പ്രകൃതി അനുഗ്രഹിച്ച മൂന്നാറിലാണ് വിഭിന്ന ശേഷിക്കാരുടെ ജീവിതം മാറ്റിമറിച്ച ടാറ്റയുടെ സൃഷ്ടിയുള്ളത്. ഈ ക്രിസ്തുമസ് കാലത്ത് ആ കഥ കേൾക്കാം.  

പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പാണ്, മൂന്നാറിൽ ഇതിലും തണുപ്പുണ്ടായിരിക്കും. തേയിലച്ചെടികളും സിൽവർ വുഡ് മരങ്ങളും ചേർന്ന് ‍ജലഛായച്ചിത്രങ്ങൾ അന്നും വരച്ചിരുന്നു. പക്ഷേ, ചായത്തോട്ടങ്ങൾ കടന്ന് പാടികളിലെത്തിയാൽ പലരുടെയും ജീവിതം കടുപ്പമേറിയതായിരുന്നു. പല പാടികളിലും ജനിതകവൈകല്യമുള്ള കുട്ടികൾ ജനിച്ചു. സ്വന്തമായി ഒന്നും ചെയ്യാൻ അറിയാത്ത മക്കളെ പാടിമുറികളിൽ പൂട്ടിയിട്ട് രക്ഷിതാക്കൾക്ക് പുലർച്ചെ തേയില നുള്ളാൻ പോകേണ്ടി വന്നു.

1989കളുടെ അവസാനം, മൂന്നാറിലെ തേയില പ്ലാന്റേഷനിലെ മാനേജർമാരുടെയും മറ്റും നേതൃത്വത്തിൽ പ്രദേശത്ത് ഒരു പഠനം നടന്നു. കുടുംബാംഗങ്ങൾക്കിടയിലെ വിവാഹങ്ങളാണ് കുട്ടികളിൽ ജനിതകപ്രശ്നങ്ങളായി പ്രതിഫലിച്ചതെന്ന് പഠനത്തിൽ കണ്ടെത്തി. ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വൈകീട്ട് മടങ്ങി വരുന്നത് വരെ കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു. ഇവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്നത്തെ ടാറ്റാ ടീ മാനേജർ തീരുമാനിച്ചു. വിഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മൂന്നാറിലെ ഒരു സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് അങ്ങനെയാണ്.

അവിടം കൊണ്ട് തീർന്നില്ല. ടാറ്റയുടെ പിന്തുണയോടെ 1991ൽ വെറും ആറുകുട്ടികളുമായി ഡെയർ  (Development Activities in Rehabilitative Education-DARE) സ്കൂൾ തുടങ്ങി.
ടാറ്റ സൺസിന്റെ മുൻ ഡയറക്ടർ അന്തരിച്ച ആർകെ കൃഷ്ണകുമാറിൻെറ ഭാര്യ രത്‌നാ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഡെയർ സ്കൂൾ സ്ഥാപിച്ചത്. വിഭിന്ന ശേഷിയുള്ള കുട്ടികൾ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാകുമെന്ന് കരുതിയിരുന്ന ഒരു കാലത്താണ് അവരെ സ്വയം പര്യാപ്തരാക്കുന്ന സ്വപ്നം രത്‌ന കാണുന്നത്.

ആ സ്വപ്നം നൂറുകണക്കിന് വിഭിന്നശേഷിക്കാരുടെ ജീവിതം എങ്ങനെ മാറ്റി മറിച്ചെന്ന് സൃഷ്ടി പറഞ്ഞുതരും. അതിന്റെ തുടക്കമായിരുന്നു ‍ഡെയർ സ്കൂൾ. ചായത്തോട്ടത്തിലെ സാധാരണക്കാരായ ആളുകളുടെ വിഭിന്നശേഷിക്കാരായ മക്കളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാൻ ആ തുടക്കത്തിനായി. ടാറ്റ ട്രസ്റ്റിന്റെയും ടാറ്റ കൺസ്യൂമർ പ്രൊഡക്ടിന്റെയും പിന്തുണയോടെയാണ് സൃഷ്ടി വിഭിന്ന ശേഷിക്കാരെ സഹായിക്കുന്നത്. നിലവിൽ സൃഷ്ടിക്ക് 6 യൂണിറ്റുകളുണ്ട്. ടീ പ്ലാന്റേഷനിലെയും മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 57 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 5-18 വയസ്സ് പ്രായമുള്ള വിഭിന്ന ശേഷിയുള്ള കുട്ടികളാണ് അവിടെ പഠിക്കുന്നത്. അവിടെ പ്രവേശനം ലഭിക്കാനുള്ള ഒരേയൊരു നിബന്ധന മൂന്നാറിലെ താമസക്കാരായിരിക്കണം എന്നത് മാത്രമാണ്.

