ഇന്ത്യാ  സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതായെത്തി കേരളം. ഇതിൽ രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 18 മുതൽ 21 വയസു പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. കമ്പ്യൂട്ടർ സ്കിൽസിൽ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തും, നഗരങ്ങളിൽ  തിരുവനന്തപുരം ഒന്നാം സ്ഥാനത്തുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിനോട് അനുബന്ധിച്ചു കാട്ടാക്കടയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. IT രംഗത്ത് കേരളം കൈവരിക്കുന്ന നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.  

സ്റ്റാർട്ടപ്പുകൾക്കായി കെ സ്പേസ്

കേരള സ്പേസ് അഥവാ കെ-സ്പേയ്സിനു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 241 കോടി രൂപ വരുന്ന പദ്ധതിയുടെ ഡിപിആർ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ കെ-സ്പേയ്സ് പ്രവർത്തനം ആരംഭിക്കും. രണ്ടുലക്ഷം സ്ക്വയർ ഫീറ്റിൽ നൂറിലധികം സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പ്രവർത്തിക്കാൻ ഇതു സൗകര്യമൊരുക്കും.
സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിൽ 15,000ത്തിലധികം സ്റ്റാർട്ടപ്പുകൾ മൂന്നുവർഷത്തിനുള്ളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചിയിൽ ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. പൂർണ്ണ തോതിൽ സജ്ജമാക്കുമ്പോൾ അത് ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കും. എയ്റോസ്പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് നടപടികൾ ആരംഭിച്ചു.

രണ്ടു ബില്യൺ യുഎസ് ഡോളറാണ്  ലക്ഷ്യമിടുന്ന ഐടി കയറ്റുമതി. രാജ്യത്ത് നിന്നുള്ള ഐ ടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം  പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിലെ ഐടി ഹ്യൂമൻ റിസോഴ്സ് മൂന്നു വർഷത്തിനുള്ളിൽ അതു മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം.

ഇലക്ട്രോണിക് ഹാർഡ്വെയർ ടെക്നോളജി ഹബ്, എമർജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കേരളത്തിൽ ഉയർന്ന തൊഴിൽ നൈപുണ്യം :  ഇന്ത്യാ സ്കിൽസ് റിപ്പോർട്ട്

ഐടി, കംപ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽനൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണികളിൽ  കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സർക്കാർ തലത്തിൽ മികച്ച പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നതെന്നും ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് പറയുന്നു.

സംസ്ഥാനത്തു ഐ ടി മേഖല കുതിക്കുന്നു

2016-നുശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2011-16 കാലയലളവിൽ 34,123 കോടി രൂപയുടെ ഐടി കയറ്റുമതിയാണു നടന്നതെങ്കിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 85,540 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 75 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് സൃഷ്ടിച്ചു. 575,000 ച.അടി ഉണ്ടായിരുന്ന ഐടി സ്പേയ്സ് 7,344,527 ച.അടിയായി വർദ്ധിച്ചു. ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640-ൽ നിന്നും 2022 ആയപ്പോൾ 1,106 ആയി.

സംസ്ഥാനത്ത് ഐ ടി മേഖലയിൽ 2011-16 കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങളുണ്ടായി. 2016-ൽ 78,068 പേരാണ് സർക്കാർ ഐ ടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നതെങ്കിൽ ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നു.

വൻകിട ഐ ടി കമ്പനികൾ കേരളത്തിലേക്ക്

കേരളത്തിൽ വൻകിട ഐടി കമ്പനികൾ നിക്ഷേപം നടത്തുകയാണ്. കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത്ആരംഭിച്ച ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ  ജോലി ചെയ്യുന്നു. വിപുലീകരണത്തിൻ്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിൻ്റെ ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഐടി സ്പേസ് നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും. ഇൻഫോപാർക്ക് കൊച്ചി മെട്രോ റെയിൽ കോമ്പൗണ്ടിൽ 500 ൽ അധികം പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന സ്പേയ്സ് നിർമ്മിക്കുകയാണ്.

