വാട്സാപ് അടക്കം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരാൾക്ക് തെറ്റായ സന്ദേശമോ, അല്ലെങ്കിൽ ആള് മാറിയുള്ള സന്ദേശങ്ങളോ അയച്ചാൽ അത് സുരക്ഷിതമായി ഡിലീറ്റ് ചെയ്യുവാൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്.
എന്നാൽ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റുഫോമുകളിൽ ഏറെ കരുതലോടെ സാമ്പത്തിക വിനിമയം നടത്തിയില്ലെങ്കിൽ അത് തിരികെ ലഭിക്കാൻ കടമ്പകൾ ഏറെ പ്രയാസകരമാണ്. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ തുടക്കത്തിൽ തന്നെ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ.
ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നവരുടെ മുൻകൂർ അനുമതി തേടി ഇടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന റാപ്പിഡ് അലർട്ട് സംവിധാനം (Rapid alert system) രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു. 5000 രൂപയ്ക്കു മുകളിലുള്ള വിനിമയങ്ങളിലാണ് ഇത് നടപ്പാക്കുക.
നിലവിലെ ഒരു UPI ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പുതിയ ഉപയോക്താക്കൾ, വ്യാപാരികൾ എന്നിവർക്കായി നടത്തുന്ന ഡിജിറ്റൽ പേയ്മെന്റുകളിൽ മാത്രമാണ് ഈ സുരക്ഷാ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഒരു വ്യക്തി 5000 രൂപയുടെ റിയൽ ടൈം പേയ്മെന്റ് യുപിഐ വഴി നടത്തുന്ന വേളയിൽ റാപ്പിഡ് അലർട്ട് സംവിധാനം വഴി അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ആകുന്നതിനു മുമ്പ് ഒരു വെരിഫിക്കേഷൻ സന്ദേശമോ, കോളോ ലഭിക്കും.
ഇതിലൂടെ ഉദ്ദേശിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്കു തുക വിനിമയത്തിനുള്ള കൺഫർമേഷൻ UPI പ്ലാറ്റ് ഫോം ഉറപ്പാക്കുകയാണ് ചെയുന്നത്.
ഇപ്പോൾത്തന്നെ പല ധനകാര്യ സ്ഥാപനങ്ങളും ഉയർന്ന മൂല്യമുള്ള വിനിമയങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അടുത്തിടെ, രണ്ട് യുപിഐ ഉപയോക്താക്കൾ തമ്മിൽ ആദ്യമായി പണമയയ്ക്കുമ്പോൾ ലഭിക്കേണ്ടയാൾക്ക് ആ തുക അക്കൗണ്ടിൽ എത്തുവാൻ നാല് മണിക്കൂർ സമയപരിധി ഏർപ്പെടുത്തിയിരുന്നു.
ഇതും വിനിമയങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഈ സംവിധാനം അസൗകര്യം സൃഷ്ടിക്കുന്നു എന്ന പരാതിയും ഉയർന്നു. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റിന്റെ വളർച്ചയെ ഈ സുരക്ഷാ സംവിധാനം നെഗറ്റീവായി ബാധിക്കാമെന്നും വിലയിരുത്തപ്പെട്ടു. അതിനേക്കാൾ ഏറെ ഫലപ്രദമാണ് പണം കൈമാറുന്നതിന് മുമ്പ് മുൻകൂട്ടി അനുവാദം ചോദിക്കുന്ന റാപ്പിഡ് അലർട്ട് സംവിധാനം.
മറ്റ് ചില രീതികളിലും ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രധന വകുപ്പ് സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി വഴി സംശയകരമായ കോളർ ലിസ്റ്റുകൾ ആക്ടിവേറ്റ് ചെയ്യുക, ഉപയോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്.