ഡെയറിലെ പാഠങ്ങൾ പാഠപ്പുസ്തകങ്ങളിൽ നിന്ന് മാത്രമല്ല, ജീവിതത്തിൽ നിന്ന് കൂടിയാണ്. പാട്ട്, നൃത്തം, പാചകം എന്നിവയും ഡെയറിൽ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്.
18 വയസ്സു കഴിഞ്ഞാൽ ഈ കുട്ടികൾ എന്തു ചെയ്യുമെന്ന് രത്‌നാ

കൃഷ്ണകുമാറിന്റെ ചിന്തയാണ് ഇന്ന് സൃഷ്ടിയുടെ ഭാഗമായ അഞ്ച് യൂണിറ്റുകൾ. അതുല്യ പേപ്പർ ഫാക്ടറി, അരണ്യ നാച്ചുറൽ ഗാർമന്റ് ഡൈയിംഗ് യൂണിറ്റ്, വഡിക വെജിറ്റബിൾ-ഫ്രൂട്ട്-ഫ്ലവർ ഗാർഡൻ, നിസർഗ ജാം ആൻഡ് പ്രിസർവേറ്റീവ് യൂണിറ്റ്, ഡെയ്ലി ബേക്കറി എന്നിവയാണ് സൃഷ്ടിക്ക് കീഴിലുള്ള യൂണിറ്റുകൾ.

ഈ യൂണിറ്റുകളിലേക്ക് മാറാൻ 16 വയസ്സു മുതൽ കുട്ടികൾക്ക് പ്രീവോക്കേഷണൽ പരിശീലനം നൽകി തുടങ്ങും. പഠനം കഴിയുന്നതോടെ താത്പര്യമുള്ള യൂണിറ്റുകളിൽ ആറുമാസത്തെ പരിശീലനം. ഇപ്പോൾ ആറു യൂണിറ്റുകളിലായി 126 പേർ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും വിഭിന്ന ശേഷിക്കാർ. മറ്റേതൊരു ജോലിക്കും കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കുന്നു. പുറമേ ലഭിക്കുന്നതിനേക്കാൾ വരുമാനവും നേടാൻ സാധിക്കുന്നു.

എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ശമ്പളം നൽകുന്നത്. നേരിട്ട് ഓർഡർ സ്വീകരിച്ചും ഓൺലൈൻ വഴിയുമാണ് വിൽപ്പന.

ബേക്കറിയിൽ നിന്ന് നേരിട്ട്
സൃഷ്ടിയുടെ ഡെയ്ലി ബേക്കറിയിലെ നിന്ന് നല്ല ഉഗ്രൻ കേക്കുകളും മഫ്നുകളുമാണ് ഉണ്ടാക്കുന്നത്.

ഡെയ്ലി ബേക്കറിയിലെ ജീവനക്കാരെ ബേക്കിംഗ് പഠിപ്പിച്ചത് മുംബൈ താജ് ഹോട്ടലിലെ ഷെഫ് ആണ്. 2009ന് മുമ്പാണ് സൃഷ്ടിയുടെ മാനേജിംഗ് ട്രസ്റ്റി 5 പേരെ ബേക്കിംഗ് പഠിപ്പിക്കാൻ മുംബൈ താജിലേക്ക് കൊണ്ടുപോകുന്നത്. അവിടെ താമസിച്ച് ബേക്കിംഗ് പഠിച്ച അഞ്ചുപേരും തിരിച്ച് ബേക്കിംഗിൽ മാന്ത്രികത കാണിച്ചു. ക്രിസ്തുമസ് കാലത്ത് മൂന്നാറില എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും ഡെയ്ലി ബേക്കറിയിൽ നിന്നുള്ള കേക്കുകളെത്തും. ഈ ക്രിസ്തുമസിനും അങ്ങനെ തന്നെ.