കൊച്ചി ഇൻഫോപാർക്ക് സ്വന്തമായി ഒരു പുതിയ ബിൽഡിംഗ് നിർമ്മിക്കുകയാണ്. ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഈ സ്പേയ്സിൽ 1500ൽ അധികം ആളുകൾക്കാണ് തൊഴിൽ ലഭിക്കാൻ പോകുന്നത്. അമേരിക്കൻ ഓയിൽ ആൻ്റ് ഗ്യാസ് കമ്പനിയായ എൻ.ഒ.വി, ജർമ്മൻ ഐടി കമ്പനി അഡെസ്സൊ എന്നിവർ പുതുതായി കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു.

1.3 ലക്ഷം ചതുരശ്ര അടി വരുന്ന കാസ്പിയൻ ടെക് പാർക്കിൻ്റെ നിർമ്മാണം പൂർത്തിയായി. 1300 പേർക്ക് തൊഴിൽ ലഭ്യമാകും. കോഴിക്കോട് സൈബർ പാർക്കിൽ 4 ലക്ഷം ചതുരശ്ര അടിയുടെ ബിൽഡിങ്ങിൻ്റെ നിർമ്മാണം നടക്കുകയാണ്. 4000 തൊഴിലുകളാണ് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം ടെക്നോപാർക്കിൽ 30 ഏക്കറിൽ ആരംഭിക്കാൻ പോകുന്ന ക്വാഡ് പ്രോജക്റ്റിൽ 16.5 ലക്ഷം സ്ക്വയർ ഫീറ്റിൽ 15,000 ത്തിലധികം തൊഴിലാണ് പ്രതീക്ഷിക്കുന്നത്. ഫേസ് ഒന്നിൽ ബ്രിഗേഡ് ഗ്രൂപ്പ് ഐടി സ്പേസ് നിർമ്മാണം മുന്നോട്ടു കൊണ്ടുപോവുകയാണ്. രണ്ട് ലക്ഷം സ്ക്വയർഫീറ്റ് ആണ് അതുവഴി ചേർക്കപ്പെടുന്നത്. ടെക്നോപാർക്കിന്റെ ഫേസ് ത്രീയിൽ ടോറസ് നിർമ്മിക്കുന്നത് 10 ലക്ഷം സ്ക്വയർ ഫീറ്റാണ്. ഫേസ് ഫോറിൽ ടി സി എസ് 94 ഏക്കറിൽ 16 ലക്ഷം സ്ക്വയർ ഫീറ്റ് ആണ് നിർമ്മിക്കുന്നത്. ഫേസ് ഫോറിൽ തന്നെ സൺടെക് 3 ലക്ഷത്തിലധികം സ്ക്വയർ ഫീറ്റ് വരുന്ന ഐടി സ്പേയ്സ് നിർമ്മിക്കുന്നു.

തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ – എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെ 4 ഐടി ഇടനാഴികൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 25 ഏക്കറിലാണ് കണ്ണൂർ ഐടി പാർക്ക് വരുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. കൊല്ലം ഐടി പാർക്കിനുള്ള സ്ഥലം കണ്ടെത്തി. സ്ഥലം ഏറ്റെടുക്കുന്നതിനും പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്.

ഐടി മേഖലയുടെ വളർച്ചയ്ക്ക് അടിത്തറയാകുന്ന ജ്ഞാന സമൂഹമായി കേരളത്തെ വളർത്താനുള്ള ശ്രമവും ഇതിനു സമാന്തരമായി നടക്കുകയാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിലുമാണ് കെ-ഫോണിലൂടെ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്ട് സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രണ്ടു വർഷംമുമ്പ്‌ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും. ഇങ്ങനെ ആധുനിക വ്യവസായങ്ങളേയും പുതിയ തൊഴിൽ സാധ്യതകളേയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തു പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version