വന്ദേഭാരത് യാത്രയ്ക്കിടെ പരിചയപ്പെട്ട നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വന്ദേ ഭാരത് യാത്രക്കിടെയാണ് കംപ്യൂട്ടർ പരിജ്ഞാനവും വീഡിയോ എഡിറ്റിംഗ് അഭിരുചിയുമുള്ള സ്കൂൾ വിദ്യാർത്ഥിയായ ശ്രീറാമിനെ മന്ത്രി പരിചയപ്പെടുന്നത്. തീവണ്ടി യാത്രയ്ക്കിടെ കണ്ടുമുട്ടിയ മന്ത്രി ലാപ്ടോപ്പിന്റെ കാര്യം ഓർത്തുവെച്ച് സമ്മാനമായി കൊടുത്തപ്പോൾ ശ്രീറാമിന് സ്വപ്ന സാക്ഷാത്കാരമായി.
ശ്രീറാമിന്റെ പിതാവ് സാജുവിന്റെ ഫോണിലേക്കാണ് മന്ത്രിയുടെ സമ്മാനമെത്തുമെന്ന സന്ദേശമെത്തുന്നത്. ഇതറിഞ്ഞപ്പോൾ സാജുവിനെ പോലെ തന്നെ സന്തോഷവും അത്ഭുതവുമായിരുന്നു ഭാര്യ അംബുജത്തിനും. പറഞ്ഞ പോലെ വ്യാഴാഴ്ച ശ്രീറാമിന്റെ കൈകളിലേക്ക് ലാപ്ടോപ്പെത്തി.
പരിചയപ്പെട്ടത് വന്ദേഭാരതിൽ
കോലഞ്ചേരി കടവൂർ ഗവ. യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ശ്രീറാം. ഡിസംബർ 2-ന് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് യാത്രയിലാണ് കംപ്യൂട്ടർ രംഗത്ത് അഭിരുചിയുള്ള ശ്രീറാമിനെയും ഫിസിക്സ് അധ്യാപികയായ അമ്മയെയും മന്ത്രി കണ്ടുമുട്ടുന്നത്. കൈയിലുള്ള ലാപ്ടോപ്പിൽ സ്വന്തമായി എഡിറ്റ് ചെയ്ത ഏതാനും വീഡിയോകൾ യാത്രയ്ക്കിടയിൽ ശ്രീറാം മന്ത്രിയെ കാണിച്ചിരുന്നു. ഗുഡ്ഗാവിലെ കംപ്യൂട്ടർ കമ്പനികൾ കാണുകയാണ് തന്റെ സ്വപ്നമെന്ന് മന്ത്രിയോട് സൂചിപ്പിക്കുകയും ചെയ്തു.
വീഡിയോ എഡിറ്റിംഗിലും കംപ്യൂട്ടർ മേഖലയിലും ശ്രീറാമിൻ്റെ അഭിരുചി മനസ്സിലാക്കിയ മന്ത്രി പുതിയൊരു ലാപ്ടോപ്പ് സമ്മാനിക്കുമെന്നും ശ്രീറാമിനും സഹപാഠികൾക്കും ടെക് കമ്പനികളിലേക്ക് ഒരു പഠന യാത്ര സംഘടിപ്പിക്കുമെന്നും അന്നു വാക്കു നൽകുകയും ചെയ്യും. അത് പാലിക്കുകയും ചെയ്തു. എറണാകുളം സി ഡാക്കിൽ നിന്നാണ് ശ്രീറാമിന്റെ കംപ്യൂട്ടർ എത്തിയത്.