പ്രകൃതിയുടെ നിറങ്ങൾ
സൃഷ്ടിയുടെ അരണ്യ നാച്ചുറൽ ഗാർമന്റ് ഡൈയിംഗ് യൂണിറ്റ് പേര് സൂചിപ്പിക്കുന്നത് പോലെ പ്രകൃതിയിൽ നിന്നാണ് തുണികളിൽ വർണങ്ങൾ ചാലിക്കുന്നത്. ഷിബോറി ടൈ ഡൈ ചെയ്ത വസ്ത്രങ്ങളാണ് അരണ്യ നിർമിക്കുന്നത്. 1993ൽ രത്‌നാ കൃഷ്ണകുമാർ ധാക്കയിൽ പോയാണ് ഈ രീതി പഠിച്ചെടുത്തത്.

അത് സൃഷ്ടിയിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 1996ൽ നാലു കുട്ടികളുമായി അരണ്യ പ്രവർത്തനം തുടങ്ങി.
സൃഷ്ടിയുടെ ഡൈയിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്ന മിക്കവരും വിദേശത്ത് പരിശീലനം നേടി. പൂങ്കനി, മുത്തുപേച്ചി, ജപമണി, ഭാനുമതി, മുത്തുകുമാരി, മുത്തുലക്ഷ്മി തുടങ്ങിയവരെല്ലാം അമേരിക്ക, ലണ്ടൻ, ജപ്പാൻ, പാരീസ്, മലേഷ്യ എന്നിവിടങ്ങളിൽ പരിശീലനം നേടി. മാരിഗോൾഡ്,  ചായ വെയസ്റ്റ്, കക്ക തുടങ്ങി പ്രകൃതി ദത്ത ചേരുവകളാണ് വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്.

മരംമുറിക്കാതെ പേപ്പർ
അതുല്യ പേപ്പർ യൂണിറ്റിലെ പേപ്പറുണ്ടാക്കുന്നതിന് ഒരു മരം പോലും മുറിക്കാറില്ല. ആനപിണ്ഡത്തിൽ നിന്നാണ് അതുല്യ പേപ്പർ യൂണിറ്റ് പേപ്പറുണ്ടാക്കുന്നത്. ആനപിണ്ഡവും തുണിമില്ലിൽ നിന്നും ചായ നിർമാണത്തിൽ നിന്നുമുള്ള വെയ്സ്റ്റും യൂക്കാലി ഇലകളുമാണ് ഇവിടെ പേപ്പറായി മാറുന്നത്.

പേപ്പർ ബാഗ്, എൻവലപ്പ്, റൈറ്റിംഗ് പാഡ്, ഫയലുകൾ എന്നിവയുടെ നിർമാണം പൂക്കളും ഇലകളും കൊണ്ടാണ്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള അലങ്കാര സാധനങ്ങളും ഇവിടെ ആവശ്യക്കാർ പറയുന്നതിനനസുരിച്ച് നിർമിച്ചു നൽകുന്നുണ്ട്.

വിഭിന്ന ശേഷിക്കാരായിട്ടുള്ള സൃഷ്ടിയിലെ പലയാളുകളും അവിടത്തെ യൂണിറ്റുകളിൽ നിന്നു തന്നെയാണ് ജീവിതപങ്കാളികളെ കണ്ടെത്തിയതെന്ന് ആറുവർഷത്തോളമായി സൃഷ്ടി വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജരായി പ്രവർത്തിക്കുന്ന സന്ധ്യ വേണു​ഗോപാൽ പറയുന്നു. പൂർണ ആരോ​ഗ്യവാന്മാരായ ഇവരുടെ കുട്ടികൾക്ക് സാധാരണ സ്കൂളുകളിലേക്ക് പോകാൻ ഡെയർ സ്കൂളിലെ അധ്യാപകർ പരിശീലനം നൽകുന്നു. രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞുമക്കളെ നോക്കാൻ ഏൽപ്പിക്കുന്നത് സൃഷ്ടിയുടെ ക്രഷിലാണ്.

വലിയ അളവിലല്ല സൃഷ്ടിയുടെ യൂണിറ്റുകളിൽ ഒന്നും ഉണ്ടാക്കുന്നത്. എന്നാൽ സൃഷ്ടിയിൽ നിന്ന് പുറത്ത് വരുന്ന എല്ലാ ഉത്പന്നങ്ങളിലും വിഭിന്നശേഷിയുള്ളവരായതിനാൽ സമൂഹം മാറ്റി നിർത്തുമായിരുന്ന ഒരു കൂട്ടം ആളുകളുടെ ജീവിത വിജയത്തിന്റെ കഥ പറയാനുണ്ടാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version