ്യപാനീയങ്ങളുടെ വിൽപ്പന 2021 ലെ 52 ബില്യൺ ഡോളറിൽ നിന്ന് 2027 ആകുമ്പോഴേക്കും 64 ബില്യൺ ഡോളറിലെത്തുമെന്ന് വിപണി കണക്കുകൂട്ടുന്നു.