മലയാളികൾ നയിക്കുന്ന ഫിൻടെക്ക് കമ്പനിയായ ഓപ്പൺ ഫിനാൻഷ്യൽ സർവീസസസിന് (open.money) പേയ്മെന്റ് അഗ്രിഗേറ്റർ/പേയ്മെന്റ് ഗേറ്റ്വേ (PA/PG) സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകി റിസർവ് ബാങ്ക്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ലൈസൻസിന് 2022ൽ ആർബിഐ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
ബാങ്കുകളുമായി സഹകരിച്ച്, ബാങ്കിംഗ് ലൈസൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന നിയോ ബാങ്കാണ് ഓപ്പൺ. ചെറുകിട-ഇടതരം വ്യാപാര-വ്യവസായ സംരംഭങ്ങൾക്കാണ് ഓപ്പൺ നിയോ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത്. ചെറുകിട-ഇടതരം സംരംഭങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടമെന്ന് ഓപ്പണിന്റെ കോ-ഫൗണ്ടറും സിഇഒയുമായ അനീഷ് അച്യുതൻ പറഞ്ഞു. അടുത്തവർഷം ജനുവരിയിൽ തന്നെ പുതിയ സേവനങ്ങൾ അവതരിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.
ഇത് ആദ്യമായാണ് ആർബിഐ ഇന്ത്യയിൽ ഒരു നിയോ ബാങ്കിംഗ് സ്ഥാപനത്തിന് പേയ്മെൻ്റ് ഗേറ്റ്വേ സേവനം തുടങ്ങാൻ അംഗീകാരം നൽകുന്നത്. പേയ്മെന്റ് ഗേറ്റ്വേ പ്ലാറ്റ്ഫോം ആകുന്നതോടെ വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി പണം സ്വീകരിക്കാനുള്ള സൗകര്യം ഓപ്പണിൽ ലഭിക്കും. ഡിജിറ്റൽ യുഗത്തിന് യോജിക്കുന്ന വണ്ണം സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇതുവഴി ഓപ്പണിന് സാധിക്കും.
ഇൻസ്റ്റാമോജോ, റേസർ പേ, കാഷ് ഫ്രീ എന്നീ പ്ലാറ്റ്ഫോമുകൾ ഇത്തരം സേവനങ്ങൾ നൽകിയിരുന്നെങ്കിലും ആർബിഐ ഇത് നിയമവിധേയമാക്കുകയായിരുന്നു. സാമ്പത്തിക സേവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനുമാണ് ആർബിഐ നിലപാട് കടുപ്പിച്ചത്. റേസർ പേ, കാഷ് ഫ്രീ പേയ്മെന്റ്സ്, എൻകാഷ് എന്നിവയ്ക്കും ആർബിഐ അനുമതി ലഭിച്ചു.